വൈകി ഗാംഗുലി, മാന്യന് ഗ്രെയിം സ്മിത്ത്; സംഭവിക്കാതെ പോയ ആദ്യ 'ടൈംഡ് ഔട്ടി'ന്റെ കഥ ഇങ്ങനെയാണ്

ബംഗ്ലാദേശിനെതിരായ മത്സരത്തില് ശ്രീലങ്കന് മുന് ക്യാപ്റ്റന് ഏയ്ഞ്ചലോ മാത്യൂസ് പുറത്തായതിന് പിന്നാലെയാണ് 'ടൈംഡ് ഔട്ട്' എന്ന വാക്ക് ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാവുന്നത്

മനീഷ മണി
2 min read|07 Nov 2023, 04:18 pm
dot image

ക്രിക്കറ്റ് ലോകം ഇപ്പോള് ഏറെ ചര്ച്ച ചെയ്യുന്ന ഒരു വാക്കാണ് 'ടൈംഡ് ഔട്ട്'. ഏകദിന ലോകകപ്പില് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില് ശ്രീലങ്കന് മുന് ക്യാപ്റ്റന് ഏയ്ഞ്ചലോ മാത്യൂസ് പുറത്തായതിന് പിന്നാലെയാണ് 'ടൈംഡ് ഔട്ട്' എന്ന വാക്ക് ക്രിക്കറ്റിന് സുപരിചിതമാവുന്നത്.

എന്താണ് ടൈം ഔട്ട് നിയമം?

ഒരു ബാറ്റര് പുറത്തായാല് നിശ്ചിത സമയത്തിനുള്ളില് അടുത്ത ബാറ്റര് ആദ്യ പന്ത് നേരിടണം. ഈ സമയപരിധി കഴിഞ്ഞാല് ക്രീസിലിറങ്ങാനിരിക്കുന്ന ബാറ്ററെ ടൈം ഔട്ട് നിയമപ്രകാരം പുറത്താക്കാം.

ടെസ്റ്റ് മത്സരത്തില് ഒരു ബാറ്റര് പുറത്തായാല് അടുത്ത ബാറ്റര് മൂന്ന് മിനിറ്റിനുള്ളില് ആദ്യ പന്ത് നേരിടണം. ഏകദിനത്തില് എത്തുമ്പോള് ഈ സമയപരിധി രണ്ട് മിനിറ്റും ട്വന്റി20യില് 90 സെക്കന്റുമാണ്. ഈ സമയപരിധി കഴിഞ്ഞാല് ബാറ്റര് പുറത്താകും. ഇതാണ് ടൈം ഔട്ട് നിയമം.

'മാത്യൂസ് ടൈംഡ് ഔട്ട്'

ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് നടക്കുന്ന ലോകകപ്പ് മത്സരത്തില് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുകയാണ്. മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ലങ്കയ്ക്ക് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്നു. ശ്രീലങ്കന് ഇന്നിങ്സിന്റെ 25-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള് അരങ്ങേറുന്നത്. ഓവറിലെ രണ്ടാം പന്തില് സദീര സമരവിക്രമയെ ഷാക്കിബ് അല് ഹസന് പുറത്താക്കി. തൊട്ടുപിന്നാലെ ആറാമനായി എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തി. ഹെല്മെറ്റ് തലയില് വെക്കുമ്പോഴാണ് സ്ട്രാപ്പിലെ തകരാര് ശ്രദ്ധയില്പ്പെട്ടത്. ഹെല്മെറ്റ് ശരിയാക്കാന് കഴിയാതിരുന്നതോടെ പുതിയ ഹെല്മെറ്റ് കൊണ്ടുവരാന് നിര്ദേശം നല്കി. എന്നാല് ഇതിനിടയില് ആദ്യ പന്ത് നേരിടാനുള്ള സമയപരിധി കഴിഞ്ഞിരുന്നു.

ഇക്കാര്യം ശ്രദ്ധയില്പ്പെട്ട ബംഗ്ലാദേശ് ക്യാപ്റ്റന് ഷാക്കിബ് അല് ഹസന് തന്ത്രപൂര്വം ടൈംഡ് ഔട്ടിനായി അപ്പീല് ചെയ്യുകയായിരുന്നു. ഹെല്മെറ്റിന് തകരാര് സംഭവിച്ചതാണെന്ന് മാത്യൂസ് അമ്പയറോടും ഷാക്കിബിനോടും വിശദീകരിച്ചു. എന്നാല് ഷാക്കിബ് അപ്പീലില് ഉറച്ചുതന്നെ നിന്നു. അപ്പീല് അനുവദിക്കപ്പെട്ടതോടെ അമ്പയര് മറെ ഇറാസ്മസ് മാത്യൂസിനോട് ഗ്രൗണ്ടിന് പുറത്തുപോകാന് ആവശ്യപ്പെട്ടു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില് ടൈംഡ് ഔട്ട് വിധിക്കപ്പെട്ട് പുറത്താവുന്ന ആദ്യ താരമായി മാത്യൂസ് മാറി. മത്സരത്തില് ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില് നിന്ന് പുറത്താവുകയും ചെയ്തു.

'ആഭ്യന്തര ക്രിക്കറ്റിലെ ടൈംഡ് ഔട്ട്'

രാജ്യാന്തര ക്രിക്കറ്റിലെ അത്യപൂര്വ സംഭവങ്ങള്ക്കായിരുന്നു ഇന്നലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം നടന്ന ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയം വേദിയായത്. ബാറ്റിങ്ങിനായി ക്രീസിലെത്താനുള്ള സമയപരിധി പാലിക്കാത്തതിന്റെ പേരില് ഒരു ബാറ്റര് പുറത്താകുന്നത് 146 വര്ഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സംഭവമായി.

രാജ്യാന്തര ക്രിക്കറ്റില് ഈ നിമിഷം പുതിയതാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില് അങ്ങനെയല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ആറ് തവണയാണ് 'ടൈംഡ് ഔട്ട്' പുറത്താകലുകള്ക്ക് സാക്ഷിയായിട്ടുള്ളത്. അതിലൊന്ന് ഇന്ത്യയിലായിരുന്നുവെന്നതാണ് പ്രത്യേകത. 1997ല് രഞ്ജി ട്രോഫിയില് ഒഡീഷയ്ക്കെതിരായ മത്സരത്തിനിടെ ത്രിപുര ബാറ്റര് ഹെമുലാല് യാദവിന് ഈ നിയമപ്രകാരം പുറത്താകേണ്ടി വന്നിട്ടുണ്ട്.

1997 ഡിസംബര് 19ന് ഒഡീഷയിലെ കട്ടക്കിലുള്ള ബരാബതി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ത്രിപുരയുടെ ഒന്പതാം വിക്കറ്റ് വീണപ്പോള് അമ്പയര്മാര് ഡ്രിങ്ക്സ് ബ്രേക്ക് വിളിച്ചു. ഇടവേളയ്ക്ക് ശേഷം താരങ്ങളെല്ലാം മൈതാനത്തെത്തിയെങ്കിലും പതിനൊന്നാമനായി ക്രീസിലിറങ്ങേണ്ടിയിരുന്ന ഹെമുലാല് യാദവ് എത്തിയിരുന്നില്ല. അമ്പയര്മാര് നോക്കുമ്പോള് മൈതാനത്തിന് പുറത്ത് കസേരയിലിരിക്കുന്ന ഹെമുലാലിനെ കാണുകയായിരുന്നു. ഇതോടെ ഒഡീഷ ക്യാപ്റ്റന് സഞ്ജയ് റൗള് ടൈം ഔട്ടിനായി അപ്പീല് ചെയ്യുകയും അമ്പയര്മാര് ടൈംഡ് ഔട്ട് വിധിക്കുകയും ചെയ്തു. ഹെമുലാല് യാദവിനെ ഔട്ട് വിളിച്ചത് മലയാളി അമ്പയര്മാര് ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. എസ് ദണ്ഡപാണി, കെ എന് രാഘവന് എന്നിവരായിരുന്നു ഔട്ട് വിളിച്ച മലയാളി അമ്പയര്മാര്.

'ഗാംഗുലി ജസ്റ്റ് മിസ്സായ കഥ'

അന്താരാഷ്ട്ര ക്രിക്കറ്റില് 'ടൈംഡ് ഔട്ട്' നിയമപ്രകാരം പുറത്താകുന്ന ആദ്യതാരമായി മാറിയിരിക്കുകയാണ് ശ്രീലങ്കന് മുന് നായകന് എയ്ഞ്ചലോ മാത്യൂസ്. എന്നാല് ആ നാണക്കേടിന്റെ റെക്കോര്ഡ് ആദ്യം സ്വന്തമാക്കേണ്ടിയിരുന്നത് ശരിക്കും മാത്യൂസ് ആയിരുന്നില്ല. അതിന് മുന്പ് ഇന്ത്യയുടെ മുന് നായകനായ സാക്ഷാല് സൗരവ് ഗാംഗുലി ടൈംഡ് ഔട്ടില് നിന്ന് രക്ഷപ്പെട്ടിരുന്നു.

2007ല് കേപ് ടൗണില് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു നാടകീയ നിമിഷങ്ങള് അരങ്ങേറിയത്. ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്മാരായ വീരേന്ദര് സേവാഗിനെയും വസീം ജാഫറിനെയും അതിവേഗം നഷ്ടമായി. തുടര്ന്ന് ബാറ്റിങ്ങിനിറങ്ങേണ്ടിയിരുന്നത് നാലാം നമ്പറായ സച്ചിന് ടെണ്ടുല്ക്കര്. എന്നാല് സച്ചിന് ഇറങ്ങാനൊരുങ്ങവേ നാലാം അമ്പയര് ഇടപെട്ടു.

മത്സരത്തിന്റെ തലേദിവസം സച്ചിന് കുറച്ചുനേരം ഗ്രൗണ്ടില് നിന്ന് വിട്ടുനിന്നതായിരുന്നു കാരണം. ഇന്നിങ്സ് ബ്രേക്ക് അവസാനിക്കുന്നതിന് തൊട്ടുമുന്പ് 18 മിനിറ്റ് നേരമാണ് സച്ചിന് ഫീല്ഡിങ്ങില് നിന്ന് വിട്ടുനിന്നത്. അതുകൊണ്ട് തന്നെ നിയമപ്രകാരം ഇന്ത്യന് ബാറ്റിങ്ങിന്റെ ആദ്യത്തെ 18 മിനിറ്റിന് ശേഷം മാത്രമേ സച്ചിന് ഇറങ്ങാന് അനുമതി ഉണ്ടായിരുന്നുള്ളൂ.

അപ്രതീക്ഷിതമായ ഈ നിയമം ഇന്ത്യന് ക്യാംപില് അനിശ്ചിതത്വം സൃഷ്ടിച്ചു. സച്ചിന് പകരമിറങ്ങേണ്ടിയിരുന്നത് അടുത്ത ബാറ്ററായിരുന്ന വിവിഎസ് ലക്ഷ്മണ് ആയിരുന്നു. എന്നാല് ഈ സമയം ലക്ഷ്മണ് ബാത്റൂമില് കുളിക്കുകയായിരുന്നു. തുടക്കം തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള് നഷ്ടപ്പെട്ടത് അതിവേഗമായിരുന്നല്ലോ.

ഒടുവില് ആറാമനായി ക്രീസിലെത്തേണ്ടിയിരുന്ന സൗരവ് ഗാംഗുലിക്ക് നാലാം നമ്പറില് ഇറങ്ങേണ്ടി വന്നു. അനിശ്ചിതത്വങ്ങള്ക്കും തീരുമാനങ്ങള്ക്കെല്ലാമൊടുവില് ഗാംഗുലി ക്രീസിലെത്തിയപ്പോഴേക്കും ആറ് മിനിറ്റ് കഴിഞ്ഞിരുന്നു. ഐസിസി നിയമപ്രകാരം ടെസ്റ്റ് മത്സരത്തില് ബാറ്റര് ക്രീസിലെത്താന് മൂന്ന് മിനിറ്റില് കൂടുതല് സമയമെടുത്താല് 'ടൈംഡ് ഔട്ടി'ന് അപ്പീല് ചെയ്യാം. പക്ഷേ ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന് ഗ്രെയിം സ്മിത്ത് ഗാംഗുലിക്കെതിരെ അപ്പീല് ചെയ്തില്ല. ഇതോടെ ഗാംഗുലി ടൈംഡ് ഔട്ട് ആകാതെ രക്ഷപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us