ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഇന്ന് 35ാം പിറന്നാൾ ആഘോഷിക്കുകയാണ്. പതിനഞ്ച് വർഷം മുമ്പ് 2008 ഓഗസ്റ്റ് 18നാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നത്. ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന മത്സരമായിരുന്നു വിരാട് കോഹ്ലിയുടെ അരങ്ങേറ്റ വേദി. ഈ മത്സരത്തിനും മൂന്ന് മാസം മുമ്പ് വിരാട് കോഹ്ലി എന്ന പേര് ക്രിക്കറ്റ് ലോകത്തിന് പരിചിതമായിരുന്നു. അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ച ടീമിന്റെ നായകനായിരുന്നു വിരാട് കോഹ്ലി. അണ്ടർ 19 ലോകകപ്പിൽ ആറ് മത്സരങ്ങൾ കളിച്ച കോഹ്ലി 235 റൺസെടുത്തു. 47 റൺസായിരുന്നു ടൂർണ്ണമെൻ്റിൽ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി. വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ചുറി നേടി. ഇന്ത്യയുടെ ഭാവി താരമെന്ന് കോഹ്ലി അന്നേ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഡൽഹി ക്രിക്കറ്റിലെ സുഹൃത്ത് ഗൗതം ഗംഭീറിനൊപ്പം ഓപ്പണറായി. 12 റൺസിന് കോഹ്ലി പുറത്തായി. പരമ്പരയിൽ കോഹ്ലി നേടിയത് അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 159 റൺസ് മാത്രമാണ്. 31.80 ശരാശരിയിലായിരുന്നു കോഹ്ലിയുടെ ബാറ്റിംഗ്. അണ്ടർ 19 ക്രിക്കറ്റിലെ മികവാണ് കോഹ്ലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വാതിൽ തുറന്നതെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലി ശോഭിക്കുമെന്ന് ആദ്യ മത്സരങ്ങളിലെ പ്രകടനങ്ങൾ കണ്ടവർ വിശ്വസിച്ചില്ല. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ വിരാട് കോഹ്ലിയുടെ പ്രകടനം ലോകക്രിക്കറ്റിന് തന്നെ അത്ഭുതമായിരുന്നു.
വിരാട് കോഹ്ലിക്കെന്നും ക്രിക്കറ്റ് ആവേശം; ഒമ്പതാം വയസ് മുതൽ കളിക്കളത്തിൽഓരോ വർഷം കഴിയുമ്പോഴും സ്ഥിരതയുടെ പ്രതീകമായി കോഹ്ലി മാറി. ആധുനിക ക്രിക്കറ്റിലെ മികച്ച നാല് താരങ്ങളിൽ വിരാട് കോഹ്ലിയുടെ പേരും ഉൾപ്പെട്ടു. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണ് മറ്റ് താരങ്ങൾ. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി. ആദ്യ പരമ്പരയിൽ കോഹ്ലിക്ക് നേടാനായത് അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി 76 റൺസ് മാത്രം. പക്ഷേ ഓരോ തവണ പതറുമ്പോഴും കഠിനാദ്ധ്വാനംകൊണ്ട് വിരാട് കോഹ്ലി തിരിച്ചുവന്നു. ഇതുവരെ 111 ടെസ്റ്റുകൾ കളിച്ച കോഹ്ലി 187 ഇന്നിംഗ്സുകളിൽ നിന്നായി ഇതുവരെ 8,676 റൺസ് അടിച്ചുകൂട്ടി. 49.29 ആണ് ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായി 29 സെഞ്ചുറിയും 29 അർദ്ധ സെഞ്ചുറിയും കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നു. ബംഗ്ലാദേശിനെതിരെ പുറത്താകാതെ നേടിയ 254 ആണ് ഉയർന്ന സ്കോർ.
2014ൽ ഇന്ത്യൻ ടെസ്റ്റ് ടീം നായകപദവി വിരാട് കോഹ്ലിയെ തേടിയെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച നായകനുമായിരുന്നു കോഹ്ലി. 68 ടെസ്റ്റിൽ നയിച്ചതിൽ 40 ലും ഇന്ത്യ ജയിച്ചു. 17 മത്സരത്തിൽ തോൽവി അറിഞ്ഞപ്പോൾ 11 ടെസ്റ്റുകൾ സമനിലയിലായി. 58.82 ആണ് വിജയശതമാനം. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ കോഹ്ലിക്ക് കഴിഞ്ഞു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പരമ്പര വിജയമോ മത്സരവിജയങ്ങളോ നേടി. ജസ്പ്രിത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ലോകോത്തര ബൗളിങ് നിരയെ വാർത്തെടുത്തത് കോഹ്ലിയിലെ നായകനാണ്. ഇന്ത്യയെ 2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിക്കാനും കോഹ്ലിക്ക് കഴിഞ്ഞു.
2017ൽ ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തേയ്ക്കും കോഹ്ലിയുടെ പേര് നിർദ്ദേശിക്കപ്പെട്ടു. ഇന്ത്യ വിജയങ്ങൾ നേടുമ്പോഴും ഐസിസി ട്രോഫികളിലെ തോൽവി നിരാശയായി. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പുറത്തായി. 2021 ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ പുറത്തായി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിയും കൂടി ആയതോടെ കോഹ്ലിയുടെ നായകസ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. ഏകദിന, ട്വന്റി 20 ക്രിക്കറ്റിന്റെ താക്കോൽ സ്ഥാനം ബിസിസിഐ രോഹിത് ശർമ്മയെ ഏൽപ്പിച്ചു. ടെസ്റ്റ് നായകസ്ഥാനം വലിച്ചെറിഞ്ഞായിരുന്നു കോഹ്ലിയുടെ മറുപടി. 95 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 53 വിജയങ്ങൾ നേടി. 68.42 ആണ് വിജയശതമാനം. ഇക്കാലയളവിൽ 5,549 റൺസ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നു. 200 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച മഹേന്ദ്ര സിംഗ് ധോണിക്ക് 6,641 റൺസ് മാത്രമാണ് നായകകാലയളവിൽ നേടാനായത്.
മോശം ഫോമാണ് കോഹ്ലിയുടെ നായകസ്ഥാനം തെറിപ്പിച്ച മറ്റൊരു കാരണം. 2019 നവംബർ 23ന് ബംഗ്ലാദേശിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 70-ാം സെഞ്ചുറി വിരാട് കോഹ്ലി പൂർത്തിയാക്കി. പക്ഷേ 71-ാം സെഞ്ചുറിക്ക് മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 2022 സെപ്റ്റംബർ എട്ടിന് അഫ്ഗാനിസ്ഥാനെതിരെ കിംഗ് കോഹ്ലി തന്റെ പ്രതാപത്തിലേക്ക് തിരികെ വന്നു. മോശം ഫോമെന്ന് വിശേഷിക്കപ്പെട്ട കാലത്തും കോഹ്ലി പല ഇന്നിംഗ്സുകളിലും 50 റൺസ് പിന്നിട്ടിരുന്നു. എന്നാൽ കോഹ്ലിയിൽ നിന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച കുറഞ്ഞ സ്കോർ 100 എന്ന മാന്ത്രിക സംഖ്യയാണ്. അവശേഷിക്കുന്ന ക്രിക്കറ്റ് കരിയറിൽ കോഹ്ലിക്ക് ഓടിക്കയറാൻ ഇനിയും റൺമലകളുണ്ട്. സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തെ മറികടന്നുപോകുന്ന വിരാട വിജയത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.