'ഇൻസ്പെക്ടർ ബൽറാം' എന്ന ചൂടൻ പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടിയ 'ആവനാഴി' 38 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 4 കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എപ്പോഴാണ് ചിത്രം റീ റീലീസ് ചെയ്യുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബർ അവസാനത്തിൽ തിയേറ്ററിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ചിത്രം വീണ്ടും എത്തുമ്പോൾ വലിയ ആകാംക്ഷയിലാണ് ആരാധകർ.1986 സെപ്റ്റംബർ 12 ന് റീലീസ് ചെയ്ത ചിത്രം മലയാള സിനിമ അന്നേ വരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ വിജയമായിരുന്നു. ടി ദാമോദരൻ്റെ രചനയിൽ ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്.
സർവകാല റെക്കോർഡ് ഇനിഷ്യൽ കലക്ഷനോടെ തുടക്കം കുറിച്ച ചിത്രം റിലീസ് ചെയ്ത് 20 തിയേറ്ററിലും റെഗുലർ ഷോസോടെ 25 ദിവസം പൂർത്തിയാക്കുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. 100 ദിവസവും കടന്നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്. അന്നത്തെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ ഗീത, സീമ, സുകുമാരൻ, ക്യാപ്റ്റൻ രാജു, ജനാർദനൻ, ജഗന്നാഥ വർമ്മ, ഇന്നസെൻ്റ്, തിക്കുറിശി സുകുമാരൻ നായർ, ശ്രീനിവാസൻ, ശങ്കരാടി എന്നിവരുടെ മികച്ച പ്രകടനം കൂടിയാണ് ചിത്രത്തെ ഹിറ്റാക്കി മാറ്റിയത്.
സ്പെയിനിൻ്റെ കൊടി കോപ്പിയടിച്ചതല്ല, വിജയ്യുടെ ടിവികെ പതാകയ്ക്കും ചിഹ്നങ്ങൾക്കും അർത്ഥങ്ങളുണ്ട്പിന്നീട് മലയാള സിനിമയിൽ ഉണ്ടായ മിക്ക പൊലീസ് ചിത്രങ്ങളിലും ആവനാഴി യിലെ റഫറൻസ് ഉണ്ടായിരുന്നു. ആവനാഴി റിലീസ് ചെയ്ത് ആദ്യത്തെ 7 ദിവസം കൊണ്ട് നേടിയ തിയേറ്റർ കളക്ഷൻ തന്നെ ഒരു സർവ്വകാല റെക്കോഡ് ആയിരുന്നു. 7 ദിവസം കൊണ്ട് അന്ന് ഈ ചിത്രം നേടിയ കളക്ഷൻ 21 ലക്ഷം രൂപയായിരുന്നു. 86 ൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരി പടമായ രാജാവിന്റെ മകന്റെ മൊത്തം കളക്ഷൻ പോലും 85 ലക്ഷത്തിനും താഴെ ആണെന്ന് ഓർക്കുമ്പോളാണ് ആവനാഴി ഉണ്ടാക്കിയ തരംഗം എത്രമാത്രം വലുതായിരുന്നു എന്ന് മനസ്സിലാക്കേണ്ടത്.
1991ൽ ഇൻസ്പെക്ടർ ബൽറാം എന്ന അതേ ക്യാരക്ടർ നെയിമിൽ ആവനാഴിക്ക് ഒരു രണ്ടാം ഭാഗം വന്നപ്പോൾ അത് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. മലയാളത്തിലും മറ്റു ഭാഷകളിലും തുടരെ റീ റിലീസുകൾ വിജയമാകുമ്പോഴാണ് മമ്മൂട്ടിയുടെ ആവനാഴിയും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.