300 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച, മലയാളത്തിലെ ഏറ്റവും ക്ലാസ്സിക്കുകളുടെ പട്ടികയിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. സൈക്കോളജിക്കൽ ത്രില്ലർ ഴോണറിൽ കഥ പറഞ്ഞ സിനിമ പിന്നീട് തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മണിച്ചിത്രത്താഴിന്റെ റീമേക്കുകളിൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതെന്ന് പറയുകയാണ് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മണിച്ചിത്രത്താഴ് റീ റിലീസിന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാളം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം കന്നഡ പതിപ്പാണ്. മണിച്ചിത്രത്താഴിന്റെ എല്ലാ ഭാഷകളിലെയും റീമേക്കുകൾ സൂപ്പർഹിറ്റുകളാണ്. ഹിന്ദിയും തമിഴുമൊക്കെ സൂപ്പർഹിറ്റാണ്. പിന്നെ നമ്മൾ കാണുന്നത് പോലെയല്ല, ഓരോ ഭാഷകളിലെയും റീമേക്കുകൾ അതാത് ഭാഷകളിലെ പ്രേക്ഷകർക്ക് ഇഷ്ടമാകും. ഒരു കാര്യം മാത്രം പറയാം മറ്റാരേക്കാളും ടാലന്റഡ് എന്ന് പറയാൻ കഴിയുന്നത് ശോഭന തന്നെയാണ്,' എന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു.
എന്തുകൊണ്ട് മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്യുന്നു?; മറുപടിയുമായി സ്വർഗ്ഗചിത്ര അപ്പച്ചൻ31 വർഷങ്ങൾക്കിപ്പുറം മണിച്ചിത്രത്താഴ് തിയേറ്ററുകളിലേക്ക് എത്തുമ്പോൾ അതിന് പ്രധാന കാരണം അതിന്റെ പുതുമയാർന്ന ഇതിവൃത്തമാണ് എന്നാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നത്. 'മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്താൽ അത് ഓടുമെന്ന് എന്റെ പാർട്ണറായ സോമൻ പിള്ളയാണ് പറയുന്നത്. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അതിന് സമ്മതിച്ചത്. എന്നാൽ 4 കെ ആക്കി കണ്ട ശേഷം ഞാൻ അത്ഭുതപ്പെട്ടു. ഞാൻ പോലും ചിന്തിക്കാത്ത വിധം ഇത് നന്നായിരിക്കുന്നു. എത്രയോ തവണ കണ്ടിട്ടുണ്ടെങ്കിലും പോലും ഈ സിനിമ 4 കെയിൽ കണ്ടപ്പോൾ ഒരു പുതിയ സിനിമ പോലെ അനുഭവപ്പെട്ടു. ഇതിവൃത്തം ആണ് ഈ സിനിമയുടെ മേന്മ. ഇതിന്റെ ഇതിവൃത്തം എന്നും പുതുമയുള്ളതാണ്. മനുഷ്യ മനസ്സിന്റെ കഥയാണ്. മണിച്ചിത്രത്താഴിന്റെ കഥ ആയിരം വർഷം കഴിഞ്ഞാലും പുതുമയുള്ളതാണ്. അതിന് എങ്ങനെയാണ് മാറ്റം വരുത്തുക,' എന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു.