ദൈവം പറഞ്ഞയച്ച മാലാഖ; വിരമിക്കൽ പ്രഖ്യാപിച്ച് ഏഞ്ചല് ഡി മരിയ

സാക്ഷാല് ഡിഗോ മറഡോണ മെസ്സിക്ക് മുമ്പെ അര്ജന്റീനയുടെ ഭാവിതാരം എന്ന് വിശേഷിപ്പിച്ചത് ഡി മരിയയെയാണ്.

dot image

അടുത്ത വര്ഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റിന് ശേഷം അര്ജന്റീനന് ജഴ്സിയില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ് ഏഞ്ചല് ഡി മരിയ. 2008ല് അര്ജന്റീനന് കുപ്പായത്തില് അരങ്ങേറിയ ഡി മരിയ ഒന്നര പതിറ്റാണ്ടുകാലം ദേശീയ ടീമിനായി കളിച്ചു. ഇക്കാലമത്രയും മെസ്സിക്കും അര്ജന്റീനയ്ക്കും ഏറെ നിര്ണായകമായിരുന്നു ഡി മരിയയുടെ സാന്നിധ്യം. സാക്ഷാല് ഡിഗോ മറഡോണ അര്ജന്റീനയുടെ ഭാവിതാരം എന്ന് മെസ്സിക്ക് മുമ്പെ വിശേഷിപ്പിച്ചത് ഡി മരിയയെയാണ്.

1988 ഫെബ്രുവരി 14, റൊസാരിയോയിലാണ് ഡി മരിയയുടെ ജനനം. മിഗ്വെല് ഡി മരിയയുടെയും ഡയാന ഹെര്ണാണ്ടസിന്റെയും മൂന്നുമക്കളില് ഒരാളാണ് ഏഞ്ചല് ഡി മരിയ. ദാരിദ്ര്യത്താല് നട്ടം തിരിയുന്ന കുടുംബത്തിന് ഡി മരിയയുടെ വികൃതി തലവേദനയായി. മാതാപിതാക്കള് ഡോക്ടറെ സമീപിച്ചു. മകനെ ഫുട്ബോള് കളിക്കാന് വിടാനായിരുന്നു ഡോക്ടറുടെ ഉപദേശം. അങ്ങനെ ആ കുഞ്ഞിന്റെ മൂന്നാം വയസില് ഒരു രാജ്യത്തിന്റെ വിജയങ്ങള് നിര്ണയിക്കുന്ന തീരുമാനം ഉണ്ടായി. നീണ്ടുമെലിഞ്ഞ ബാലന്റെ വേഗതയും പന്തടക്കവും ഫുട്ബോള് ക്ലബുകള്ക്കിടയില് ചര്ച്ചയായി.

കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കളെ ഒരു പ്രാദേശിക കല്ക്കരി ഖനിയില് സഹായിച്ചിരുന്നു ഡി മരിയ. കാല്പന്ത് പരിചയപ്പെട്ടു കഴിഞ്ഞ് കാര്യങ്ങള് മാറിമറിഞ്ഞു. ആ കുഞ്ഞിന് എപ്പോഴും ഒരു ഫുട്ബോള് അടുത്തുവേണമെന്നായി. മകന് ബൂട്ട് വാങ്ങാന് പോലും പണമില്ലാതെ ഡി മരിയയുടെ മാതാപിതാക്കള് കഷ്ടപ്പെടുന്ന കാലമായിരുന്നു അത്. നാലാം വയസില് ഡി മരിയയെ വിട്ടുകിട്ടാന് പ്രാദേശിക ക്ലബായ ടോറിറ്റോയ്ക്ക് 35 പന്തുകളാണ് റൊസാരിയോ സെന്ട്രല് കൈമാറിയത്. അര്ജന്റീനന് ദേശീയ ടീമിലേക്കും ബെന്ഫീക, മാഞ്ചസ്റ്റര് യുണൈറ്റഡ്, റയല് മാഡ്രിഡ്, പിഎസ്ജി തുടങ്ങിയ ക്ലബുകളിലേക്കും ഡി മരിയ ചിറകടിച്ചെത്തിയത് ഇവിടെനിന്നുമാണ്.

ചില കൗതുകം ഉയര്ത്തുന്ന കഥകളാണ് ഡി മരിയയെ വ്യത്യസ്തനാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കും ലയണല് മെസ്സിക്കുമൊപ്പം കളിച്ച താരം, ചാമ്പ്യന്സ് ലീഗില് അസിസ്റ്റുകള് നല്കിയതില് റൊണാള്ഡോയ്ക്കും മെസ്സിക്കും പിന്നില് മൂന്നാമത്, 2016ല് കോപ്പ അമേരിക്ക പരാജയപ്പെട്ട അര്ജന്റീനന് ടീമില് നിന്ന് മെസ്സി വിരമിച്ചപ്പോള് ഡി മരിയയും കൂടെ വിരമിച്ചു. മെസ്സിക്കൊപ്പം ഡി മരിയയും തിരികെ വന്നു. അങ്ങനെ പോകുന്ന ചില കൗതുകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫൈനല് വേദികളില് ഡി മരിയ അർജ്ജൻ്റീനയുടെ മാലാഖയായി അവതരിക്കുന്നുവെന്നാതാണ്.

2008ലെ ഒളിംപിക്സില് അര്ജന്റീന സ്വര്ണം നേടിയത് ഡി മരിയയുടെ ഒറ്റ ഗോളിലാണ്. 2014ലെ ലോകകപ്പ് ഫൈനലില് ഡി മരിയ പരിക്കുമൂലം കളിച്ചില്ല. ലയണല് മെസ്സിയും സംഘവും ഒരൊറ്റ ഗോളില് മത്സരം കൈവിട്ടു. ഏഞ്ചല് ഡി മരിയ ഉണ്ടായിരുന്നുവെങ്കില് ഈ മത്സരവിധി ഇങ്ങനെ ആകില്ലയെന്ന് പറയുന്നവര് ഏറെയുണ്ട്. അതിനൊരു കാരണം മെസ്സി തകര്പ്പന് ഫോമില് കളിച്ചപ്പോള് ഒരാളുടെ പിന്തുണ ഉണ്ടായിരുന്നുവെങ്കില് ഫലം മാറുമായിരുന്നു. ആ പിന്തുണ ഡി മരിയയ്ക്ക് നല്കാന് കഴിയുമെന്നായിരുന്നു ഫുട്ബോള് വിദഗ്ധരുടെ വാദം.

2021ല് കോപ്പ അമേരിക്ക അര്ജന്റീന സ്വന്തമാക്കിയത് ഡി മരിയയുടെ ഒറ്റ ഗോളിലാണ്. 2022ല് ഫൈനലിസമയിലും ഡി മരിയയുടെ ഗോള് ഉണ്ടായിരുന്നു. പിന്നാലെ ഖത്തറിലെ ലോകകപ്പ് ഫൈനലിലും നിര്ണായകമായ ഒരു ഗോള് നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തത് ഏഞ്ചല് ഡി മരിയയാണ്. അടുത്ത വര്ഷം കോപ്പ അമേരിക്കയില് വിടപറയുമ്പോള് ഡി മരിയയുടെ ഗോളില് അര്ജന്റീന കിരീടം നേടട്ടെ എന്നാണ് ആരാധകരുടെ ആഗ്രഹം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us