ബോക്സ് ഓഫീസിൽ വൻ മുന്നേറ്റവുമായി ശ്രദ്ധ കപൂർ ചിത്രം സ്ത്രീ 2. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. സിനിമയുടെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം ശനി കളക്ഷനുമായി സ്ത്രീ 2 റെക്കോർഡുകൾ തിരുത്തുന്നു. നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,' എന്നാണ് നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
505 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രമായി സിനിമ 426 കോടിയാണ് നേടിയത്. 78.5 കോടിയാണ് സിനിമയുടെ ഓവർസീസ് കളക്ഷൻ. പത്താം ദിനത്തിൽ മാത്രം സിനിമ രാജ്യത്ത് നിന്ന് 33 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ.
2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.