ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (എഎംഎംഎ) പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവരുടെ രാജി ഭീരുത്വമായിരുന്നെന്ന് നടിയും വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) പ്രവർത്തകയുമായ പാർവതി തിരുവോത്ത്.
മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം. സംഘടനയിൽ നിന്നുള്ള കൂട്ടരാജിയെ കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ എന്തൊരു ഭീരുത്വം എന്നായിരുന്നു എനിക്ക് ആദ്യം തോന്നിയത്. മാധ്യമങ്ങളോട് സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ള സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് എത്ര ഭീരുത്വമാണ്. അത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. ഇവിടെ ചർച്ചകളും സംഭാഷണങ്ങളും സംവാദങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യത വീണ്ടും സ്ത്രീകളിലേക്ക് എത്തിയിരിക്കുകയാണ്, എന്നും പാർവതി പറഞ്ഞു.
പദവി സ്ത്രീ ഏറ്റെടുത്താല് ആകാശമൊന്നും ഇടിഞ്ഞുവീഴില്ല; ഷാജി എന് കരുണിനോട് പാര്വതിസംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ടവരോടും ചേർന്ന് ഒരു വഴി കണ്ടെത്താനെങ്കിലും അവര് ശ്രമിച്ചിരുന്നെങ്കില് നന്നായിരുന്നേനെയെന്നും പാർവതി പറഞ്ഞു. "2017 ലെ ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയെ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ തിരികെ സ്വാഗതം ചെയ്തത് ഇതേ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. തങ്ങൾക്കെതിരായ ആരോപണങ്ങൾ പുറത്തുവരുന്നതുവരെ ഇതൊന്നും യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ടതും ഇതേ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്," പാർവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിൽ നിന്നുണ്ടായ പ്രതികരണത്തിന് എതിരെയും പാർവതി സംസാരിച്ചു. "സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ എഫ്ഐആർ ഫയൽ ചെയ്ത് പേരുകൾ പറഞ്ഞാൽ മതിയാകും' എന്ന തരത്തിലുള്ള പ്രസ്താവനകൾ സർക്കാർ നടത്തിയത് അലംഭാവത്തോടെയായിരുന്നു.
പേരുകൾ പറയാനും അവരെ തുറന്നുകാട്ടാനും അതിന് ശേഷം അതിന്റെ ആഘാതം ഏറ്റുവാങ്ങാനുമുള്ള ബാധ്യത വീണ്ടും സ്ത്രീകളുടെ മേലാണ്. ഞങ്ങൾ കുറ്റവാളികളുടെ പേരെടുത്ത് പറഞ്ഞ് നാണം കെടുത്തണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു. പകരം നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുന്ന നീതി എന്താണ്. ഈ തുറന്നുപറച്ചിലിന് ശേഷം ഞങ്ങളുടെ ജോലി, ജീവിതം, കേസ് നടത്താനുള്ള ഫീസ്,മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് എന്ത് സംഭവിക്കും? അതൊന്നും ആരും വകവെക്കുന്നില്ല. എന്തുകൊണ്ടാണ് നമ്മൾ ഉണ്ടാക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതല വീണ്ടും വീണ്ടും സ്ത്രീകളിൽ എത്തുന്നത്," പാര്വതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ അടക്കമുള്ള താരസംഘടന ഭാരവാഹികൾ രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താൻ രാജിവെക്കുന്നതായി മോഹൻലാൽ പ്രഖ്യാപിക്കുകയും ഇതിന് പിന്നാലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളും രാജിവെക്കുകയായിരുന്നു. ഇതിനിടെ താൻ രാജിവെച്ചിട്ടില്ലെന്ന് നടി സരയു പ്രഖ്യാപിച്ചിരുന്നു.
'അമ്മ സംഘടന നിലനിൽക്കണം, ജനാധിപത്യ ബോധമുള്ള ഭാരവാഹികൾ വരണം'; രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉഷ ഹസീനസിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി രാജിവെച്ചത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു.
ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമമടക്കമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ എഎംഎംഎയിലെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും നേരത്തെ ജനറൽ സെക്രട്ടറിയിയായിരുന്ന സിദ്ദിഖ് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖിനെതിരെയും ആരോപണം ഉയർന്നതോടെ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.