ചെന്നൈ: നടി റിമ കല്ലിങ്കലിനും സംവിധായകന് ആഷിഖ് അബുവിനുമെതിരെ വലിയ ആരോപണങ്ങള് ഉയര്ത്തിയ ഗായിക സുചിത്രയുടെ അഭിമുഖത്തിലെ മറ്റ് ഭാഗങ്ങള് കൂടി ചര്ച്ചയാകുന്നു. മോഹലാല്, മമ്മൂട്ടി, പിണറായി വിജയന്, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത എന്ന് തുടങ്ങി ഒട്ടനവധി പേര്ക്കെതിരെയാണ് സുചിത്ര ഗുരുതരമായ പലതും ഉന്നയിച്ചിരിക്കുന്നത്. എസ്.എസ് ബസ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുചിത്ര ആരോപണങ്ങള് ഉന്നയിച്ചത്.
30 മിനിറ്റോളം നീളുന്ന അഭിമുഖത്തില് തന്റെ വാദങ്ങള്ക്ക് അടിസ്ഥാനമായ തെളിവുകളോ മറ്റെന്തെങ്കിലും വിശദീകരണങ്ങളോ സുചിത്ര നല്കുന്നില്ല. വീഡിയോ കോണ്ഫറന്സ് വഴിയാണ് അഭിമുഖം നടത്തിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെയും അതിന്റെ രൂപവത്കരണത്തിനായി പ്രവര്ത്തിച്ച നടിമാരെയും നിശിതമായി വിമര്ശിച്ചുകൊണ്ടാണ് ഗായിക സംഭാഷണം ആരംഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും സുചിത്ര പറയുന്നു. പ്രതികാരം തീര്ക്കാനായി ഏല്പ്പിക്കപ്പെട്ടവര് കൂടുതല് മദ്യപിച്ചതുകൊണ്ട് ഉണ്ടായ പ്രശ്നം മാത്രമാണ് അതെന്നും അതിന്റെ പേരില് നടിയുടെ സുഹൃത്തുക്കള് വെറുതെ പോരിന് ഇറങ്ങിയിരിക്കുകയാണ് എന്നുമാണ് സുചിത്രയുടെ വാദം.
'കൈ മുറിച്ചെന്ന് പറയുന്നുണ്ടല്ലോ. അവിടെ വരെ എത്തണമെങ്കില് എവിടെയൊക്കെ തൊടണം. കാറില് നടന്ന വെറും നാടകം മാത്രമാണ്,' സുചിത്ര പറയുന്നു. അതിജീവിതയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഇവര് അധിക്ഷേപ പരാമര്ശങ്ങള് നടത്തുന്നത്.
പിണറായി വിജയനും മോഹന്ലാലും മമ്മൂട്ടിയും ചേര്ന്ന് മലയാള സിനിമയിലെ യുവതലമുറയുടെ വളര്ച്ച തടയാനായാണ് ഹേമ കമ്മിറ്റിയെ രൂപീകരിച്ചതെന്നാണ് അടുത്ത വാദം. സുഷിന് ശ്യാം, ഫഹദ് ഫാസില്, സൗബിന് ഷാഹിര് തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് ഇതെന്നും പറയുന്നു.
'മമ്മൂട്ടി വളരെ കഷ്ടപ്പെട്ടാണ് റോഷാക്ക് പോലും ചെയ്തത്. അദ്ദേഹത്തിന് ഒന്നിനും വയ്യ. പക്ഷെ പഴയ സിംഹങ്ങളല്ലേ മമ്മൂട്ടിയും മോഹന്ലാലും അതുകൊണ്ട് ആ സ്ഥാനത്ത് തന്നെ തുടരാന് ശ്രമിക്കുകയാണ്. മലയാള സിനിമയുടെ ഇന്നത്ത മുന്നേറ്റത്തില് മുമ്പില് നില്ക്കുന്നത് ഫഹദ് ഫാസിലും സുഹൃത്തുക്കളുമാണ്. അവരെ ഒതുക്കാനായി ഇങ്ങനെ ചിലത് ചെയ്യുകയാണ്. പക്ഷെ അതിന്റെ ദുരിതഫലം അനുഭവിക്കുന്നവരില് സ്വന്തം മകനായ ദുല്ഖറും ഉണ്ടാകുമെന്ന കാര്യം പോലും മമ്മൂട്ടി ഓര്ക്കുന്നില്ല,' സുചിത്ര പറയുന്നു.
എന്റെ ഭാഗത്ത് ന്യായമുണ്ട്, ഓടി ഒളിക്കില്ല: ആരോപണം തള്ളി നിവിന് പോളികൊച്ചിയിലെ ഫ്ളാറ്റില് റിമയും ആഷിഖും ലഹരിപാര്ട്ടികള് നടത്താറുണ്ടെന്നാണ് ഇപ്പോള് വിവാദമായി മാറിയിരിക്കുന്ന സുചിത്രയുടെ ഒരു പ്രധാന വാദം. റിമയുടെ ഫ്ളാറ്റില് റെയ്ഡ് നടന്നെന്നും റിമയെയും ആഷിഖിനെയും അറസ്റ്റ് ചെയ്തെന്നും, ആ സമയത്ത് വന്ന വാര്ത്തകളില് നിന്നാണ് താന് ഇക്കാര്യമെല്ലാം അറിഞ്ഞതെന്നും സുചിത്ര പറയുന്നുണ്ട്. ഈ വാര്ത്തയുടെ സ്ക്രീന് ഷോട്ട് വീഡിയോയില് ഉള്പ്പെടുത്തണമെന്ന സുചിത്ര അവതാരകനോട് ആവശ്യപ്പെടുന്നുമുണ്ട്. എന്നാല് വീഡിയോയില് അത്തരം സ്ക്രീന് ഷോട്ടുകളില്ല. മാത്രമല്ല, സുചിത്ര ഉന്നയിക്കുന്ന തരത്തില് റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ ഇതുവരെയും റെയ്ഡോ അറസ്റ്റോ ഉണ്ടായിട്ടില്ല.
അതേസമയം, സുചിത്ര ഉന്നയിച്ച ആരോപണങ്ങളില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്ച്ച എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കിയിട്ടുണ്ട്. റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും എതിരെയാണ് യുവ മോര്ച്ചയുടെ പരാതി.
ശരിക്കുള്ള ലഹരി മാഫിയയെ കണ്ടെത്തണം,മട്ടാഞ്ചേരി ടീം അല്ല, ഞങ്ങളുടേത് പേരില്ലാത്ത ഗ്യാങ്; ആഷിഖ് അബുസുചിത്രയുടെ ആരോപണങ്ങള്ക്കെതിരെ റിമയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. തന്നെ കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങള് പറയുകയും അതിന് വലിയ ശ്രദ്ധ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന് തീരുമാനിച്ചതെന്ന് റിമ പറയുന്നു. മാനനഷ്ടക്കേസിന് നോട്ടീസ് നല്കിയെന്നും റിമ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
'ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ സ്ഥാപനങ്ങള് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്ത്തകള് നല്കുന്നുണ്ട്. അര മണിക്കൂര് അഭിമുഖത്തില് 2017ലെ ലൈംഗികാക്രമണ കേസിലെ അതിജീവിതയെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, മോഹന്ലാല്, മമ്മൂട്ടി എന്നിവര് ഹേമ കമ്മിറ്റിയെ ഉപയോഗിച്ച് ഫഹദിനെ പോലെ പോലെയുള്ള താരങ്ങളുടെ ഭാവി തകര്ക്കാന് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നു.
നമുക്കെല്ലാവര്ക്കും അറിയാം ഏത് സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന്. മേല്പറഞ്ഞതൊന്നും മുഖ്യധാര മാധ്യമങ്ങളില് വന്നില്ല. എന്നെ കുറിച്ച് പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യം വന്നു. വലിയ ശ്രദ്ധയും നേടി. അത് കൊണ്ട് എനിക്ക് അത്തരം ഒരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതുകൊണ്ട്, നടപടി സ്വീകരിക്കാന് ഞാന് തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കി. മാനനഷ്ടക്കേസ് നോട്ടീസും നല്കി,' റിമ കല്ലിങ്കല് പറഞ്ഞു.