പിള്ളേര് കളിയല്ല ആനിമേഷൻ; ഇരുന്ന് പണിയെടുത്ത കുറച്ചു ചിത്രങ്ങളിതാ

പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുകുലുക്കുകയും കണ്ണുകളെ അത്ഭുതപ്പെടുത്തുകയും ചെയ്ത ചില അനിമേഷൻ ദൃശ്യ വിരുന്നുകളിതാ

dot image

മനുഷ്യന്റെ ഭാവനയെ എത്രത്തോളം ദൃശ്യവത്കരിക്കാം? ഒരു ലൈവ് ആക്ഷൻ സിനിമയിൽ അതിന് അതിർവരമ്പുകളുണ്ട്. എന്നാൽ, സംസാരിക്കുന്ന കാറും ചീറി പായുന്ന ഒച്ചും പ്രണയിക്കുന്ന കളിപ്പാട്ടവുമെല്ലാമായി അതിർവരമ്പുകൾ കടന്ന് ഭാവനയുടെ വിവിധ തലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോവുന്നു എന്നത് തന്നെയാണ് അനിമേഷൻ സിനിമകളുടെ ഏറ്റവും വലിയ സവിശേഷത. അനിമേഷൻ എന്ന് കേൾക്കുമ്പോൾ ഇത് കുട്ടികൾക്കുള്ളതല്ലേ എന്ന് നെറ്റിചുളിക്കാൻ വരട്ടെ, അനിമേഷൻ സിനിമ ഒരു പിള്ളേര് കളിയല്ല. 2019 ൽ റിലീസ് ചെയ്ത ദി ലയൺ കിംഗ് എന്ന ഡിസ്നി ചിത്രത്തിന്റെ ബഡ്ജറ്റ് ഏകദേശം 250 ദശലക്ഷം ഡോളറാണ്, അതായത് ഏകദേശം 1790 കോടി ഇന്ത്യൻ രൂപ. ഒരു ബിഗ് സ്കെയിൽ ഇന്ത്യൻ സിനിമയുടെ ബഡ്ജറ്റിനെക്കാൾ എത്രയോ ഇരട്ടിയാണ് ഈ തുക. സിനിമ നേടിയ വരുമാനമാകട്ടെ ഒരു ബില്യണിലധികവും.

ലൈവ് ആക്ഷൻ സിനിമകളെപോലെ അനിമേഷൻ സിനിമകൾക്കും പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കും. അതിനാൽ തന്നെയാണ് അനിമേഷൻ സിനിമകൾ വളരെ വലിയ വ്യവസായമായി മാറിയതും. പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുകുലുക്കുകയും കണ്ണുകളെ അത്ഭുതപ്പെടുത്തുകയും ചെയ്ത ചില അനിമേഷൻ ദൃശ്യ വിരുന്നുകളിതാ.

ടോയ് സ്റ്റോറി ഫ്രാഞ്ചൈസി

ഒരു വ്യക്തിയുടെ ബാല്യത്തെ ഏറ്റവും സമ്പന്നമാക്കുന്നതെന്തായിരിക്കും? ആ കുട്ടിയുടെ കളിപ്പാട്ടങ്ങൾ തന്നെ. ആ കളിപ്പാട്ടങ്ങൾക്ക് ജീവനുണ്ടെങ്കിൽ എന്തായിരിക്കും അവരുടെ ലോകത്തിൽ സംഭവിക്കുക എന്നാണ് ടോയ് സ്റ്റോറി ഫ്രാഞ്ചൈസി പറയുന്നത്. വുഡി, ബസ് ലൈറ്റ്ഇയർ എന്നീ കളിപ്പാട്ടങ്ങളാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ആൻഡി എന്ന കുട്ടിയുടെ കളിപ്പാട്ടങ്ങളാണവർ. ആ കളിപ്പാട്ടങ്ങളുടെ ലോകത്തിലെ സഹൃദവും പ്രണയവുമെല്ലാമാണ് ടോയ് സ്റ്റോറി സിനിമകൾ പറയുന്നത്.

1995-ലാണ് ടോയ് സ്റ്റോറിയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ജോൺ ലാസ്സെറ്റർ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യത്തെ മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും പിക്സാറിന്റെ ആദ്യ ചിത്രവുമാണ്. ഈ ചിത്രത്തിന് 1999-ൽ ടോയ് സ്റ്റോറി 2, 2010-ൽ ടോയ് സ്റ്റോറി 3 , 2018-ൽ ടോയ് സ്റ്റോറി 4 എന്നീ തുടർഭാഗങ്ങളും ഇറങ്ങി. ചിരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ആദ്യഭാഗം മുതൽ നൊമ്പരത്തോടെ അവസാനിപ്പിക്കുന്ന നാലാം ഭാഗം വരെ, 20 വർഷത്തെ കാലയളവിനിടയിൽ റിലീസ് ചെയ്ത ടോയ് സ്റ്റോറികൾ ബോക്സ് ഓഫീസില് വലിയ വിജയങ്ങളായിരുന്നു.

ഫൈൻഡിങ് നീമോ

മാർലിനും മകൻ നീമോയും സുഖസുന്ദരമായാണ് ആ ലോകത്തിൽ ജീവിക്കുന്നത്. ഒരു ദിവസം നീമോയെ ചിലർ തട്ടിക്കൊണ്ടുപോവുകയാണ്. പറയാൻ മറന്നു, നീമോയും പിതാവ് മാർലിനും വളർത്തു മത്സ്യങ്ങളാണ്. തന്റെ മകനെ രക്ഷിക്കുന്നതിനായി മാർലിൻ ഇറങ്ങി തിരിക്കുന്നു. മാർലിന്റെ ആ യാത്രയിൽ സഹായത്തിന് ഡോറി എന്ന മറ്റൊരു മത്സ്യവും കൂടുന്നു. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഡോറി ഒരു മറവി രോഗിയാണ് എന്നതാണ്. ഇരുവരും നടത്തുന്ന സംഭവ ബഹുലമായ യാത്രയാണ് ഫൈൻഡിങ് നീമോ എന്ന അനിമേഷൻ ചിത്രത്തിന്റെ ഇതിവൃത്തം.

2003-ൽ റിലീസ് ചെയ്ത സിനിമ ഏറെ നിരൂപക പ്രശംസ നേടി. ആ വർഷത്തെ അക്കാദമി അവാർഡിൽ നാല് നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. ലോകമെമ്പാടും 867 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം എക്കാലത്തെയും മികച്ച വരുമാനം നേടുന്ന സിനിമ എന്ന റെക്കോർഡ് വരെ സ്വന്തമാക്കിയിരുന്നു. 2006 ആയപ്പോഴേക്കും ചിത്രത്തിന്റെ 40 ദശലക്ഷം കോപ്പികൾ വിറ്റഴിക്കുകയും അതുവഴി ഏറ്റവുമധികം ഡിവിഡി വിൽപ്പന നടത്തിയ അനിമേഷൻ ചിത്രമെന്ന റെക്കോർഡ് സിനിമ സ്വന്തമാക്കുകയും ചെയ്തു. ഡോറി എന്ന മറവി രോഗിയായ മൽസ്യത്തിനും ഒരു കഥയുണ്ടെന്ന് പറഞ്ഞു കൊണ്ട് 2016 -ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഫൈൻഡിങ് ഡോറി പുറത്തിറങ്ങി.

ദി ലയൺ കിംഗ്

ആഫ്രിക്കയിലെ ഒരു കാട്. ആ കാടിന്റെ രാജാവാണ് മുഫാസ എന്ന സിംഹം. മുഫാസ്സയുടെ മകൻ, അതായത് ആ കാടിന്റെ അടുത്ത രാജാവിന്റെ ജനനത്തോടെയാണ് ദി ലയൺ കിംഗ് ആരംഭിക്കുന്നത്. ജനിച്ചു വീണ ആ സിംഹക്കുട്ടിയെ പ്രജകൾക്ക് മുന്നിൽ ഉയർത്തി കൊണ്ടവർ പറയുന്നു; സിംബ. സിംബ രാജാവാകുന്നതിൽ മുഫാസയുടെ സഹോദരൻ സ്കാറിന് അസൂയ തോന്നുന്നു. സാമ്രാജ്യം തന്റേതാക്കാൻ സ്കാർ മുഫാസയെ കൊല്ലുകയും ആ കൊലപാതകം താനാണ് ചെയ്തത് എന്ന് സിംബയെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സിംബ എന്ന സിംഹക്കുട്ടി തന്റെ രാജ്യത്തിൽ നിന്ന് ഒളിച്ചോടി പോകുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ സാമ്രാജ്യം തിരിച്ചുപിടിക്കാൻ സിംബ എന്ന സിംഹം തിരിച്ചെത്തുന്നതാണ് സിനിമയുടെ കഥ. പ്രണയവും പകയും സൗഹൃദവും എല്ലാ ഇഴചേർത്ത് ഒരു മാസ് മസാല സിനിമയുടെ എല്ലാ ചേരുവകളും ചേർത്താണ് ഡിസ്നി, ലയൺ കിംഗ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായ ബാഹുബലി ഈ സിനിമയുടെ മറ്റൊരു പതിപ്പാണ് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

വില്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ ഹാംലറ്റ് എന്ന നാടകത്തിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ടാണ് ലയൺ കിംഗ് ഒരുക്കിയത്. 1994 ലാണ് ദി ലയൺ കിംഗ് എന്ന അനിമേഷൻ ചിത്രം ആദ്യമായി തിയേറ്ററുകളിലെത്തിയത്. 763 ദശലക്ഷം ഡോളറുമായി ആ വർഷത്തെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രവും ജുറാസിക് പാർക്കിന് ശേഷം ലോകത്തിൽ തന്നെ ഏറ്റവും കളക്ഷൻ നേടുന്ന സിനിമയുമായിരുന്നു ലയൺ കിംഗ്. സിംബ എന്ന രാജാവിന്റെ തുടർന്നുള്ള ജീവിതം പറയുന്ന ദി ലയൺ കിംഗ്: സിംബാസ് പ്രൈഡ് എന്ന രണ്ടാം ഭാഗവും സിംബയുടെ സുഹൃത്തുക്കളായ ടിമോണിന്റെയും പുംബായുടെയും പോയിന്റ് ഓഫ് വ്യൂവിൽ കഥ പറയുന്ന ദി ലയൺ കിംഗ്സ് ടിമോണ് ആൻഡ് പുംബാ എന്ന തുടർഭാഗങ്ങളും റിലീസ് ചെയ്തു. 2019 ൽ ലയൺ കിംഗ് ഒരു ഫോട്ടോറിയലിസ്റ്റിക് റീമേക്കായി ഒരു വരവ് കൂടി നടത്തി. ആഗോള തലത്തിൽ തന്നെ ഏറ്റവും അധികം പണം നേടുന്ന അനിമേഷൻ സിനിമകളിൽ നാലാം സ്ഥാനമാണ് ആ ചിത്രത്തിന് ലഭിച്ചത്.

വാൾ-ഇ

ഇ വെയ്സ്റ്റ് കൂടി കൂടി അവസാനം എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആ ചിന്തയിൽ നിന്നുണ്ടായ രസകരമായ ഭാവനയാണ് 2008-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ അനിമേഷൻ ചിത്രമായ വാൾ-ഇ. ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭാവിയിലെ, അതായത് 2085 ലെ ഭൂമിയിലാണ് വാൾ-ഇ കഥ പറയുന്നത്. ഇ വെയ്സ്റ്റ് നിറഞ്ഞ് നിറഞ്ഞ് ഒടുവിൽ മനുഷ്യന് ഇവിടെ താമസിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ആക്സിയം എന്ന കൃത്രിമ ഗൃഹമുണ്ടാക്കി അവിടെയാണ് മനുഷ്യൻ ഇപ്പോൾ താമസിക്കുന്നത്. ഭൂമിയിലെ ഇ വെയ്സ്റ്റുകൾ വൃത്തിയാക്കാൻ നിയോഗിക്കപ്പെട്ട, ഇപ്പോൾ മറ്റൊരു മാലിന്യമായി മാറിയ വാൾ-ഇ എന്ന റോബോട്ടാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം.

ഒരിക്കൽ ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടിനെ വാൾ-ഇ കണ്ടുമുട്ടുകയും അവളുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. അവർ ഒരുമിച്ച് മനുഷ്യരാശിയുടെ വിധിയെ മാറ്റിമറിക്കുന്നതാണ് ഇതിവൃത്തം. ഒരേസമയം വളരെ ലളിതമായി ഒരു പ്രണയ കഥ പറയുകയും അതുപോലെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുകയും ചെയ്യുന്ന ഈ സിനിമയെ പല നിരൂപകരും ലോകം കണ്ട ഏറ്റവും മികച്ച അനിമേഷന് സിനിമകളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്.

അപ്പ്

പ്രണയത്തിനായി, പ്രണയിച്ച വ്യക്തിക്കായി നിങ്ങൾ എന്ത് ചെയ്യും. തന്റെ ജീവിത സഖിയായ എല്ലിയു എല്ലിക്ക് കൊടുത്തു വാക്ക് പാലിക്കാനായി, ദക്ഷിണ അമേരിക്കയിലെ പാരഡൈസ് വെള്ളച്ചാട്ടത്തിലേക്ക് പറക്കുന്ന കാൾ എന്ന 78 കാരന്റെ കഥയാണ് അപ്പ് പറയുന്നത്. പറക്കുക എന്ന് പറഞ്ഞാൽ അത് ലിറ്റററി പറക്കുകയായിരുന്നു. ആയിരക്കണക്കിന് ബലൂണുകൾ തന്റെ വീട്ടിലേക്ക് ബന്ധിപ്പിച്ചാണ് അയാൾ പറന്നത്. അയാൾക്കൊപ്പം ആ റസ്സൽ എന്ന ഒരു യുവ സഞ്ചാരിയും കൂടി ചേരുന്നതോടെ ആ യാത്ര പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒന്നായി മാറുന്നു.

ദി അഡ്വഞ്ചേഴ്സ് ഓഫ് ടിൻ ടിൻ

ഇതൊരു അനിമേഷൻ ചിത്രമാണോ? കണ്ടു തുടങ്ങിയവരെല്ലാം ഒരു നിമിഷമെങ്കിലും ഇങ്ങനെ ആലോചിച്ചുപോയ ഒരു അനിമേഷൻ സിനിമ, അതാണ് ദി അഡ്വഞ്ചേഴ്സ് ഓഫ് ടിൻ ടിൻ. വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പുരാവസ്തു കച്ചവടക്കാരന്റെ കയ്യിൽ നിന്ന് 17-ാം നൂറ്റാണ്ടിൽ കടലിൽ താഴ്ന്ന യൂണികോൺ എന്ന കപ്പലിന്റെ മോഡൽ കണ്ട് ഇഷ്ടം തോന്നിയ ടിന് ടിന് അത് വാങ്ങുന്നു. എന്നാല് അതിന് പിന്നാലെ ആ മോഡലും അന്വേഷിച്ചു പലരും എത്തുന്നു. കൂടുതൽ കാശ് നൽകാമെന്ന് പറഞ്ഞിട്ടും ആ മോഡല് കൊടുക്കാൻ തയ്യാറാവാതെ ഇരുന്നപ്പോൾ വന്നവർ ഭീഷണിയുടെ സ്വരം പുറത്തെടുക്കുന്നു. അപ്പോൾ ആ കപ്പലിനെ ചുറ്റിപറ്റി എന്തൊക്കെയോ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്നു ടിൻ ടിനു മനസിലാകുന്നു. പിന്നീട് അതുകണ്ടത്താനായി ടിൻ ടിൻ നടത്തുന്ന സാഹസിക യാത്രയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ.

ഐസ് ഏജ്

പേര് പോലെ ഹിമയുഗത്തിലാണ് ഐസ് ഏജ് എന്ന ഫ്രാഞ്ചൈസി കഥ പറയുന്നത്. അതിനാൽ തന്നെ സിനിമയിലെ എല്ലാ കഥാപത്രങ്ങളും നമ്മൾ സോഷ്യൽ സയൻസ് പുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള ജീവികളാണ്. അവയിൽ മാമത്തും സ്ലോത്തുമെല്ലാം ഉൾപ്പെടുന്നു. 2002 ലാണ് ആദ്യ ഐസ് ഏജ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ നാല് സിനിമകൾ കൂടി ഈ ഫ്രാഞ്ചൈസിയിലേതായി തിയേറ്റർ റിലീസ് ചെയ്തു. ആറ് ബില്യൺ ഡോളർ കളക്ഷനുള്ള ഐസ് ഏജ് സീരീസ് ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം പങ്ക് നേടിയിട്ടുള്ള ഫ്രാഞ്ചൈസിയാണ്.

dot image
To advertise here,contact us
dot image