മൗത്ത് പബ്ലിസിറ്റി മാത്രമേ തിയേറ്ററുകൾ നിറയ്ക്കൂ; മലയാള സിനിമ അതിജീവിക്കുകയാണ്

'ആർഡിഎക്സ്', 'കണ്ണൂർ സ്ക്വാഡ്', 'ഗരുഡൻ' വരെ ഇടവിട്ടെങ്കിലും ബ്ലോക്ബസ്റ്ററുകൾ ലഭിക്കുന്നുണ്ട്. അന്യഭാഷാ സിനിമകൾ എളുപ്പത്തിൽ കളക്ഷൻ നേടുന്നു. കൊവിഡാനന്തരം തിയേറ്റർ വ്യവസായം മെച്ചപ്പെടുന്ന സൂചനകളാണ് അടുത്ത കാലങ്ങളിൽ ലഭിക്കുന്നത്

ഗൗരി പ്രിയ ജെ
3 min read|14 Nov 2023, 05:53 pm
dot image

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിയേറ്ററുകളും സിനിമാ വ്യവസായവും അതിജീവനത്തിന് പാടുപെടുകയായിരുന്നു. 120ഓളം മലയാള സിനിമകൾ റിലീസിനെത്തിയ 2023ൽ പ്രേക്ഷകരെ ആകർഷിച്ചത് 10 ചിത്രങ്ങൾ മാത്രമാണ്. ഈ ഓണക്കാലം മുതൽ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ പലതും പരാജയങ്ങൾ ആവർത്തിച്ചെങ്കിലും ഓരോ മാസവും ഒരു ബ്ലോക്ബസ്റ്റർ ഹിറ്റ് എങ്കിലും ഉണ്ടായി എന്നത് ആശ്വാസകരമാണ്. 'ആർഡിഎക്സ്', 'കണ്ണൂർ സ്ക്വാഡ്', ഇപ്പോൾ 'ഗരുഡൻ' വരെ പ്രേക്ഷകരെ പ്രത്യേകിച്ചും കുടുംബങ്ങളെ തിയേറ്ററുകളിൽ എത്തിച്ച മലയാള ചിത്രങ്ങളാണ്.

ഈ സിനിമകളെ മുൻനിർത്തി കൊവിഡാനന്തരം മലയാള സിനിമയും തിയേറ്ററുകളും തിരിച്ചുവരവ് നടത്തുന്ന സൂചനകൾ കാണുന്നുണ്ടെന്ന് അഭിപ്രായപ്പെടുകയാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ മുൻ പ്രഡിഡന്റും പ്രമുഖ നിർമ്മാതാവുമായ ലിബർട്ടി ബഷീർ. പ്രേക്ഷകർ സിനിമളെ തിരഞ്ഞെടുക്കുന്നതിൽ കാലാകാലങ്ങളിൽ ട്രെൻഡുകൾ മാറി വരുന്നതായി അഭിപ്രായപ്പെട്ട അദ്ദേഹം 'മൗത്ത് പബ്ലിസിറ്റി'യാണ് ഇപ്പോൾ തിയേറ്ററുകൾ നിറയ്ക്കുന്ന ഏക ഘടകമെന്നും നിരീക്ഷിച്ചു.

'ചാനലുകളിൽ പരസ്യം ചെയ്താലും പത്രങ്ങളിൽ ഫുൾ പേജ് ചിത്രങ്ങൾ നൽകിയാലും യാതൊരു പ്രയോജനവും ചെയ്യാത്ത കാലമാണിത്. ബിഗ് ക്യാൻവാസിൽ ഒരുങ്ങിയ 'ബാന്ദ്ര' തന്നെ ഉദാഹരണമായെടുക്കാം. ആളുകൾ കയറുന്നില്ലെന്ന് മാത്രമല്ല പ്രേക്ഷകർ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകുന്ന സാഹചര്യം പോലുമുണ്ട്. മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങൾ മാത്രമാണ് കൊവിഡിന് ശേഷം വിജയിച്ചിട്ടുള്ളത്. കണ്ണൂർ സ്ക്വാഡും ആർഡിഎക്സും ഗരുഡനുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. നൂൺ ഷോകൾക്ക് ശേഷം മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ സിനിമയുടെ വിജയം സുനിശ്ചിതമാണ്,' ലിബർട്ടി ബഷീർ പറഞ്ഞു.

ഇതരഭാഷാ സിനിമകളാണ് തിയേറ്ററുകളെ നിലനിർത്തി പോകുന്നതിൽ പ്രധാന പങ്കുവഹിച്ചത് എന്ന അഭിപ്രായം വ്യക്തമാക്കുമ്പോഴും മലയാള സിനിമാ വ്യവസായത്തെ ഇത് തകർക്കുകയാണെന്നാണ് പ്രശസ്ത നിർമ്മാതാവും കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രഡിഡന്റുമായ സിയാദ് കോക്കർ പറഞ്ഞത്. മലയാള സിനിമകൾ കളക്ഷനുണ്ടാക്കാൻ സമയമെടുക്കുമ്പോൾ ആദ്യ ദിവസങ്ങളിൽ തന്നെ നേട്ടമുണ്ടാക്കുന്ന ഇതരഭാഷാ സിനിമകൾ തിയേറ്ററുകൾക്ക് ഗുണമാണ്. 'ലിയോ' ആദ്യ ആഴ്ച 44 കോടി രൂപ നെറ്റ് കളക്ഷൻ നേടുന്നത് കേരളത്തിലെ തിയേറ്ററുകളുടെ ചരിത്രത്തിൽ ആദ്യമാണ്.

ദീപാവലിയ്ക്ക് 'ടൈഗർ 3'യും 'ജിഗർതണ്ഡ ഡബിൾ എക്സു'മാണ് ഇതരഭാഷാ ചിത്രങ്ങളായി റിലീസിനെത്തിയത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർ ഒരുമിച്ചെത്തിയിട്ടും ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ ടൈഗർ 3യ്ക്കാകുന്നില്ല. അതേസമയം ജിഗർതണ്ഡ പ്രേക്ഷകരെ നേടുന്നുണ്ട്.

വലിയ ക്യാൻവാസിൽ ഒരുക്കുകയല്ല ആളുകൾക്ക് തൃപ്തി നൽകുകയാണ് പ്രധാനം. അങ്ങനെയുള്ള ചിത്രങ്ങൾ ഒടിടിയിലെത്താൻ ഒരാളും കാത്തിരിക്കില്ലെന്നും ലിബർട്ടി ബഷീർ അഭിപ്രായപ്പെട്ടു. മുൻ കാലങ്ങളിൽ ബിഗ് ക്യാൻവാസ് ചിത്രങ്ങൾക്ക് ഒരു ഇനിഷ്യൽ കളക്ഷൻ ലഭിച്ചിരുന്നു. സിനിമ മോശമെങ്കിൽ പിന്നീട് ആളുകയറുന്നത് കുറയുകയാണ് പതിവ്. എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്.

ബാനറുകൾ നോക്കിയും സംവിധായകനെയും താരത്തെയും പരിഗണിച്ചും സിനിമ കണ്ട കാലവും കടന്നാണ് മൗത്ത് പബ്ലിസിറ്റി എന്ന ഘടകം പ്രധാനമായതെന്ന ലിബർട്ടി ബഷീറിന്റെ അഭിപ്രായം സിയാദ് കോക്കറും ശരിവയ്ക്കുന്നുണ്ട്. മികച്ച തിരക്കഥയുള്ള സിനിമകൾ മാത്രമാണ് വിജയിക്കുക എന്നാണ് ഇരുവരുടെയും അഭിപ്രായം. കേരളത്തിൽ മറ്റു വിനോദോപാധികൾ ഇല്ലാത്തതുകൊണ്ടു തന്നെ നല്ല സിനിമകൾക്ക് പ്രേക്ഷകരുണ്ടാകും.

പകൽ നേരത്തെ പ്രദർശനങ്ങൾക്ക് ആളുകൾ കുറയുന്നതും രാത്രികാല ഷോകൾക്ക് കുടുംബങ്ങൾ ഉൾപ്പെടെ എത്തുന്നതും കൊവിഡിന് ശേഷം കണ്ടുവരുന്ന ട്രെൻഡ് ആണെന്നാണ് ലിബർട്ടി ബഷീറിന്റെ നിരീക്ഷണം

പകൽ നേരത്തെ പ്രദർശനങ്ങൾക്ക് ആളുകൾ കുറയുന്നതും രാത്രികാല ഷോകൾക്ക് കുടുംബങ്ങൾ ഉൾപ്പെടെ എത്തുന്നതും കൊവിഡിന് ശേഷം കണ്ടുവരുന്ന ട്രെൻഡ് ആണെന്നാണ് ലിബർട്ടി ബഷീറിന്റെ നിരീക്ഷണം. വൈകാരിക തലത്തിൽ കഥപറയുന്ന ചിത്രങ്ങളെക്കാൾ വിനോദോപാധി എന്ന നിലയ്ക്കാണ് കുടുംബപ്രേക്ഷകർ സിനിമയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നല്ലതെങ്കിൽ ആദ്യ ആഴ്ചകളിൽ തന്നെ നിർമ്മാതാക്കൾ സാമ്പത്തികമായി സുരക്ഷിതരാകുന്നതും പുതിയ മാറ്റമാണ്

ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ കേരളത്തിൽ എല്ലായിടത്തും തിയേറ്ററുകളുണ്ട്. റിലീസുകൾക്കും പരിധിയില്ല. എവിടെയും ഏതു സിനിമയും പ്രദർശിപ്പിക്കാം. സിനിമ നല്ലതെങ്കിൽ ആദ്യ ആഴ്ചകളിൽ തന്നെ നിർമ്മാതാക്കൾ സാമ്പത്തികമായി സുരക്ഷിതരാകുന്നതും പുതിയ മാറ്റമാണ്. നൂറിൽപരം മലയാള സിനിമകൾ പ്രദർശനത്തിനെത്തിയ 2023ൽ പതിനേഴ് സിനിമകൾ മോശമില്ലാതെ ആളുകളെ തിയേറ്ററിലെത്തിച്ചെങ്കിലും നിർമ്മാതാവിനും വിതരണക്കാരനും ഗുണമുണ്ടാക്കിയത് പത്തോളം ചിത്രങ്ങളാണ്.

മൂന്ന് ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന 'ഡങ്കി', പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന താരങ്ങളാകുന്ന പ്രശാന്ത് നീൽ ചിത്രം 'സലാർ', മോഹൻലാൻ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 'നേര്' എന്നിവയെ പ്രതീക്ഷയോടെയാണ് തിയേറ്ററുകൾ കാണുന്നത്. 'നേര്' ഒരുതരത്തിൽ മോഹൻലാലിന്റെ ഭാഗ്യപരീക്ഷണമാണെന്ന അഭിപ്രായവും ലിബർട്ടി ബഷീർ പങ്കുവെച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us