ഭയപ്പെടുത്താൻ 'തുംബാഡ്' വീണ്ടും; ആഗസ്റ്റ് 30ന് റീ-റിലീസെന്ന് റിപ്പോർട്ട്

2018 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങ്ങിനും, സംവിധാന മികവിനും നിരവധി പ്രേക്ഷക -നിരൂപക പ്രശംസയാണ് ലഭിച്ചത്.

dot image

ഇന്ത്യൻ സിനിമയിലിപ്പോൾ റീ റിലീസുകളുടെ കാലമാണ്. ബോളിവുഡിൽ തുടങ്ങി, തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി സിനിമകൾ ഇപ്പോൾ റീ റിലീസ് ചെയ്യുന്നുണ്ട്. സൂപ്പർസ്റ്റാറുകളുടെ ഹിറ്റ് സിനിമകളും ആദ്യ കാലത്ത് ആഘോഷിക്കപ്പെടാതെ പിൻകാലത്ത് വാഴ്ത്തപ്പെടുന്ന സിനിമകളും ഈ റീ റിലീസിന്റെ ഭാഗമാണ്. മിക്ക സിനിമകൾക്കും തിയറ്ററിൽ മികച്ച പ്രതികരണവും കളക്ഷനുമാണ് ലഭിക്കുന്നത്. ആ കൂട്ടത്തിലേക്കുള്ള പുതിയ എൻട്രി ആണ് ബോളിവുഡ് ചിത്രമായ 'തുംബാഡ്'. ഒരു നാടോടി കഥയുടെ പശ്ചാത്തലത്തിൽ ഹൊറർ ചിത്രമായി ഒരുങ്ങിയ 'തുംബാഡ്' ആഗസ്റ്റ് 30 ന് തിയറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങ്ങിനും, സംവിധാന മികവിനും നിരവധി പ്രേക്ഷക -നിരൂപക പ്രശംസയാണ് ലഭിച്ചത്.

അനിൽ ബാർവെ സംവിധാനം ചെയ്ത 'തുംബാഡി'ന് തിരക്കഥ എഴുതിയത് മിതേഷ് ഷാ, ആദേശ് പ്രസാദ്, ആനന്ദ് ഗാന്ധി എന്നിവർക്കൊപ്പം ബി ബാർവെയും ചേർന്നാണ്. സോഹം ഷാ, ആനന്ദ് എൽ. റായ്, മുകേഷ് ഷാ, അമിത ഷാ എന്നിവരാണ് ചിത്രം നിർമിച്ചത്. 'തുംബാഡ്' എന്ന ഗ്രാമത്തിൽ മറഞ്ഞിരിക്കുന്ന നിധിക്കായുള്ള കേന്ദ്ര കഥാപാത്രത്തിൻ്റെ വേട്ടയാണ് സിനിമ പിന്തുടരുന്നത്. സോഹം ഷാ, ഹരീഷ് ഖന്ന, ജ്യോതി മാൽഷെ, രുദ്ര സോണി, മാധവ് ഹരി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 75-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ക്രിട്ടിക്സ് വീക്ക് വിഭാഗത്തിൽ പ്രീമിയർ ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയായിരുന്നു 'തുംബാഡ്'.

'റോക്സ്റ്റാർ', 'സിന്ദഗി നാ മിലേഗി ദൊബാര', 'ലൈലാ മജ്നു', 'ചക്ക് ദേ ഇന്ത്യ' തുടങ്ങിയ ബോളിവുഡ് സിനിമകൾ ഇന്ത്യയിലൊട്ടാകെ റീ റിലീസ് ചെയ്തിരുന്നു. തമിഴിൽ നിന്ന് 'ഗില്ലി', 'പോക്കിരി', 'ഗജിനി' തുടങ്ങിയ സിനിമകളുടെ റീ റിലീസുകൾക്ക് വമ്പൻ കളക്ഷനാണ് ലഭിച്ചത്. 'ദേവദൂതൻ', 'സ്ഫടികം', 'മണിച്ചിത്രത്താഴ്' തുടങ്ങിയ മോഹൻലാൽ സിനിമകൾ റീമാസ്റ്റർ ചെയ്ത് കേരളത്തിൽ പ്രദർശനത്തിന് എത്തിയിരുന്നു. 5 കോടി രൂപയോളമാണ് 'ദേവദൂതൻ' കേരളത്തിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 2.10 കോടി നേടി 'മണിച്ചിത്രത്താഴും' ഒപ്പമുണ്ട്.

dot image
To advertise here,contact us
dot image