ഹൈദരബാദ്: കനത്ത മഴയെ തുടര്ന്ന പ്രളയക്കെടുതി അനുഭവിക്കുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്ക്ക് സഹായവുമായി നടന് അല്ലു അര്ജുന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ഇരു സംസ്ഥാനങ്ങള്ക്കുമായി ഒരു കോടി രൂപയാണ് നടന് നല്കിയത്.
വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തില് ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പിലാണ് സംഭാവന നല്കുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചത്. 'ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാശം വിതച്ച മഴയില് ഉണ്ടായ നഷ്ടങ്ങളിലും കഷ്ടപ്പാടുകളിലും ഞാന് ദുഃഖിതനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്, ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കുന്നതിനായ് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി ഞാന് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. എല്ലാവരുടെയും സുരക്ഷക്കായ് പ്രാര്ത്ഥിക്കുന്നു,' അല്ലു അര്ജുന് ട്വിറ്ററില് കുറിച്ചു.
അല്ലു അര്ജുനൊപ്പം മറ്റ് നിരവധി താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നുണ്ട്. പ്രഭാസ്, ചിരഞ്ജീവി, മഹേഷ് ബാബു, ജൂനിയര് എന്.ടി.ആര് തുടങ്ങിയവരെല്ലാം സംഭാവനയുമായി രംഗത്തുവന്നിട്ടുണ്ട. ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് എല്ലാവിധ പിന്തുണയും നല്കുന്നുവെന്ന് ഇവര് തങ്ങളുടെ സോഷ്യല് മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇവരും സംഭാവന നല്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും അതിശക്തമായ മഴയുണ്ടായത്. 35 പേര്ക്ക് ജീവന് നഷ്ടപ്പെട്ടെന്നാണ് ഇതുവരെയുള്ള കണക്ക്. നാല് ലക്ഷത്തോളം പേരെയാണ് ഈ ദുരിതം ബാധിച്ചിട്ടുള്ളതെന്നാണ് സര്ക്കാര് അറിയിക്കുന്നത്.
നാല് ദിവസത്തോളം ശക്തമായി പെയ്ത മഴയെ തുടര്ന്ന് പല പ്രദേശങ്ങളിലും പ്രളയത്തിന് തുല്യമായ വെള്ളക്കെട്ടുണ്ടായി. റോഡുകളും റെയില്വേ പാളങ്ങളും തകരുകയും ഏക്കര് കണക്കിന് കൃഷിയിടങ്ങള് നശിക്കുകയും ചെയ്തു.
സെപ്റ്റംബര് മൂന്നോടെ മഴയും വെള്ളക്കെട്ടും കുറഞ്ഞ് തുടങ്ങിയെങ്കിലും വിവിധ ജില്ലകളില് ജാഗ്രത തുടരുന്നുണ്ട്.