കാലം കാത്തുവെച്ച മനോഹര ശബ്ദത്തിന്, ആശ ഭോസ്ലെയ്ക്ക് ഇന്ന് 91ാം പിറന്നാള്. വശ്യമായ സ്വരമാധുരി കൊണ്ട് ഇന്ത്യന് സിനിമാ ലോകം കീഴടക്കിയ നാദ മാധുര്യമാണ് ആശ. പോപ്പും ഗസലും ഭജനകളും ക്ലാസിക്കൽ സംഗീതവും നാടൻ പാട്ടുകളും ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ആശ ലോകത്തിൽ ഏറ്റവുമധികം ഗാനങ്ങൾ പാടിയ ഗായിക കൂടിയാണ്.
ഹിന്ദി സിനിമാ ലോകം ലതാ മങ്കേഷ്കര് എന്ന സുന്ദര ശബ്ദത്തില് മയങ്ങിക്കൊണ്ടിരുന്ന കാലത്താണ് സഹോദരി കൂടിയായ ആശ ഭോസ്ലെ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. ലതയില് നിന്ന് തീര്ത്തും വിഭിന്നമായി വശ്യമായ ഗാനങ്ങളിലൂടെ ഒരു തലമുറയുടെ പ്രണയ സങ്കല്പങ്ങളെ മാറ്റിയെഴുതി ആശ.
വേറിട്ട ആലാപന ശൈലിയും പ്രണയപാരവശ്യം നിറഞ്ഞ പാട്ടുകളും അവരെ തലമുറകളുടെ ഗായികയാക്കി മാറ്റി. സംഗീത സംവിധായകന് ഒപി നയ്യാറിന്റെ ഗാനങ്ങളാണ് ആശയെ പിന്നണി ഗാന രംഗത്ത് ഹിറ്റ് ഗായികയാക്കി മാറ്റിയത്. 168 സോളോകള് ഉള്പ്പെടെ 324 പാട്ടുകള് നയ്യാര്ക്കുവേണ്ടി ആശ പാടി.
പോപ്, കാബറെ, റോക്ക്, ഡിസ്കൊ, ഗസൽ, ക്ലാസ്സിക്കൽ തുടങ്ങി എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിവുള്ള ഗായികയണ് താനെന്ന് ആശ, ബർമൻ ഗാനങ്ങളിലൂടെ തെളിയിച്ചു. ഖയ്യാം മുതൽ എ ആർ റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കായി ആശ പാടി. മലയാളത്തിലും ഒരു ഗാനം പാടിയിട്ടുണ്ട് ആശ. സുജാത എന്ന ചിത്രത്തിന് വേണ്ടി മങ്കൊമ്പ് ഗോപാല കൃഷ്ണൻ എഴുചി രവീന്ദ്ര ജയിൻ സംഗീതം നൽകിയ സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനമാണ് ആശ മലയാളത്തിൽ പാടിയത്.