ബോക്സ് ഓഫീസിൽ വൻ മുന്നേറ്റവുമായി ശ്രദ്ധ കപൂർ ചിത്രം സ്ത്രീ 2. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിലെ ഗ്ലോബൽ കളക്ഷൻ 401 കോടിയെത്തിയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 342 കോടി ഇന്ത്യയിൽ നിന്ന് നേടിയ ചിത്രം 59 കോടി ഓവർസീസ് മാർക്കറ്റിൽ നിന്ന് സ്വന്തമാക്കി. സ്ത്രീയുടെ നിർമാതാക്കളായ മഡോക്ക് ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ആദ്യ ആറ് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 269 കോടിയാണ്. ഏഴാം ദിവസമായ ഇന്നലെ 20 കോടി നേടാൻ ചിത്രത്തിനായി. ഇതോടെ സിനിമയുടെ ഇന്ത്യ നെറ്റ് കളക്ഷൻ 289 കോടിയായി ഉയർന്നു. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ദങ്കൽ, ജവാൻ, പത്താൻ എന്നിവയാണ് ബോളിവുഡിലെ മറ്റു 1000 കോടി ചിത്രങ്ങൾ.
ഏറ്റവും അടുത്ത ദിവസങ്ങള്ക്കുള്ളില് ചിത്രം 500 കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്. ഷാരൂഖ് ഖാൻ ചിത്രം ജവാൻ (584 കോടി), പത്താൻ (584 കോടി), രൺബീർ കപൂർ ചിത്രം അനിമൽ (505 കോടി), ഗദ്ദർ 2 (525 കോടി), ബാഹുബലി 2 (511 കോടി) എന്നിവയാണ് ഹിന്ദിയിൽ നിന്ന് 500 കോടി കടന്ന സിനിമകൾ.
400 കോടി കടന്നതോടെ തന്നെ ബോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി സ്ത്രീ 2 മാറി. ശ്രദ്ധ കപൂറിന്റെയും രാജ്കുമാർ റാവുവിന്റേയും ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ഇതോടെ സ്ത്രീ 2 വിന്റെ പേരിലായി.
ആദ്യ ദിനം മാത്രം 55 കോടിയാണ് സ്ത്രീ 2 നേടിയത്. സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോയിൽ നിന്നുള്ള കളക്ഷൻ കൂടി കണക്കാക്കുമ്പോൾ അത് 64 കോടിയാകും. 2024 ൽ ഒരു ബോളിവുഡ് സിനിമക്ക് ലഭിച്ച ഏറ്റവും ഉയർന്ന ഓപ്പണിങ് കൂടിയാണ് സ്ത്രീയുടേത്.
അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ. 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.