ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'രായനി'ലൂടെ കോളിവുഡ് ബോക്സ്ഓഫീസിന് പുത്തനുണർവിലാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നു. ഇതോടെ 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി രായൻ മാറി. ഈ സന്തോഷത്തിൽ നിർമാതാക്കളായ സണ് പിക്ചേഴ്സ് രണ്ട് ചെക്കുകളാണ് ധനുഷിന് കൈമാറിയിരിക്കുന്നത്.
നിർമാതാവായ കലാനിധി മാരന് ചെക്ക് കൈമാറുന്ന ചിത്രം സണ് പിക്ച്ചേഴ്സ് സോഷ്യല് മീഡിയയില് പങ്കുവെച്ചു. രണ്ട് ചെക്കുകളില് ഒന്ന് നായകനും മറ്റൊന്ന് സംവിധായകനുമാണെന്ന് ഇതിനൊപ്പം കുറിച്ചിട്ടുണ്ട്.
നേരത്തെ, രജനികാന്ത് നായകനായെത്തിയ ജയിലറിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ സണ് പിക്ചേഴ്സ് അണിയറ പ്രവര്ത്തകര്ക്ക് നല്കിയ സമ്മാനങ്ങള് വാര്ത്തകളില് ഇടം നേടിയിരുന്നു. രജനികാന്ത്, സംവിധായകന് നെല്സണ് ദിലീപ് കുമാര്, സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര് എന്നിവര്ക്ക് കാറുകളായിരുന്നു സണ് പിക്ച്ചേഴ്സ് നല്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതികളെ ഗൗരവത്തോടെ സമീപിക്കണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരിMr. Kalanithi Maran congratulated @dhanushkraja for the grand success of #Raayan and presented 2 cheques to him - one for the hero and one for the director. pic.twitter.com/gp12Z8s6bl
— Sun Pictures (@sunpictures) August 22, 2024
ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം കൂടിയാണ് രായൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 75 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഒരു ധനുഷ് സിനിമ തമിഴ്നാട്ടിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. റിവഞ്ച് ആക്ഷൻ ഡ്രാമയായ രായൻ നിരൂപക പ്രശംസയും നേടിയിരുന്നു.
ചിത്രത്തിൽ ദുഷാര വിജയനാണ് നായികാപ്രാധാന്യമുള്ള വേഷത്തിലെത്തിയത്. മലയാളി നടി അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചിട്ടുണ്ട്. എസ് ജെ സൂര്യയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും രായന് റിലീസ് ചെയ്തിട്ടുണ്ട്.