ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 35 വയസ് പൂർത്തിയാകുന്നു. 15 വർഷം മുമ്പ് ഇന്ത്യയുടെ നീലകുപ്പായത്തിൽ അരങ്ങേറിയ ഒരു ഡൽഹിക്കാരൻ പയ്യൻ ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും വലിയ താരമായിരിക്കുന്നു. ഇന്ത്യൻ ടീമിലെത്തുന്നതിനും പത്ത് വർഷം മുമ്പാണ് വിരാട് കോഹ്ലി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്തിയത്.
മെയ് 30, 1998, കുഞ്ഞു കോഹ്ലിയും പിതാവ് പ്രേം കോഹ്ലിയും ഡൽഹിയിലെ വെസ്റ്റ് ക്രിക്കറ്റ് അക്കാദമിയിലെത്തി. കോഹ്ലിക്ക് അന്ന് ഒമ്പത് വയസ് മാത്രമായിരുന്നു പ്രായം. ഇതിഹാസ താരത്തിന്റെ ക്രിക്കറ്റ് ജീവിതം അവിടെ നിന്നാരംഭിക്കുന്നു. ക്രിക്കറ്റ് താരമാകാനുള്ള കോഹ്ലിയുടെ ആവേശവും ആഗ്രഹവും കണ്ട് അക്കാദമി പരിശീലകനായിരുന്ന രാജ് കുമാർ ശർമ്മ വിസ്മയിച്ചു. വർഷങ്ങൾക്ക് മുമ്പ് ഏതൊരു ഇന്ത്യക്കാരനെയും ക്രിക്കറ്റിലേക്ക് ആകർഷിച്ചത് സച്ചിൻ തെണ്ടുൽക്കറാണ്. കോഹ്ലിയുടെ കാര്യത്തിലും മറ്റൊരു കാരണമില്ല. അതിവേഗം വിരാട് കോഹ്ലിയിലെ ക്രിക്കറ്റ് താരം മുന്നോട്ടുകുതിച്ചു. അക്കാദമിയിലെ ക്ലാസ് കോഹ്ലി മുടക്കിയിരുന്നില്ല. സീനിയർ താരങ്ങൾക്കൊപ്പം കളിക്കണമെന്ന് കോഹ്ലി വാശിപിടിക്കുമായിരുന്നു. പലതവണ കോഹ്ലിക്ക് പരിശീലകൻ രാജ് കുമാർ ശർമ്മ താക്കീത് നൽകി. എങ്കിലും ഒടുവിൽ കോഹ്ലിയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ സമയമായെന്ന് ശർമ്മ തിരിച്ചറിഞ്ഞു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒപ്പം ഫീൽഡറായും ഒരുപോലെ തിളങ്ങാനായിരുന്നു കോഹ്ലിയുടെ ആഗ്രഹം. 12 വയസായപ്പോൾ 15 വയസിൽ താഴെയുള്ളവരുടെ ഒരു പ്രാദേശിക ക്രിക്കറ്റ് ടീമിലേക്ക് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. ഒരിക്കൽ 220-230 റൺസ് പിന്തുടരേണ്ടിയിരുന്ന ഒരു മത്സരം. സ്വന്തം ടീം ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ട കോഹ്ലി ലൈനപ്പിൽ സ്ഥാനക്കയറ്റം ചോദിച്ചു. രാജ് കുമാർ ശർമ്മ കോലിയുടെ ആഗ്രഹം അംഗീകരിച്ചു. സെഞ്ചുറിയുമായി ടീമിനെ അനായാസം ജയിപ്പിച്ച കോഹ്ലിയെയാണ് അന്ന് ഗ്രൗണ്ടിൽ കണ്ടത്. നാലാം നമ്പറാണ് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷനെങ്കിലും ഓപ്പണിംഗ് വിക്കറ്റ് മുതൽ പാഡണിഞ്ഞ് തന്റെ അവസരത്തിനായി കാത്തിരിക്കുമായിരുന്നു.
ഇന്ത്യൻ മുൻ പേസർ അതുൽ വാസനിൽ നിന്നും കോഹ്ലി പരിശീലനം നേടി. രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് കോഹ്ലിക്ക് വഴിയൊരുക്കിയതും മുൻ പേസറാണ്. 2006ൽ തമിഴ്നാടിനെതിരെ ഡൽഹി ടീമിൽ കോഹ്ലി അരങ്ങേറി. സഹതാരങ്ങളെ നയിക്കാനും പ്രോത്സാഹിപ്പിക്കാനും കോഹ്ലിക്ക് കഴിവുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കോഹ്ലി അനായാസം മുന്നേറി.
ഏതൊരു ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പും കോഹ്ലി താനുമായി ബാറ്റിംഗ് ടെക്നിക്കുകൾ ചർച്ച ചെയ്യുമെന്ന് ആദ്യ പരിശീലകൻ രാജ് കുമാർ ശർമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ കോഹ്ലി തന്നെ ഒരിക്കൽ സമീപിച്ചത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്ലിയുടെ ബാറ്റിംഗ് മോശമായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നായി വെറും 139 റൺസ് മാത്രമാണ് കോഹ്ലി സ്കോർ ചെയ്തത്. ഇംഗ്ലണ്ടിലേതിന് സമാനമായി പന്ത് സ്വിംഗ് ചെയ്യുന്ന പിച്ചിൽ കോഹ്ലി കളിക്കാൻ പരിശീലിച്ചു. നല്ല പുല്ലുള്ള പിച്ചിൽ മികച്ച ബൗളർമാരെ കോഹ്ലി നേരിട്ടു. വ്യത്യസ്തമായ ഷോട്ടുകൾ സ്വിംഗ് ചെയ്യുന്ന പിച്ചിൽ കളിക്കാൻ കോഹ്ലി പഠിച്ചു. 2018ലെ പരമ്പരയിൽ അഞ്ച് ടെസ്റ്റിൽ നിന്നായി കോഹ്ലി അടിച്ചുകൂട്ടിയത് 593 റൺസാണ്.
2006ൽ വിരാട് കോഹ്ലിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നുണ്ടായി. ഡിസംബർ 19, കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കോഹ്ലി ബാറ്റ് ചെയ്യുകയായിരുന്നു. കോഹ്ലി 40 റൺസെടുത്തപ്പോഴേയ്ക്കും ഡൽഹി അഞ്ചിന് 103 എന്ന നിലയിലായി. കോഹ്ലിയെത്തേട് തന്റെ പിതാവിന്റെ വിയോഗ വാർത്തയെത്തി. എന്നിട്ടും കോഹ്ലി ഗ്രൗണ്ടിൽ തുടർന്നു. ഡൽഹിയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചു. അതിന് ശേഷമാണ് തന്റെ കുടുംബത്തിലേക്ക് മടങ്ങിയത്.
2008ലെ അണ്ടർ 19 ലോകകപ്പാണ് കോഹ്ലിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിലേക്ക് വഴിതുറന്നത്. കോഹ്ലി നായകനായ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി. ആറ് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറി ഉൾപ്പടെ 235 റൺസ് കോഹ്ലി അടിച്ചുകൂട്ടി. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കായി നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്. മാസങ്ങൾക്കുള്ളിൽ കോഹ്ലിക്ക് ഇന്ത്യൻ ടീമിൽ നിന്ന് വിളി വന്നു. പിന്നീട് ഇന്ത്യയുടെ റൺമെഷീനായി വിരാട് കോഹ്ലി മാറുന്നതിന് കാലം സാക്ഷി.