ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ സിനിമാറ്റിക് യൂണിവേഴ്സുകളിൽ ഒന്നാണ് മഡോക്ക് ഫിലിംസിന്റെ ഹൊറർ സൂപ്പർനാച്ചുറൽ യൂണിവേഴ്സ്. 'സ്ത്രീ', 'സ്ത്രീ 2', 'ഭേടിയാ', 'മുഞ്ജ്യ' എന്നിവയാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ സിനിമകൾ. അവസാനമിറങ്ങിയ 'സ്ത്രീ 2' വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ യൂണിവേഴ്സിലെ അടുത്ത സിനിമയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരിക്കുകയാണ്. 'വാമ്പയേഴ്സ് ഓഫ് വിജയനഗർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് സൂപ്പർനാച്ചുറൽ ഹൊറർ കോമഡി ആയി ആണ് ഒരുങ്ങുന്നത്. ആയുഷ്മാൻ ഖുറാന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'സ്ത്രീ 2' വിന് ശേഷം ഈ ചിത്രമാകും ഹൊറർ യൂണിവേഴ്സിലെ അടുത്ത സിനിമയെന്നും ചിത്രത്തിന്റെ ഷൂട്ട് ഒക്ടോബർ - നവംബർ മാസങ്ങളിൽ ആരംഭിക്കുമെന്നും സംവിധായകൻ ആദിത്യ സർപോത്ദാർ എബിവി ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മുഞ്ജ്യ' എന്ന ചിത്രത്തിന് ശേഷം ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'സ്ത്രീ 2' വിന് മുൻപ് പുറത്തിറങ്ങിയ 'മുഞ്ജ്യ'ക്ക് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടാനായിരുന്നു. 30 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 132 കോടിയാണ് നേടിയത്. ഹൊറർ യൂണിവേഴ്സിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ശ്രദ്ധ കപൂർ ചിത്രം 'സ്ത്രീ 2'. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബിൽ ചിത്രം ഇടം നേടിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി സിനിമ 426 കോടിയാണ് നേടിയത്. 78.5 കോടിയാണ് സിനിമയുടെ ഓവർസീസ് കളക്ഷൻ. പത്താം ദിനത്തിൽ മാത്രം സിനിമ രാജ്യത്ത് നിന്ന് 33 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
അമർ കൗശിക് സംവിധാനം ചെയ്ത 'സ്ത്രീ 2' സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 2018ൽ എത്തിയ ഹൊറർ ചിത്രം 'സ്ത്രീ'യുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.