തിയേറ്ററുകളെ പൂരപ്പറമ്പാക്കാനും ആരാധകരെ ആവേശം കൊള്ളിക്കാനും വിജയ് സിനിമകൾക്കുള്ള പവർ മറ്റൊരു സ്റ്റാറിന്റെയും സിനിമയ്ക്ക് ഇല്ലെന്നു തന്നെ പറയാം. കാത്തിരിപ്പുകൾക്കൊടുവിൽ ഗോട്ട് തിയേറ്ററുകളിൽ എത്തിയപ്പോൾ സമ്മിശ്രപ്രതികരണങ്ങളാണെങ്കിലും ആദ്യ ദിന കളക്ഷൻ ഒട്ടും മോശമല്ലാത്തതാണ്. ഇന്ത്യയില് നിന്ന് 44 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
വിജയ് യുടെ കഴിഞ്ഞ ചിത്രമായ ലിയോയുടെ ഓപണിങ് കളക്ഷൻ പരിശോധിക്കുമ്പോൾ ഇത് കുറവാണെങ്കിലും വാര്യാന്ത്യത്തിൽ ചിത്രം 100 കോടി കടക്കുമെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ലിയോ ആദ്യദിവസം ഇന്ത്യയില് 63 കോടി രൂപയില് അധികം ആകെ നെറ്റ് കളക്ഷനായി നേടിയിരുന്നു.
ദളപതിയും കൊണ്ടുപോയ 'GOAT'; ആ വാക്ക് എങ്ങനെ വന്നു? ആദ്യം ഉപയോഗിച്ചത് ആര്?തമിഴ്നാട്ടിൽ ഗോട്ടിന് ഏകദേശം 38 കോടിരൂപയാണ് ആദ്യ ദിനത്തിൽ നേടാനായത്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് 3 കോടി രൂപയും ഹിന്ദി പതിപ്പ് 1.7 കോടി രൂപയും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ വർഷത്തെ തമിഴ് റിലീസുകളില് ഓപണിംഗ് കളക്ഷനില് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗോട്ട്. തൊട്ട് പുറകിൽ 25.6 കോടി കളക്ഷൻ നേടിയ കമൽ ഹസ്സൻ ചിത്രം ഇന്ത്യൻ 2 ആണ്.
പ്രീ-സെയിൽസിലും അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലുമായി ഗോട്ട് 65 കോടി രൂപയോളം നേടിയിരുന്നു. കൂടാതെ ചിത്രം ആദ്യ ദിവസം ബോക്സ് ഓഫീസിൽ 90 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ പ്രതീക്ഷിച്ചിരുന്നു.