വൻകരമേളയിലെ വലിയ നേട്ടങ്ങൾ; ഇന്ത്യൻ കായിക രംഗം പകരുന്ന സന്ദേശമെന്ത് ?

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ പല നേട്ടങ്ങളും വർഷങ്ങൾക്ക് ശേഷമാണ്. ചിലത് ചരിത്രത്തിലാദ്യമായുണ്ടായ വിജയമാണ്. നിരവധി താരങ്ങൾ റെക്കോർഡ് ബുക്കിലും ഇടം പിടിച്ചു.

dot image

ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലാദ്യമായി 100 മെഡൽ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. 2018ൽ ജക്കാർത്തയിൽ നേടിയ 16 സ്വർണമടക്കം 70 മെഡലെന്ന നേട്ടത്തേക്കാൾ ഏറെ മധുരമുള്ളതാണ് ഹാങ്ചൗവിലെ ഇന്ത്യൻ മുന്നേറ്റം.

മെഡൽ നേട്ടത്തിൽ സെഞ്ചുറി നേടുകയെന്ന ലക്ഷ്യത്തിന് തുടക്കമിട്ടത് ഇന്ത്യൻ ഷൂട്ടർമാരാണെന്ന് പറയാൻ കഴിയും. ആദ്യ ദിനങ്ങൾ ഷൂട്ടിങ് സംഘത്തിന്റേതായിരുന്നു. 22 മെഡലുകൾ ഇന്ത്യൻ താരങ്ങൾ ഷൂട്ട് ചെയ്തിട്ടു. തുടക്കത്തിലെ ആവേശം അത്ലറ്റുകളും തുടര്ന്നു. ഒക്ടോബർ എട്ടിന് ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഷൂട്ടിങ്ങിനും അത്ലറ്റിക്സിനും പുറമെ അമ്പെയ്ത്തിലും ബോക്സിങ്ങിലും ഗുസ്തിയിലും ക്രിക്കറ്റിലും ബാഡ്മിന്റണിലും കബഡിയിലും ടേബിൾ ടെന്നിസിലും തുഴച്ചിലിനങ്ങളിലുമെല്ലാം ഇന്ത്യ നേട്ടങ്ങൾ ഉണ്ടാക്കി. അതിൽ പല ഇനങ്ങളിലും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷവും മറ്റു ചില ഇനങ്ങളിൽ ചരിത്രത്തിൽ ആദ്യവുമാണ് ഇന്ത്യ നേടിയത്. പല നേട്ടങ്ങളും റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. ബാഡ്മിന്റണിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ മെഡൽ നേടുന്നത്. ടേബിൾ ടെന്നിസിലെ ഇന്ത്യൻ നേട്ടം ചൈനയെ പോലും ഞെട്ടിച്ചിട്ടുണ്ടാവും.

ഏഷ്യാഡിലെ പ്രകടനം പാരീസ് ഒളിംപിക്സിൽ അതുപോലെ ആവർത്തിക്കുമെന്ന് കരുതാനാവില്ല. ഒളിമ്പിക്സിലേക്ക് വരുമ്പോൾ ഓരോ ഇനങ്ങളിലും ശക്തരായ എതിരാളികളുടെ എണ്ണം വർദ്ധിക്കുമെന്നതാണ് പ്രധാനകാരണം. എങ്കിലും രണ്ട് വർഷം മുമ്പ് ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടത്തിന് ശേഷം ലോകം ഇന്ത്യയുടെ കായിക മേഖലയെ കുറച്ചുകാണുന്നില്ല.

ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ വലിയ നേട്ടങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരിന്റെ മികച്ച പിന്തുണയാണെന്ന് താരങ്ങൾ ഉറപ്പിച്ചുപറയുന്നു. പാരീസിൽ മെഡലെണ്ണം രണ്ടക്കം കടത്താനുള്ള പിന്തുണ ഇപ്പോൾ തന്നെ കേന്ദ്ര സർക്കാർ നൽകുന്നതായി താരങ്ങൾ വ്യക്തമാക്കുന്നു. സാമ്പത്തിക സഹായം, വിദേശ പരിശീലകരുടെ തന്ത്രങ്ങൾ, വിദേശ രാജ്യങ്ങളിൽ ചെന്നുള്ള പരിശീലനം തുടങ്ങിയവയെല്ലാം ഇന്ന് ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നു.

അമ്പെയ്ത്തിന് മാത്രമായി 2022-23 വർഷത്തിൽ സർക്കാർ 24 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. കേന്ദ്ര കായിക മന്ത്രാലയം എൻടിപിസിയുമായി (നാഷണൽ തെർമൽ പവർ കോർപ്പറേഷൻ) ഉണ്ടാക്കിയ കരാർ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിൽ 115 കോടി രൂപ അമ്പെയ്ത്ത് വിനോദത്തിന്റെ ഉന്നമനത്തിനായി ലഭിച്ചിരുന്നു. ഇത് കൂടാതെ 15 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിച്ചിരുന്നു. ദക്ഷിണ കൊറിയയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പരിശീലകരെ നിയമിക്കുന്നതിനും അമേരിക്കയ്ക്ക് തുല്യമായ കായിക കരുത്ത് നേടുന്നതിനും 50 ഇന്ത്യൻ പരിശീലകരെ അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുപ്പിക്കുന്നതിനുമായി ഏകദേശം രണ്ട് കോടി രൂപയാണ് ചെലവഴിച്ചത്. മനശാസ്ത്രജ്ഞർ, പോഷകാഹാര വിദഗ്ധർ എന്നിവരെ നിയമിച്ചുള്ള ദേശീയ ക്യാമ്പുകൾക്കായി മൂന്ന് കോടി രൂപയാണ് ചെലവഴിച്ചത്. 2018ലെ ഏഷ്യൻ ഗെയിംസിൽ വെറും രണ്ട് മെഡലിൽ നിന്ന് 2023ലെത്തിയപ്പോൾ അമ്പെയ്ത്തിൽ ഇന്ത്യൻ മെഡൽനേട്ടം ഒമ്പതിലേക്ക് ഉയർന്നു. അതിൽ അഞ്ചെണ്ണം സ്വർണ മെഡലുകളാണ്. ജ്യോതി സുരേഖ വെന്നാം, ഒജാസ് പർവാസ് എന്നിവർ മൂന്ന് സ്വർണ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളായി.

2018ൽ ഇന്ത്യ 18 കായിക ഇനങ്ങളിലാണ് മെഡലുകൾ നേടിയത്. ഇത്തവണ അത് 22 ആയി ഉയർന്നു. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും ഏറ്റവും കൂടുതൽ മെഡലുകൾ വന്നത് അത്ലറ്റിക്സിൽ നിന്നും ഷൂട്ടിങ്ങിൽ നിന്നുമാണ്. അത്ലറ്റിക്സിൽ 20 മെഡലായിരുന്നത് ഇത്തവണ 29 ആയി വർദ്ധിച്ചു. ഷൂട്ടിങ്ങിൽ ഒമ്പതിൽ നിന്നാണ് 22 ആയി ഉയർന്നത്. ലോകപ്രസിദ്ധരായ ചൈനീസ് ഷൂട്ടർമാർക്കൊപ്പം മത്സരിച്ചാണ് ഇന്ത്യ മെഡൽ പട്ടികയിൽ ഇടം പിടിച്ചതെന്നതും വലിയ നേട്ടമാണ്.

അത്ലറ്റിക്സ് ഏതൊരു ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്ക് മെഡൽ നൽകുന്ന ഇനമാണ്. പക്ഷേ ഇത്തവണ അത്ഭുതം സൃഷ്ടിക്കുന്ന ചില പ്രകടനങ്ങൾക്ക് ഏഷ്യൻ ഗെയിംസ് സാക്ഷിയായി. ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണി സ്വർണം നേടി. 3000 മീറ്റർ സ്റ്റീപ്പിൾചേയ്സിൽ അവിനാഷ് സാബ്ലെയുടെ നേട്ടവും ചരിത്രമാണ്.

നീരജ് ചോപ്ര ഏഷ്യൻ ഗെയിംസിലെ തന്റെ സുവർണ നേട്ടം നിലനിർത്തി. പക്ഷേ ചരിത്രത്തിൽ ആദ്യമായാണ് ജാവലിൻ സ്വർണവും വെള്ളിയും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കുന്നത്. കിഷോർ കുമാർ ജെന്ന തന്റെ വ്യക്തിഗത റെക്കോർഡ് നേട്ടത്തോടെയാണ് വെള്ളി മെഡൽ നേടിയത്. ഗോൾഫിൽ അദിതി അശോകിന്റെ ചരിത്ര നേട്ടം രാജ്യം ആഘോഷിച്ചു. തേജസ്വിൻ ശങ്കറിന്റെ ഡെക്കത്തലോൺ വെള്ളിയും പാരുൽ ചൗധരിയുടെ 5000 മീറ്ററിലെ സുവർണത്തിളക്കവും ആർക്കും മറക്കാൻ കഴിയില്ല.

റോളർ സ്കേറ്റിങ്ങിലും കനോയിംഗിലും അഭിമാന നേട്ടങ്ങൾ ലഭിച്ചു. ചെസ്സിൽ പുരുഷ വനിതാ ടീമുകൾ വെള്ളിത്തിളക്കം സ്വന്തമാക്കി. ക്രിക്കറ്റിൽ ആദ്യമായി പങ്കെടുത്ത വർഷം തന്നെ ഇന്ത്യൻ താരങ്ങൾ സുവർണ നേട്ടം സ്വന്തമാക്കി. കബഡി, ഹോക്കി ഇനങ്ങളിലും ഇന്ത്യയുടെ നേട്ടം വലുതാണ്. വുഷു, ബ്രിഡ്ജ്, കുറാഷ് തുടങ്ങിയ ഇനങ്ങളിലും മെഡൽ തിളക്കത്തോടെയാണ് ഇന്ത്യ ചൈന വിട്ടുപോരുന്നത്. ഒക്ടോബർ ഏഴ് ഇന്ത്യൻ കായിക ചരിത്രത്തിൽ സ്വർണ നിറത്തിൽ രേഖപ്പെടുത്തുന്നതാണ്.

2002ൽ ഇന്ത്യ 35 മെഡലുകളുമായാണ് ഏഷ്യൻ ഗെയിംസ് അവസാനിപ്പിച്ചത്. 2006ൽ 53ഉം 2010ൽ 65 എന്നും ഇന്ത്യൻ മെഡൽ നേട്ടം വർദ്ധിച്ചു. 2014ൽ മെഡൽ നേട്ടത്തിൽ നേരിയ കുറവുണ്ടായി. 2018ൽ പക്ഷേ അത് 70ലേക്ക് എത്തി. 2023ൽ മെഡൽ നേട്ടം മൂന്നക്കം കടന്നു. ഇത് കായിക മേഖലയിലെ ഇന്ത്യയുടെ സ്ഥിരത വർദ്ധിക്കുന്നതിന്റെ തെളിവാണ്. ഈ സ്ഥിരത ഇന്ത്യ ആവർത്തിക്കുകയാണെങ്കിൽ ഒളിംപിക്സ് വേദിയിൽ ഇന്ത്യൻ മെഡൽ നേട്ടം രണ്ടക്കത്തിലേക്ക് എത്തണമെന്നത് വിദൂര സ്വപ്നമല്ല.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image