'കല്ക്കി'യിലെ പ്രഭാസിന്റെ പ്രകടനത്തെ ജോക്കർ എന്ന് വിശേഷിപ്പിച്ച നടൻ അർഷാദ് വാർസിയുടെ പരാമർശത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ. അർഷാദ് സാബ് തന്റെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് തിരഞ്ഞെടുക്കേണ്ടതായിരുന്നു. പക്ഷെ സാരമില്ല അദ്ദേഹത്തിന്റെ കുട്ടികൾക്ക് ബുജ്ജി കളിപ്പാട്ടങ്ങൾ അയച്ചു നൽകുമെന്നും 'കല്കി 2' ആദ്യ ഷോ കണ്ടിറങ്ങുന്നവര് പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി താൻ കഠിനാധ്വാനം ചെയ്യുമെന്നും തന്റെ എക്സ് അക്കൗണ്ടിലൂടെ നാഗ് അശ്വിൻ കുറിച്ചു. 'കല്ക്കിയി'ലെ ഒരു രംഗം മുഴുവൻ ബോളിവുഡിനും തുല്യമാണെന്ന ഒരു എക്സ് ഉപയോക്താവിന്റെ പോസ്റ്റിന് നല്കിയ മറുപടിയിലാണ് നാഗ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്. സാംദിഷ് ഭാട്ടിയ എന്ന യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിലാണ് അർഷാദ് വാർസി 'കൽക്കി' തനിക്കിഷ്ടമായില്ലന്നും പ്രഭാസ് ഒരു കോമാളിയെപ്പോലെ ആയിരുന്നു ആ ചിത്രത്തിലെന്നും പറഞ്ഞത്.
അർഷാദ് വാർസിക്കുള്ള പ്രതികരണത്തിന് ഒപ്പം ബോളിവുഡ് - സൗത്ത് ഇന്ത്യൻ സിനിമ വേര്തിരിവിനെക്കുറിച്ചും നാഗ് അശ്വിൻ മറുപടി പറയുന്നുണ്ട്. നമുക്ക് പിന്നോട്ട് പോകണ്ട, ഇനി നോർത്ത്-സൗത്ത് അല്ലെങ്കിൽ ബോളിവുഡ് vs ടോളിവുഡ് എന്നിങ്ങനെ വിവേചനം മാറ്റി യുണൈറ്റഡ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി എന്ന് വിശാലമായി ചിന്തിക്കൂ എന്നാണ് നാഗ് അശ്വിൻ കുറിച്ചത്. അർഷാദ് വാർസിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് നിരവധി താരങ്ങൾ മുന്നോട്ട് വന്നിരുന്നു. അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പബ്ലിസിറ്റി ആണ് ഇതെന്നും അപ്രധാനമായ ഒരു പരാമര്ശത്തിന് അനാവശ്യ പ്രാധാന്യം നല്കപ്പെടുകയാണെന്നും നടൻ നാനി അഭിപ്രായപ്പെട്ടു.
അയാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പബ്ലിസിറ്റി;അർഷാദ് വാർസിയുടെ ജോക്കർ പരാമർശത്തിൽ നാനിഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ ഒരു മിത്തോ-സയന്സ് ഫിക്ഷന് ചിത്രമാണ് 'കല്ക്കി 2898 എഡി'. മഹാഭാരതത്തിന് നാഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വൽ എന്ന നിലയിലാണ് സിനിമയെ പ്രേക്ഷകര് വരവേറ്റത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന കാലഘട്ടത്തെ ദൃശ്യാവിഷ്കരിക്കുന്നു എന്ന നിലയിലാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ചിത്രമാണ്. 1000 കോടിക്കും മുകളിലാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 'കല്ക്കി' ഇപ്പോള് ആമസോൺ പ്രൈമിൽ ലഭ്യമാണ്.