കോടിക്കിലുക്കത്തിൽ 'മണിച്ചിത്രത്താഴ്' ; റീ റിലീസിൽ ഇതുവരെ നേട്ടം 2 കോടി

ആഗസ്റ്റ് 17 ന് റീ റീലീസ് ചെയ്ത ചിത്രം ആറ് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 2.10 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

dot image

31 വർഷത്തിന് ശേഷവും തിയറ്ററിൽ ആളെ നിറച്ച് 'മണിച്ചിത്രത്താഴ്'. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി ആണ് കണക്കാക്കപ്പെടുന്നത്. ആഗസ്റ്റ് 17 ന് റീറീലീസ് ചെയ്ത ചിത്രം ആറ് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 2.10 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്.

1993 ലാണ് 'മണിച്ചിത്രത്താഴ്' റിലീസ് ചെയ്തത്. നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്കുമാര്, സുധീഷ്, കുതിരവട്ടം പപ്പു, ശ്രീധര്, തിലകന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം ജി രാധാകൃഷ്ണന്റെ ഈണത്തിന് വരികളെഴുതിയത് ബിച്ചു തിരുമലയായിരുന്നു. സ്വര്ഗ്ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ നിര്മ്മാണം. 4 ഭാഷകളിലേക്കാണ് 'മണിച്ചിത്രത്താഴ്' റീമേക്ക് ചെയ്യപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് നടി ശോഭനയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

'സ്ഫടികം', 'ദേവദൂതൻ' എന്നീ സിനിമകൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ജൂലൈ 26 ന് ആയിരുന്നു 'ദേവദൂതൻ' റീ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രം 5 കോടിയോളമാണ് 'ദേവദൂതൻ' തിയറ്ററിൽ നിന്ന് നേടിയത്. ഇതോടെ മോഹൻലാലിന്റെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'സ്ഫടിക'ത്തിന്റെ റീ റിലീസ് കളക്ഷനെ 'ദേവദൂതൻ' മറികടന്നിരിരുന്നു. 'സ്ഫടികം' റീ റിലീസ് ചെയ്തപ്പോൾ 3.1 കോടി രൂപയായിരുന്നു ആഗോളതലത്തിൽ നേടിയിരുന്നത്.

dot image
To advertise here,contact us
dot image