'ഇപ്പോഴും വിട്ടുപോയി, ആരോടും പരിഭവമില്ല'; റീ റിലീസിലും വേണുഗോപാലിന്റെ പേരുവെക്കാതെ മണിച്ചിത്രത്താഴ്

മണിചിത്രത്താഴിൽ ഗാനം ആലപിച്ച ജി വേണുഗോപാലിന്റെ പേര് ടൈറ്റിൽ കാർഡിൽ കാണിക്കാതെയാണ് സിനിമ വീണ്ടും പ്രദർശനത്തിനെത്തിയിരിക്കുന്നത്

dot image

മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് ബോക്സ് ഓഫീസിൽ മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ 31 വര്ഷങ്ങള്ക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോഴും പഴയ തെറ്റ് തിരുത്തിയില്ല. മണിചിത്രത്താഴിൽ ഗാനം ആലപിച്ച ജി വേണുഗോപാലിന്റെ പേര് ടൈറ്റിൽ കാർഡിൽ കാണിക്കാതെയാണ് സിനിമ വീണ്ടും പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഇതിൽ ആരോടും പരിഭവവും പരാതിയും ഇല്ലെന്ന് പറഞ്ഞ് ഗായകൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണിപ്പോൾ.

'അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിൻ്റെ പുതിയ ഡിജിറ്റൽ പ്രിൻ്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എൻ്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിൻ്റിലും എൻ്റെ പേരില്ല. അതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബ്ബന്ധിക്കുന്നു.

തൽക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല. "ഓർമ്മച്ചെരാതുകൾ " എന്ന എൻ്റെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്ക്കുന്നു. എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. " അക്കുത്തിക്കുത്താനക്കൊമ്പിൽ " എന്നു തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ Dr. Sunny യുടെ രംഗപ്രവേശം ഇൻ്റർവെൽ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. സണ്ണി ഇൻ്റർവെല്ലിന് മുൻപ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈട്ടിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എൻ്റെ പേര് വിട്ടു പോകുന്നു. ഇപ്പൊഴും വിട്ടു പോയി. അത്രേയുള്ളൂ.

'ഇൻസ്പെക്ടർ ബൽറാം'; മമ്മൂട്ടിയുടെ 'ആവനാഴി' വീണ്ടും തിയേറ്ററുകളിലേക്ക്, റീ റിലീസ് പ്രഖ്യാപിച്ചു

മണിച്ചിത്രത്താഴിൻ്റെ സംഗീതവുമായി ബന്ധപ്പെട്ട ഓർമ്മകൾ നിരവധിയുണ്ട്. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആർട്ടിസ്റ്റുകള് ലീവ് സാംക്ഷൻ ചെയ്യേണ്ടത്. കമ്പോസിങ്ങിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണൻ ചേട്ടൻ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. " ഞാനൊരു ആയുർവ്വേദ ചികിത്സയ്ക്ക് പോകുന്നു. എനിക്കീ സിനിമയിൽ നിന്നൊന്ന് രക്ഷപ്പെടണമെടാ ". വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടൻ '' അവർ വിടുന്നില്ല, വീണ്ടുമിരിക്കാൻ പോവുകയാണ് " ഇതിലെ പാട്ടുകളുടെ ഡീറ്റയിൽസ് എല്ലാം എനിക്ക് മന:പാഠം. കുന്തളവരാളി രാഗത്തിലെ "ഭോഗീന്ദ്രശായിനം പുരുകുശലദായിനം" എങ്ങനെ "ഒരു മുറൈ വന്ത് പാർത്തായ" യിൽ സന്നിവേശിപ്പിച്ചു എന്നും, "വഞ്ചിഭൂമീപതേ ചിര" മിൽ നിന്ന് " അംഗനമാർ മൗലീമണി " ഉണ്ടായതും രാധാകൃഷ്ണൻ ചേട്ടൻ രസകരമായി പാടിപ്പറയുന്ന ഓർമ്മകൾ.

ആഹിരി പോലത്തെ വളരെ പരിമിതമായ സാധ്യതകളുള്ള രാഗത്തെ ഒരു മൂന്ന് മിനിറ്റ് സിനിമാപ്പാട്ടിൽ വിളക്കിചേർക്കുന്ന സംഗീത മാജിക്ക്, ഇതൊക്കെ കേൾക്കുമ്പോഴുള്ള കൗതുകം പഴയ കാലത്തേക്കെന്നെ കൂട്ടിക്കൊണ്ട് പോകുന്നു. ചേട്ടൻ്റെ വീട്ടിൽ ഹാർമോണിയം വായിച്ച് ഈ രണ്ട് പാട്ടുകളും എന്നെക്കൊണ്ട് പാടിച്ച് ദാസേട്ടന് പഠിക്കാനായി കൊടുത്തു വിടുന്നു. "ആരാ രാധാകൃഷ്ണാ ഇത് , ശുദ്ധമായി പാടീട്ടുണ്ടല്ലോ " എന്ന ദാസേട്ടൻ്റെ വിലപ്പെട്ട കമൻ്റിനു് രാധാകൃഷ്ണൻ ചേട്ടൻ എനിക്ക് വാങ്ങിത്തന്നത് ഒരു പാർക്ക് അവന്യു striped shirt!

മണിച്ചിത്രത്താഴിൽ ഏറ്റവും അവസാനം റിക്കാർഡ് ചെയ്യുന്ന ഗാനവും "അക്കുത്തിക്കുത്ത് " ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകർ. എന്തായാലും വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ പ്രിൻ്റിൽ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എൻ്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എൻ്റെ ഓർമ്മകൾക്ക് പകരം വയ്ക്കാൻ ഒരു ടൈറ്റിൽ കാർഡിനുമാകുകയും ഇല്ല. ആരോടും പരിഭവമില്ലാതെ.....' വി ജി എന്നാണ് ജി വേണുഗോപാൽ കുറിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us