നായികയോ നായകനോ ആരെന്ന് നോക്കാതെ സംവിധായകനെ മാത്രം കണ്ട് മലയാളി തിയേറ്ററുകളിലേയ്ക്ക് പോയി തുടങ്ങിയിട്ട് എത്രകാലമായിട്ടുണ്ടാകും? 'ന്യൂ ജെൻ' സിനിമകൾ അരങ്ങ് വാണുതുടങ്ങിയതിൽ പിന്നെ എന്നാണ് ചിന്തിച്ചതെങ്കിൽ തെറ്റി. പത്മരാജനും ഭരതനുമെല്ലാം ക്ലാസ് സിനിമകളിലൂടെ ആഘോഷിക്കപ്പെട്ട കാലത്താണ് മാസ് സിനിമകളുടെ മറ്റൊരുവഴി ഐവി ശശി മലയാളത്തിൽ വെട്ടിത്തുറന്നത്. 'ഐ വി ശശി' എന്നത് മലയാള സിനിമയിൽ പരസ്യ വാചകമായിരുന്ന കാലം.
1948 മാർച്ച് 28ന് കോഴിക്കോട് ജനിച്ച ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ വി ശശി കലാസംവിധായകനായാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിക്കുന്നത്. 1975ൽ പുറത്തിറങ്ങിയ 'ഉത്സവം' ആയിരുന്നു സംവിധായകനായ ആദ്യ ചിത്രം. 78ൽ പുറത്തിറങ്ങിയ 'അവളുടെ രാവുകളി'ലൂടെ ഹിറ്റ് മേക്കറായി. 2017 ഒക്ടോബർ 25ന് ഐവി ശശി വിടപറയുമ്പോൾ 'ഉത്സവം കഴിഞ്ഞു' എന്നായിരുന്നു ഐ വി ശശിയുടെ മുഖചിത്രത്തിനൊപ്പം ഒരു വാരിക എഴുതി വെച്ചത്. സിനിമകളെ ഉൽസവങ്ങളാക്കി തിയേറ്ററുകളിൽ ആൾക്കൂട്ടത്തെ എത്തിച്ച സൂപ്പർ ഹിറ്റ് സംവിധായകനുള്ള ആദരം.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ഷോ-മാൻ, മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ സംവിധായകൻ. അന്നോളം കണ്ട സിനിമാ രീതികളെയും ചിന്തകളെയും തിരുത്തിയെഴുതുന്നതായിരുന്നു ഐ വി ശശി ഒരുക്കിയ ഓരോ ചിത്രങ്ങളും. പ്രതിനായക കഥാപാത്രങ്ങളിൽ കുടുങ്ങിക്കിടന്ന കെ പി ഉമ്മറിനെ നായകനാക്കിയാണ് 'ഉത്സവം' ഒരുക്കിയത്. പിന്നാലെ റിലീസിനെത്തിയ 'അവളുടെ രാവുകൾ' കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. പുനർവായനകളിൽ ഒരു കൾട്ട് ക്ലാസിക് ആയാണ് സിനിമയെ മലയാളി പ്രേക്ഷകർ വിലയിരുത്തിയത്. മലയാളി തുടർന്നുവന്ന കപട സദാചാര ബോധത്തിന്മേലുള്ള ആഞ്ഞടിയായിരുന്നു സീമയയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രം.
എഴുപതുകളുടെ ഒടുവിലും എൺപതുകളിലും ഒരു താരത്തിന് ലഭിക്കാവുന്നത്ര താരപ്രഭയും ജനകീയതയും ഐവി ശശി എന്ന സംവിധായകനും ലഭിച്ചു. ഒരു വർഷം പത്തും പതിനഞ്ചും സിനിമകൾ, ഒരേസമയം ഒന്നിലധികം സിനിമകൾ. ഭൂരിപക്ഷവും തിയേറ്റർ ഹിറ്റുകൾ. താരങ്ങളുടെ ഡേറ്റിനായല്ല, ഐ വി ശശിയുടെ ഡേറ്റിനായിരുന്നു അന്ന് നിർമ്മാതാക്കളുടെ കാത്തിരിപ്പ്. 'മാസ്' എന്ന പുതിയകാല വാണിജ്യോല്പന്നത്തെ ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്തിയ പൂർവ്വകാല ചലച്ചിത്രകാരനാണ് ഐ വി ശശി. 'അങ്ങാടി, 'അഹിംസ', 'അടിമകൾ ഉടമകൾ', 'ഈ നാട്' പോലുള്ളവ ഉദാഹരണങ്ങളാണ്. അങ്ങാടിയിലെ ജയന്റെ ഡയലോഗുകൾ പുതിയ തലമുറയ്ക്കിടയിലും അദ്ദേഹത്തിന്റെ ഓർമ്മകൾ അവശേഷിപ്പിക്കുന്ന തിരുശേഷിപ്പുകളായത് ഐ വി ശശി എന്ന സംവിധായകന്റെ കൂടി മേൻമയാണ്.
നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിനിടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റിയൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മോഹൻലാലും മമ്മൂട്ടിയും ജയനും സോമനും രതീഷും സുകുമാരനുമെല്ലാം താരപദവിയിലേക്ക് നടന്നുകയറുന്നത് ഐ വി ശശി ചിത്രങ്ങളിലൂടെയാണ്. 'അങ്ങാടി' കൂടാതെ 'കരിമ്പന'യും 'കാന്തവലയ'വുമെല്ലാം ജയനെ ആ കാലഘട്ടത്തിലെ പുരുഷബിംബമാക്കി. 'തൃഷ്ണ'യെന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ ആദ്യമായി നായകനാക്കി. തുടർന്നു വന്ന 'ഈ നാട്', 'ജോൺ ജാഫർ ജനാർദ്ദനൻ' എന്നിവ ആ നായക പദവിയെ അരക്കിട്ടുറപ്പിച്ചു.
1984ൽ 'ആൾകൂട്ടത്തിൽ തനിയെ', 'അക്ഷരങ്ങൾ', 'കാണാമറയത്ത്' പോലെ മമ്മൂട്ടിയുടെ കരിയറിൽ പ്രധാനമായ സിനിമകൾ ഐ വി ശശി അദ്ദേഹത്തിന് സമ്മാനിച്ചു. അതേ വർഷമാണ് മമ്മൂട്ടിക്ക് 'സൂപ്പർ സ്റ്റാർഡം' നേടിക്കൊടുത്ത 'അതിരാത്ര'ത്തിലെ താരാദാസ് പിറവിയെടുക്കുന്നത്. മോഹൻലാലിന്റെ നായക പദവിക്ക് മുതൽകൂട്ടാകാനും ഐ വി ശശി ചിത്രങ്ങൾക്കായി. രജനീകാന്ത്, കമൽഹാസൻ, രാജേഷ് ഖന്ന, മിഥുൻ ചക്രവർത്തി എന്നിവരും ഐ വി ശശി ചിത്രങ്ങളിൽ നായകന്മാരായി. എം ടി വാസുദേവൻ നായർ, പത്മരാജൻ, ടി ദാമോദരൻ, ജോൺ പോൾ, എ കെ ലോഹിതദാസ്, എ ഷെരീഫ് പോലെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ സംവിധായകനായി.
പ്രണയവും പ്രതികാരവും പ്രതിഷേധവും രതിയുമെല്ലാം ഐ വി ശശി ചിത്രങ്ങളിലൂടെ പ്രേക്ഷകന് അനുഭവവേദ്യമായി. പത്മരാജനും ഐ വി ശശിയും ചേർന്ന് ഒരുക്കിയ 'ഇതാ ഇവിടെ വരെ' മലയാളത്തിലെ ആദ്യകാല 'റിവഞ്ച് ഡ്രാമ' സിനിമകളിൽ ഒന്നാണ്. രജനികാന്തിനെയും കമൽ ഹാസനെയും പ്രധാന താരങ്ങളാക്കി മലയാളം-തമിഴ് ദ്വിഭാഷാ ഫാന്റസി ചിത്രം 'അലാവുദ്ദീനും അത്ഭുത വിളക്കും' ഒരുക്കുന്നത് 1979ൽ ആണ്. മുതലാളിത്തവും ട്രേഡ് യൂണിയനുകളുടെ വരവും വളർച്ചയും കേരളീയ സമൂഹത്തിൽ അതുണ്ടാക്കിയ പ്രതിഫലനങ്ങളും 'അങ്ങാടി' പോലുള്ള ചിത്രങ്ങൾ അടയാളപ്പെടുത്തി. 'ഈ നാട്', 'അടിമകൾ ഉടമകൾ', 'അബ്കാരി', 'അർഹത', 'അപാരത' പോലുള്ള ഐ വി ശശി ചിത്രങ്ങൾ ആ കാലത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ചർച്ച ചെയ്യുകയും സാമ്പത്തിക വിജയം നേടുകയും ചെയ്തവയാണ്.
'ആവനാഴി', 'ഇൻസ്പെക്ടർ ബൽറാം', 'ദേവാസുരം' തുടങ്ങിയ സിനിമകൾ 'ആൽഫ-മെയിൽ' നായകനെ മലയാള സിനിമയിൽ സൃഷ്ടിച്ചു കൊടുത്തു. ഇത് വലിയ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയതിന്റെ പ്രതിഫലനമാണ് പിന്നീടുമാവർത്തിച്ച ആവനാഴി-ദേവാസുരം ടെംപ്ലേറ്റിലുള്ള സിനിമകൾ. സാങ്കേതികതയെ കാലത്തിനൊത്ത തികവോടെ അവതരിപ്പിക്കുന്നതിലും ഐ വി ശശിയിലെ ചലച്ചിത്രകാരൻ ശ്രദ്ധവെച്ചു. അതിനൊരു ഉദാഹരമാണ് പിരിയഡ് ഡ്രാമ ഴോണറിലുള്ള '1921'ലെ മലബാർ ലഹളയുടെ ചിത്രീകരണം.
കഥയുടെ വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയും ശരിയായ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തിയത്. അധികമാരും ധൈര്യപ്പെടാത്ത മൾട്ടി സ്റ്റാറർ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. 1982ൽ 'ആരൂഢ'ത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചു. 1989ൽ 'മൃഗയ'യിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും നേടി.
1997ൽ പുറത്തിറങ്ങിയ 'വർണ്ണപകിട്ടി'ന് ശേഷം കാലത്തിന്റെ വിജയഫോർമുലകൾക്കൊപ്പം ഓടിയെത്താൻ ഐ വി ശശിക്കായില്ല. 2009ൽ ചെയ്ത ‘വെള്ളത്തൂവൽ’ആണ് അവസാനചിത്രം. കേരള സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. എഴുപതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ തുടക്കം വരെ മലയാള സിനിമയ്ക്ക് നൂറില്പരം ഹിറ്റുകളാണ് ഐ വി ശശി സമ്മാനിച്ചത്. മലയാളത്തിന്റെ താരസംവിധായകന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.
1999ലെ ലോക്സഭാ തിരഞ്ഞെടുപ്പ്; മുരളിയിലെ രാഷ്ട്രീയക്കാരൻ സ്ഥാനാർത്ഥിയായപ്പോൾ