31 വര്ഷങ്ങള്ക്ക് ശേഷം കേരളത്തിന്റെ സ്വന്തം ക്ലാസിക് ചിത്രം മണിച്ചിത്രത്താഴ് തീയേറ്ററുകളിലേക്ക് മടങ്ങിയെത്തിയപ്പോള് മലയാള സിനിമാപ്രേമികള്ക്ക് അതൊരു മധുരനൊമ്പരം കൂടിയാണ്. ഇക്കഴിഞ്ഞ വര്ഷങ്ങളിലായി നമ്മളോട് വിട പറഞ്ഞ ഒരു കൂട്ടം അഭിനേതാക്കളെ വീണ്ടും വെള്ളിത്തിരയില് കാണാനുള്ള അവസരമാണ് ഈ റീറിലീസോടെ ലഭിച്ചിരിക്കുന്നത്.
താക്കോല് മറന്ന ഉണ്ണിത്താന്, മാടമ്പിള്ളിയുടെ പേടിപ്പിക്കുന്ന കഥ രസകരമായി പറയുന്ന ഭാസുര, കര്ക്കാശ്യക്കാരനായ തമ്പിയളിയന്, തന്നെ സൂക്ഷിച്ചു നോക്കാന് പറയുന്ന കാട്ടുപറമ്പന്, മന്ത്രതന്ത്രവിദ്യകളില് അഗ്രഗണ്യനായ ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് എന്നിങ്ങനെ മറക്കാനാകാത്ത കഥാപാത്രങ്ങള്. ഇവരെ നമുക്ക് സമ്മാനിച്ച ഇന്നസെന്റും കെപിഎസി ലളിതയും നെടുമുടി വേണുവും കുതിരവട്ടം പപ്പുവും തിലകനും സ്ക്രീനില് നിറഞ്ഞുനില്ക്കുന്ന നിമിഷങ്ങള്. മണിച്ചിത്രത്താഴിന്റെ റീറിലീസിനെ മറക്കാനാകാത്ത അനുഭവമാക്കുന്നത് ഇതും കൂടിയാണ്.
സ്ക്രീനില് ഇവര് ഓരോരുത്തരും വരുമ്പോള് തന്നെ ഉയരുന്ന കയ്യടികളും അവര്ക്കൊപ്പം ഓരോ ഡയലോഗും പറയുന്ന കാണികളും മണിച്ചിത്രത്താഴ് ഇപ്പോള് കളിച്ചുകൊണ്ടിരിക്കുന്ന തിയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. മണിച്ചിത്രത്താഴിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ നെടുംതൂണുകളായ അഭിനേതാക്കളുടെ ഏറെ ആഘോഷിപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ ആര്ക്കും അങ്ങനെയൊന്നും മറക്കാന് കഴിയില്ലല്ലോ.
ബോക്സ് ഓഫീസിലും മണിക്കിലുക്കം; റീ റിലീസിൽ മികച്ച കളക്ഷൻ നേടി മണിച്ചിത്രത്താഴ്ക്യാരക്ടര് റോളുകള് ചെയ്യുന്നവരുടെ കഴിവ് കാണുമ്പോള് മലയാള സിനിമയോട് അസൂയ തോന്നാറുണ്ടെന്ന് മറ്റ് ഭാഷകളിലെ വിവിധ സംവിധായകര് പല തവണ പറഞ്ഞിട്ടുണ്ട്. അവരെ അങ്ങനെ അസൂയപ്പെടുത്തുന്ന പെര്ഫോമന്സ് കാഴ്ച വെച്ചവരാണ് ഇന്നസെന്റും നെടുമുടി വേണുവും കെപിഎസി ലളിതയും പപ്പുവും തിലകനുമെല്ലാം. കോമഡിയോ വില്ലന് വേഷങ്ങളോ സഹതാരങ്ങളോ ആകട്ടെ, കഥാപാത്രത്തിന്റെ സ്ക്രീന് സ്പേസും ടൈമും എന്തുമായിക്കൊള്ളട്ടെ, മനസില് തറക്കുംവിധം അതിശയിപ്പിക്കുന്ന സ്വാഭാവികതയോടെ ആ കഥാപാത്രങ്ങളെ സ്ക്രീനിലെത്തിക്കാന് കഴിയുന്നവരായിരുന്നു ഇവരെല്ലാം.
ഇനിയൊരിക്കലും അവരുടെ പെര്ഫോമന്സുകള് വലിയ സ്ക്രീന് കാണാന് കഴിയില്ലല്ലോ എന്ന നഷ്ടബോധം ഇക്കാലത്തെ സിനിമാപ്രേമികളെ ഇടയ്ക്കിടെ കുത്തിനോവിക്കാറുണ്ട്. ആ നഷ്ടത്തിന് ചെറിയ ഒരു ആശ്വാസമാവുകയാണ് മണിച്ചിത്രത്താഴ്. നേരത്തെ ഇന്ത്യന് 2 വില് സാങ്കേതികവിദ്യയുടെ സഹായത്തോടെ നെടുമുടി വേണുവിന്റെ കഥാപാത്രത്തെ സ്ക്രീനിലെത്തിച്ചപ്പോഴും നിറകണ്ണുകളോടൊയിരുന്നു പലരും ആ സീനുകള് കണ്ടത്.
അതേസമയം, മണിച്ചിത്രത്താഴിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴാണ് സിനിമയില് ഫാസിലും മധു മുട്ടവും ഒളിപ്പിച്ചുവെച്ച ചില ബ്രില്യന്സുകള് മനസിലാക്കാന് കഴിഞ്ഞതെന്നാണ് സോഷ്യല് മീഡിയയില് വരുന്ന കമന്റുകള്. മണിച്ചിത്രത്താഴിനെ കുറിച്ചുള്ള പുതിയ വായനകളും ഇതിനൊപ്പം സിനിമാഗ്രൂപ്പുകളില് ചൂടുപിടിച്ച ചര്ച്ചയാകുന്നുണ്ട്. ഓഗസ്റ്റ് 17ന് റീറിലീസ് ചെയ്ത ചിത്രം ഹൗസ് ഫുള് ഷോകളുമായാണ് മുന്നേറുന്നത്.