ഇംഗ്ലീഷ് ക്രിക്കറ്റിലെ അസാധാരണ അദ്ധ്യായം; ആൻഡ്രൂ ഫ്രെഡി ഫ്ലിന്റോഫിന് ഇന്ന് പിറന്നാൾ

നാറ്റ് വെസ്റ്റ് സീരിസിൽ ഇന്ത്യ വിജയിച്ചപ്പോൾ സൗരവ് ഗാംഗുലി നടത്തിയ ഷർട്ട് ഊരിയുള്ള ആഘോഷം ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിൽ മായാതെ കിടക്കുന്നു.

dot image

ആന്ഡ്രു ഫ്ളിന്റോഫ്, ഇംഗ്ലണ്ട് മുൻ ഓൾ റൗണ്ടർക്ക് ഇന്ന് 46-ാം പിറന്നാൾ. തന്റെ തലമുറയിലെ മറ്റ് താരങ്ങളുടെ റെക്കോർഡുകൾക്കും നേട്ടങ്ങൾക്കും അപ്പുറമാണ് ഫ്ളിന്റോഫിന്റെ കരിയർ. കളിക്കളത്തിലെ മികവിനേക്കാൾ ഉപരി മുഖത്തെ പുഞ്ചരികൊണ്ടും കരുത്തുറ്റ ശരീരംകൊണ്ടും ഫ്രെഡിയെന്ന് വിളിക്കപ്പെടുന്ന ഫ്ളിന്റോഫ് ജനഹൃദയങ്ങൾ കീഴടക്കി. ഒരു കാലഘട്ടമത്രയും ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പ്രതിരൂപമായിരുന്നു ഫ്ളിന്റോഫ്.

1998ൽ ടെസ്റ്റിലും 1999ൽ ഏകദിന ക്രിക്കറ്റിലും ഫ്ളിന്റോഫ് അരങ്ങേറി. തുടക്കകാലത്ത് ശരാശരി പ്രകടനങ്ങൾ മാത്രമാണ് ഫ്ളിന്റോഫ് നടത്തിയിരുന്നത്. ഇത് ഫ്ളിന്റോഫിന്റെ ശരീരഭാരത്തിനെതിരെ വിമർശനത്തിനിടയാക്കി. സിംബാബ്വെയ്ക്കെതിരെ 42 റൺസെടുത്തപ്പോഴാണ് താരത്തിന് ആദ്യ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചത്. ഒരു കൊഴുത്ത പയ്യൻ മോശക്കാരനല്ലെന്ന് തെളിയിച്ചു എന്നായിരുന്നു പുരസ്കാരം ലഭിച്ച ശേഷം ഫ്ളിന്റോഫിന്റെ പ്രതികരണം. ഒരു ക്രിക്കറ്റ് താരമായി മാത്രമല്ല, സ്വഭാവ ദൂഷ്യത്തിന്റെ പേരിലും ഫ്ളിന്റോഫ് കായിക ലോകത്ത് അറിയപ്പെട്ടു.

2002ലെ ഒരു ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ ഫ്ളിന്റോഫിന്റെ പ്രകടനം ശ്രദ്ധേയമായി. ബാറ്റുകൊണ്ട് 40 റൺസ് നേടിയതിന് പിന്നാലെ ബൗളിംഗിലും തിളങ്ങി. അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. ഫ്ളിന്റോഫിന്റെ ബൗളിംഗ് മികവ് ഇംഗ്ലണ്ടിന് ആറ് റൺസ് ജയം നേടിക്കൊടുത്തു. എന്നാൽ അതിന് ശേഷം ഷർട്ട് ഊരിയുള്ള ഫ്ളിന്റോഫിന്റെ ആഘോഷമാണ് ശ്രദ്ധേയമായത്. ഇതിനു മറുപടിയായി നാറ്റ് വെസ്റ്റ് സീരിസിൽ ഇന്ത്യ വിജയിച്ചപ്പോൾ സൗരവ് ഗാംഗുലി നടത്തിയ ഷർട്ട് ഊരിയുള്ള ആഘോഷം ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിൽ മായാതെ കിടക്കുന്നു.

2005ൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് ഫ്ളിന്റോഫിന്റെ പേര് ഉയർന്നു. 18 വർഷത്തിന് ശേഷം ആഷസ് ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചുപിടിച്ചാണ് ഫ്ളിന്റോഫ് തന്റെ സാമർത്ഥ്യം തെളിയിച്ചത്. പരമ്പരയിൽ ഫ്ളിന്റോഫിന്റെ വക 402 റൺസും 24 വിക്കറ്റുമുണ്ടായിരുന്നു. അന്ന് ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം 400ലധികം റൺസും 20ലധികം വിക്കറ്റും ആഷസ് പരമ്പരയിൽ സ്വന്തമാക്കുന്നത്.

2007ലെ ഏകദിന ലോകകപ്പിൽ മൈക്കൽ വോണിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ടീം കളിച്ചത്. ന്യൂസീലൻഡിനെതിരായ തോൽവിക്ക് ശേഷമുള്ള മദ്യപാനം ഫ്ളിന്റോഫിന് ടീമിന്റെ ഉപനായകസ്ഥാനം നഷ്ടമാക്കി. ആറ് മാസത്തിന് ശേഷം ട്വന്റി 20 ലോകകപ്പിൽ യുവരാജ് സിംഗുമായും ഫ്ളിന്റോഫ് ഉരസി. ഇതിന് തിരിച്ചടി നേരിട്ടത് സ്റ്റുവർട്ട് ബ്രോഡ് ആയിരുന്നു. യുവരാജ് ബ്രോഡിന്റെ ആറ് പന്തിൽ ആറ് സിക്സ് നേടി പകരം വീട്ടി.

2009ൽ വെസ്റ്റ് ഇൻഡീസിനെതിരായ ഹാട്രിക് പ്രകടനം ഫ്ളിന്റോഫിനെ ഐപിഎല്ലിലെ മൂല്യമേറിയ താരമാക്കി. പക്ഷേ അപ്രതീക്ഷിതമായി ആ കരിയറിന് അവസാനമായി. 32-ാം വയസിൽ കാൽമുട്ടിനേറ്റ പരിക്ക് ഒരുപാട് ഇന്നിംഗ്സ് ബാക്കിയാക്കി ഫ്രെഡിയുടെ കരിയറിന് വിരാമമിട്ടു. പരിശീലകൻ, ബോക്സർ, ടെലിവിഷൻ ഷോയിലെ അവതാരകൻ എന്നിങ്ങനെയുള്ള റോളുകളും ഫ്ളിന്റോഫ് പയറ്റി നോക്കി. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ടെലിവിഷൻ ഷോയ്ക്കിടെ ഫ്ളിന്റോഫിന് കാർ അപകടം ഉണ്ടായി. ഗുരുതര പരിക്കേറ്റ ഫ്ളിന്റോഫ് ഇപ്പോൾ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us