പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് സംഘടിപ്പിച്ച അവാർഡ് ഷോയിൽ സ്റ്റേജിൽ ഒരുമിച്ച് എത്തി ടീം 'ആവേശ'വും 'വർഷങ്ങൾക്ക് ശേഷ'വും. പരിപാടിക്ക് മുന്നോടിയായി ഫഹദ് ഫാസിൽ, സജിൻ ഗോപു, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പെർഫോമൻസിന് മുൻപ് ഡയലോഗ് കേൾക്കുന്ന ചിത്രം അജു വർഗീസ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 'ആവേശ'ത്തിലെ രംഗയുടെയും അമ്പാന്റെയും വേഷത്തിലിരിക്കുന്ന ഫഹദിനെയും സജിൻ ഗോപുവിനെയും ചിത്രത്തിൽ കാണാനാകും. ഇന്നലെ അങ്കമാലിയിലെ അഡ്ലെക്സ് കൺവെൻഷനൽ സെന്ററിൽ വെച്ചാണ് അവാർഡ് ഷോ നടന്നത്.
അമ്മ ഷോയ്ക്ക് വേണ്ടി "ആവേശം" എന്ന തത്സമയ പ്രകടനത്തിനായി സ്റ്റേജിൽ പ്രവേശിക്കുന്നതിന് മുമ്പായി അവസാന നിമിഷ ബ്രഷ് അപ്പ് എന്ന ക്യാപ്ഷനോടെയാണ് അജു വർഗീസ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ഏപ്രിൽ 11 ന് വിഷു റിലീസ് ആയി ആണ് 'വർഷങ്ങൾക്ക് ശേഷ'വും 'ആവേശ'വും തിയറ്ററുകളിലെത്തിയത്. 'ആവേശ'ത്തിലെ ഫഹദിന്റെ രംഗ എന്ന കഥാപാത്രവും 'എടാ മോനെ' എന്ന ഡയലോഗും ട്രെൻഡിങ് ആയിരുന്നു. സജിൻ ഗോപു അവതരിപ്പിച്ച രംഗയുടെ കൂട്ടാളി അമ്പാനും ശ്രദ്ധിക്കപ്പെട്ടു. ചിത്രം 155 കോടിയാണ് 'ആവേശം' വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഫഹദിന്റെ ആദ്യ 100 കോടി ചിത്രമാണ് ആവേശം.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'വർഷങ്ങൾക്ക് ശേഷം' തിയറ്ററിൽ നല്ല പ്രതികരണം സ്വന്തമാക്കിയപ്പോൾ പ്രണവ് മോഹൻലാലിന്റെ വൃദ്ധനായ ഗെറ്റപ്പിന് സോഷ്യൽ മീഡിയയിൽ നിന്ന് ട്രോളുകളും നേരിട്ടു. 83 കോടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. കേരളത്തിൽ നിന്ന് 38. 70 കോടിയാണ് ചിത്രം നേടിയത്.
ഇന്നലെ അങ്കമാലിയിലെ അഡ്ലെക്സ് കൺവെൻഷനൽ സെന്ററിൽ വച്ചാണ് അവാർഡ് ഷോ അരങ്ങേറിയത്. അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ)യിൽ അംഗങ്ങളായ 80 ഓളം കലാകാരന്മാർ പരിപാടിയുടെ ഭാഗമായി. ആദ്യമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടി ആണിത്. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായവരുടെ പുനരധിവാസത്തിന് റവന്യൂ വരുമാനത്തിൻ്റെ ഒരു ഭാഗം നീക്കിവെക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നു.