ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2018ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് 'സ്ത്രീ'. 181 കോടിയാണ് ചിത്രം അന്ന് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'സ്ത്രീ 2' ഈ വർഷം ആഗസ്റ്റ് 15ന് പുറത്തിറങ്ങിയപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് അണിയറപ്രവർത്തകർ.
'സ്ത്രീ 3' യുടെ സ്ക്രിപ്റ്റ് നേരത്തെ തന്നെ തയ്യാറായതാണെന്നും ചിത്രം വലിയ ബഡ്ജറ്റിൽ ആയിരിക്കും ഒരുങ്ങുന്നതെന്നും ചിത്രത്തിൽ ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേക് ബാനർജി പറയുന്നു.
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ സമയമെടുക്കും. എന്നാൽ രണ്ടാം ഭാഗം പോലെ ആറ് വർഷം കാത്തിരിക്കേണ്ടി വരില്ല. മൂന്നാം ഭാഗമൊരുക്കാൻ അമർ കൗശിക്ക് തന്നെ തിരിച്ചെത്തുമെന്നും ആ സെറ്റിലേക്ക് തിരിച്ചെത്താൻ താൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് ബാനർജി വെളിപ്പെടുത്തി.
മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് 'സ്ത്രീ 2'. 'സ്ത്രീ', 'ഭേടിയാ', 'മുഞ്ജ്യ' എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് 'സ്ത്രീ 2'വിലെ മറ്റു പ്രധാന അഭിനേതാക്കൾ. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിലെ ഗ്ലോബൽ കളക്ഷൻ 401 കോടിയെത്തിയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
342 കോടി ഇന്ത്യയിൽ നിന്ന് നേടിയ ചിത്രം 59 കോടി ഓവർസീസ് മാർക്കറ്റിൽ നിന്ന് സ്വന്തമാക്കി. ആദ്യ ആറ് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 269 കോടിയാണ്. ഏഴാം ദിവസമായ ഇന്നലെ 20 കോടി നേടാൻ ചിത്രത്തിനായി. ഇതോടെ സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള നെറ്റ് കളക്ഷൻ 289 കോടിയായി ഉയർന്നു. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. 400 കോടി കടന്നതോടെ തന്നെ ബോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി 'സ്ത്രീ 2' മാറി. ശ്രദ്ധ കപൂറിന്റെയും രാജ്കുമാർ റാവുവിന്റേയും ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ഇതോടെ 'സ്ത്രീ 2'വിന്റെ പേരിലായി.