ജനപ്രിയചിത്രത്തിനുള്ള 2024ലെ അവാർഡ് ലഭിക്കാൻ ആടുജീവിതത്തിന് അർഹതയില്ലെന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ ബ്ലെസി. ടെക്നിക്കലി പറയുകയാണെങ്കില് അത് ശരിയല്ലേ എന്നാണ് ബ്ലെസി പ്രതികരിച്ചത്.
സംവിധായകന് ബൈജു കൊട്ടാരക്കരയാണ് ആടുജീവിതത്തിന് അവാർഡ് ലഭിച്ചതിനെ വിമർശിച്ച് രംഗത്തെത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബൈജു കൊട്ടാരക്കര ഇത്തരത്തിലൊരു പരാമർശം നടത്തിയത്. സിനിമ സെന്സര് ചെയ്ത കാലാവധി പ്രധാനമാണ്. 2024ലെ അവാർഡിന് പരിഗണിക്കേണ്ടത് 2023 ജനുവരി ഒന്ന് മുതല് ഡിസംബര് 31 വരെയുള്ള കാലയളവിനുള്ളില് റിലീസ് ചെയ്ത സിനിമയാകേണ്ടതുണ്ട് . ജനപ്രിയചിത്രത്തിനുള്ള അവാര്ഡ് കൊടുക്കേണ്ടതും അതേ മാനദണ്ഡങ്ങളോടെയാണ്. 2023 ഡിസംബര് 31 വരെ എന്ന കാലയളവില് റിലീസ് ചെയത ചിത്രങ്ങള്ക്ക് അവാര്ഡ് കൊടുക്കുമ്പോള് എങ്ങനെയാണ് 2024 മാര്ച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതത്തിന് ആ പുരസ്കാരം ലഭിക്കാന് യോഗ്യതയുണ്ടാവുക എന്നാണ് ബൈജു കൊട്ടാരക്കര ചോദിച്ചത്.
ബെജു കൊട്ടാരക്കരയുടെ ആരോപണത്തെക്കുറിച്ചുള്ള ബ്ലെസിയുടെ മറുപടി ഇങ്ങനെ. 'ഞാനും ഇപ്പറഞ്ഞ ആരോപണത്തെക്കുറിച്ച് കേട്ടിരുന്നു. ടെക്നിക്കലി പറയുകയാണെങ്കില് അത് ശരിയല്ലേ എന്നാണ് എന്റെയും അഭിപ്രായം. സിനിമ പുറത്തിറങ്ങിയത് 2024 മാര്ച്ചിലാണ്. ആരോപണമാണിതെന്ന് ഞാന് പറയില്ല. ആ തെറ്റിനെ ചൂണ്ടിക്കാണിച്ചു എന്നേ ഞാന് പറയൂ. ഇതേക്കുറിച്ച് തീരുമാനമെടുക്കേണ്ടത് അക്കാദമിയും സർക്കാരും ജൂറിയും ഒക്കെയാണ്. ഇതിനുള്ള മറുപടി എന്റെ ഭാഗത്തുനിന്ന് അല്ല ഉണ്ടാവേണ്ടത്. ടെക്നിക്കലി ബൈജു അത് പറയുമ്പോള് അത് ശരിയായിട്ടാണ് തോന്നുന്നത്. ഇതൊഴികെ മറ്റ് എട്ട് അവാര്ഡുകള് കൂടിയുള്ള സിനിമയാണ് ഇത്. എനിക്ക് 2005ല് തന്മാത്ര എന്ന ചിത്രത്തിന് ഏറ്റവും നല്ല സംവിധായകന്, തിരക്കഥാകൃത്ത്,നല്ല സിനിമ , നല്ല നടന് എന്നീ പുരസ്കാരങ്ങളൊക്കെ ലഭിച്ചിരുന്നു. ആ സിനിമ തന്നെയായിരുന്നു ഏറ്റവും നല്ല സിനിമയും. അതുകൊണ്ടൊക്കെത്തന്നെ ജൂറിയാണ് ഈ വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടതും. അവാര്ഡ് പിന്വലിച്ചാല് അതിന്റെ പേരില് ഒരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടാവുകയുമില്ല. ഇതുവരെ അവാര്ഡ് തന്നിട്ടില്ലല്ലോ. അവരുടെ തീരുമാനം എന്ത് തന്നെയായാലും അത് സ്വീകരിക്കും.
പൃഥ്വിരാജിന് അവാര്ഡ് കിട്ടിയതില് വിമര്ശിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, ചിലരുടെ ശരി മറ്റുചിലര്ക്ക് തെറ്റാവും ചിലരുടെ തെറ്റുകള് മറ്റ് പലരുടേയും ശരിയുമാവാം എന്നായിരുന്നു ബ്ലെസിയുടെ മറുപടി. വിമർശനത്തെ ആ രീതിയില് കണ്ടാല് മതി. സോഷ്യല് മീഡിയയിലൂടെ ആര്ക്കും എന്ത് അഭിപ്രായവും പറയാം. പ്രത്യേകിച്ച് വേറൊരാളെക്കുറിച്ച് . എന്നാലവര് സ്വന്തം കാര്യം പറയില്ല. അതില് വിഷമിക്കേണ്ട കാര്യമില്ല. ഭൂരിഭാഗം ആളുകളും സിനിമയെ പിന്തുണയ്ക്കുന്നവരാണ്. പൃഥിയുടെ അഭിനയത്തെ മികച്ചതായാണ് പരിഗണിക്കുന്നതും. ഞാന് അത് മാത്രമേ ചിന്തിക്കുന്നുള്ളൂ, ബ്ലെസി പറഞ്ഞു.
2024ലെ സംസ്ഥാന അവാര്ഡ് പ്രഖ്യാപ്പിച്ചപ്പോള് ബ്ലെസിയുടെ ആടുജീവിതത്തിന് ലഭിച്ചത് ഒന്പത് അവാര്ഡുകളാണ്. മികച്ച സംവിധായകന്, മികച്ച നടന്, ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മേക്കപ്പ് ആര്ട്ടിസ്റ്റ്, ശബ്ദ മിശ്രണം, നടന് ഗോകുലിന് ലഭിച്ച പ്രത്യേക ജൂറി പുരസ്കാരം, ഛായാഗ്രഹണം, പ്രോസസിംഗ് ലാബ് /കളറിങ് എന്നിവയാണ് ആടുജീവിതത്തിന് ലഭിച്ച പുരസ്കാരങ്ങള്.