സൂര്യ @ 48; 'വാനോളം ഉയരത്തിൽ' നടിപ്പിൻ നായകൻ

ഒരു നടനാകാനുള്ള യാതൊരു സവിശേതകളുമില്ല എന്ന് മുദ്രകുത്തപ്പെട്ട സൂര്യ ശിവകുമാർ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത് പ്രേക്ഷകരുടെ ഹൃദയത്തിൽ തട്ടിയ 'സൂരറൈ പോട്ര്' സിനിമയിലെ മാരൻ എന്ന കഥാപാത്രത്തിലൂടെയാണ്

dot image

ഉയരമില്ലാത്ത, അഭിനയിക്കാനറിയാത്ത, ഭാവങ്ങൾ മുഖത്ത് വരാത്ത, നൃത്തം ചെയ്യാൻ പോലും വശമില്ലാത്ത നടൻ എന്ന ലേബലുകളും വഹിച്ചുകൊണ്ട് തമിഴ് സിനിമയിലേക്ക് പടി കയറിയ നടനാണ് സൂര്യ. ഒരു നടനാകാനുള്ള യാതൊരു സവിശേതകളുമില്ല എന്ന് മുദ്രകുത്തപ്പെട്ട സൂര്യ ശിവകുമാർ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത് പ്രേക്ഷകരുടെ ഹൃദയത്തിൽ തട്ടിയ 'സൂരറൈ പോട്ര്' സിനിമയിലെ മാരൻ എന്ന കഥാപാത്രത്തിലൂടെയാണ്.

സ്വന്തം പോരായ്മകളെ അതിജീവിച്ച്, കളിയാക്കലുകളെ ലക്ഷ്യത്തിലേക്കുള്ള വഴിയായി കണ്ട് മുന്നേറി ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായി മാറിയ സൂര്യയുടെ ഉയരം ഇന്ന് വാനോളമാണ്. 'എത്ര ഉയരം ഉണ്ട് എന്നതിലല്ല, എങ്ങനെ ഉയരങ്ങളിലെത്താം എന്നാണ് ചിന്തിക്കേണ്ടത്', എന്ന സൂര്യയുടെ വാക്കുകൾ യുവതാരങ്ങൾക്കും പ്രചോദനമാണ്. സൂര്യയുടെ അഭിനയം കണ്ട് 'ഇയാൾ എങ്ങനെയാണ് സിനിമയിൽ നിലനിൽക്കുക' എന്ന് പറഞ്ഞ രജനികാന്തിനെകൊണ്ടു തന്നെ 'കണ്ണുകൾ കൊണ്ട് ഭാവങ്ങളെ സൃഷ്ടിക്കാൻ ഈ നടന് സാധിക്കുന്നു' എന്ന് സൂര്യ പറയിപ്പിച്ചു.

അഭിനയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് എസ് എസ് ടെക്സ്റ്റൈൽസ് എന്ന കമ്പിനിയാലാണ് സൂര്യ ജോലി ചെയ്തിരുന്നത്. മറ്റൊരാളുടെയും സഹായം കൂടാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാകണം എന്ന പിതാവ് ശിവകുമാറിന്റെ വാക്കുകളാണ് സൂര്യയെ ടെക്സ്റ്റൈൽ മേഖലയിലേക്ക് എത്തിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്തനായ നടനും നിർമ്മാതാവുമൊക്കെയായ ശിവകുമാറിന്റെ മകനാണ് താനെന്ന് പറഞ്ഞ് സൂര്യ എവിടെയും പ്രീതി നേടാൻ ശ്രമിച്ചിട്ടില്ല.

അഭിനേതാവാകാൻ ആയിരുന്നില്ല ഒരു പൊലീസ് ഉദ്യാഗസ്ഥനാകാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഇതിനായി ശ്രമിച്ചെങ്കിലും അത് പാസാകാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് 1997-ൽ 'നേർക്ക് നേർ' എന്ന സിനിമയിൽ അഭിനയിക്കാൻ സൂര്യക്ക് അവസരം ലഭിക്കുന്നത്. തന്റെ കരിയറിന്റെ ആദ്യത്തെ ചവിട്ടുപടി. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകൻ മണിരത്നത്തിന്റെ ചിത്രത്തിലൂടെയായിരുന്നു തുടക്കമെങ്കിലും നേർക്ക് നേർ ഒരു ഫ്ലോപ് ആയിരുന്നു. അതുമാത്രമല്ല, പിന്നീടിറങ്ങിയ സൂര്യയുടെ പല ചിത്രങ്ങളും വിജയം കണ്ടില്ല. ഇതിനിടെയാണ് തനിക്ക് അഭിനയിക്കാൻ അറിയില്ല, ഭാവങ്ങൾ വരുന്നില്ല എന്നുള്ള കളിയാക്കലുകൾക്ക് വിധേയനാകുന്നത്.

തന്റെ സിനിമ ജീവിതത്തിന്റെ തുടക്കകാലം അതി കഠിനമായിരുന്നുവെന്ന് സൂര്യ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആത്മവിശ്വാസം ഒട്ടുമില്ല, അഭിനിക്കാനും നൃത്തം ചെയ്യുവാനും തന്നെ കൊണ്ട് ഒരിക്കലും സാധിക്കില്ല എന്ന് സൂര്യക്ക് സ്വയം തോന്നിത്തുടങ്ങിയിരുന്നു. ആ സമയത്ത് പ്രചോദനമായത് നടൻ രഘുവരനാണെന്ന് സൂര്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തുടരെയുള്ള പരാജയങ്ങളെ അംഗീകരിച്ചുകൊണ്ട്, രഘുവരന്റെ ആക്ടിങ് ടിപ്പുകളും സ്വീകരിച്ച് സൂര്യ സിനിമയിലേക്ക് തന്നെ ചുവടുവെക്കാൻ തീരുമാനിച്ചു. അങ്ങനെ 2001-ൽ പുറത്തിറങ്ങിയ 'നന്ദ' എന്ന ചിത്രത്തിലൂടെ നടൻ കരിയറിലെ ആദ്യ വിജയം തൊട്ടു.

ശരവണൻ ശിവകുമാർ എന്ന തന്റെ പേരിനെ സൂര്യയാക്കിയത് മണിരത്നമായിരുന്നു. 2003-ൽ പുറത്തിറങ്ങിയ ഗൗതം മേനോൻ സിനിമ 'കാക്ക കാക്ക'യായിരുന്നു മറ്റൊരു വിജയ ചിത്രം. തുടർന്ന് പിതാമകൻ, പേരഴകൻ, ഗജിനി, വാരണം ആയിരം, അയൻ, എന്നിങ്ങനെ അനവധി ഹിറ്റുകളുടെ നടിപ്പിൻ നായകനായി സൂര്യ മാറി. ഇതിനിടയിൽ ഡബ്ബിങ് ആർട്ടിസ്റ്റാവുകയും ചെയ്തു. 'ഗുരു' എന്ന ചിത്രത്തിന് വേണ്ടി അമിതാഭ് ബച്ചന്റെ ശബ്ദമായത് സൂര്യയായിരുന്നു. ഒരുപിടി ചിത്രങ്ങൾ ഉണ്ടായെങ്കിലും തനിക്കെതിരെ വന്നുകൊണ്ടിരുന്ന ബോഡി ഷെയ്മിങ്ങിന് കുറവൊന്നും സംഭവിച്ചിരുന്നില്ല.

'തരം താഴ്ത്തുന്നവരോട് സ്വയം തർക്കിച്ചും തിരിച്ച് തരം താഴ്ത്തിയും സമയം കളയാതെ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധ ചെലുത്തുക. അതാണ് സമൂഹത്തിനും ഓരോ വ്യക്തികൾക്കും നല്ലത്.' തന്നെ കളിയാക്കിയവർക്കുള്ള മറുപടിയും പലർക്കുമുള്ള മോട്ടിവേഷൻ കൂടിയായിരുന്നു സൂര്യയുടെ ഈ ട്വീറ്റ്. വളരെ അപൂർവം നടന്മാർക്ക് മാത്രം ലഭിക്കുന്ന ഒരു അംഗീകാരവും നടന് ലഭിച്ചിട്ടുണ്ട്. ഫോബ്സിന്റെ സെലിബ്രിറ്റി 100 ലിസ്റ്റിൽ ആറ് തവണയാണ് നടന്റെ പേര് പരാമർശിച്ചിട്ടുള്ളത്.

മികച്ച നടൻ എന്നതിലുപരി നല്ല മനുഷ്യൻ കൂടിയാണ് സൂര്യ എന്ന് തെളിയിക്കുന്നതാണ് അഗരം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ. ഒരുപാട് നിർധനരായ കുട്ടികൾക്കാണ് സൂര്യയുടെ അഗരം വെളിച്ചമായി മാറിയത്. സിനിമകൾ നിരവധി വരുകയും ചിലത് വിജയം കാണാതെ പോകുകയും ചെയ്തെങ്കിലും സൂര്യയുടെ താരപ്പൊലിമയ്ക്ക് മങ്ങലുണ്ടായിട്ടില്ല. സില്ലിനൊരു കാതൽ, സിംഗം, 24, ജയ് ഭീം, കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പാക്കാനുകുന്ന സുററൈ പോട്ര്, വിക്രം സിനിമയിലെ അമ്പരിപ്പിക്കുന്ന ഗെറ്റപ്പിലൂടെ എത്തിയ റോളക്സ് എന്നിങ്ങനെ സൂര്യ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന നടനായി മാറുകയാണ്. സൂര്യ അടുത്തകാലത്തായി തിരഞ്ഞടുക്കുന്ന കഥകളും കഥാപാത്രങ്ങളുമാണ് അദ്ദേഹത്തെ ദേശീയ തലത്തിൽ മികച്ച നടനാക്കാൻ പ്രാപ്തനാക്കിയത്.

നടന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് 'കങ്കുവ'യാണ്. പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതേസമയം, റോളക്സിന്റെ റീ എൻട്രി തെന്നിന്ത്യൻ പ്രേക്ഷകരടക്കം കാത്തിരിക്കുന്ന ഒന്നാണ്. ഒപ്പം വാടി വാസൽ, സുധ കൊങ്കര സംവിധാനത്തിലൊരുങ്ങുന്ന ചിത്രം എന്നിങ്ങനെ പ്രൊജക്ടുകൾ നിരവധിയാണ് നടനായി കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image