വയനാട് മാനന്തവാടി സ്വദേശിനി സജന സജീവന് പിറന്നാൾ സമ്മാനമായി ലഭിച്ചിരുന്നത് ക്രിക്കറ്റ് ബാറ്റും ബോളുമായിരുന്നു. സച്ചിനെയും ഗാംഗുലിയെയും പോലെയുള്ള ഇതിഹാസങ്ങളെ ഇഷ്ടപ്പെടുന്ന കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം സജനയും ക്രിക്കറ്റ് പഠിച്ചു. പ്ലസ്ടുവിന് പഠിക്കുമ്പോൾ ക്രിക്കറ്റ് ജീവിതത്തിലെ നിർണായ വഴിത്തിരിവ്. ഇന്ന് മുംബൈ ഇന്ത്യൻസിലെത്തി നിൽക്കുകയാണ് സജനയുടെ ക്രിക്കറ്റ് ജീവിതം. വനിതാ ഐപിഎല്ലിന് ഇറങ്ങുമ്പോൾ മലയാളി താരം റിപ്പോർട്ടർ ടി വിയോട് പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
ഐപിഎല്ലിലെ അവസരത്തിൽ എത്ര മാത്രം സന്തോഷമുണ്ട്?
വളരെയധികം സന്തോഷമുണ്ട്. അത് വാക്കുകൾകൊണ്ട് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. ഇത്രയും വർഷം ക്രിക്കറ്റ് കളിച്ചതിന്റെ അംഗീകാരമായി കരുതുന്നു. മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ്. അത്രയും വലിയ കുടുംബത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് ഇതിഹാസ താരങ്ങൾ ഈ ടീമിലുണ്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം മാക്സിമം ഉപയോഗിക്കാൻ ശ്രമിക്കും.
ഇങ്ങനെയൊരു നേട്ടം പ്രതീക്ഷിച്ചിരുന്നോ?
സത്യത്തിൽ കഴിഞ്ഞ തവണ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പ്രകടനം മികച്ചതായിരുന്നു. അന്ന് കടുത്ത നിരാശയും ഉണ്ടായിരുന്നു. വരും സീസണുകളിൽ ഐപിഎല്ലിന്റെ ഭാഗമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് ഇത്തവണ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.
എന്താണ് ക്രിക്കറ്റ് ഇഷ്ടപ്പെടാൻ കാരണം?
മാനന്തവാടി ചൂട്ടക്കടവിലാണ് ഞാൻ ജനിച്ചത്. അന്ന് ആ ഭാഗത്ത് എനിക്ക് കൂട്ടുകൂടാൻ ആൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടികൾ ഇല്ലായിരുന്നു. ചെറുപ്പം മുതൽ ഒരുപാട് ആൺകുട്ടികളുമായി സൗഹൃദമുണ്ട്. അവർക്കൊപ്പം ക്രിക്കറ്റും ഫുട്ബോളും കളിക്കുമായിരുന്നു. കുടുംബത്തിലെയും എല്ലാവർക്കും ക്രിക്കറ്റ് ഇഷ്ടമായിരുന്നു. സച്ചിനെയും ഗാംഗുലിയെയും ഇഷ്ടപ്പെടുന്നവരാണ് ഇവരെല്ലാം. അതാണ് ഞാനും ക്രിക്കറ്റ് ഇഷ്ടപ്പെടാൻ പ്രധാന കാരണം. വനിതാ ക്രിക്കറ്റ് കളിച്ചിരുന്നെങ്കിലും ഞാൻ വനിതാ ക്രിക്കറ്റിലേക്ക് എത്താൻ വൈകിപ്പോയി. നേരത്തെ വനിതാ ക്രിക്കറ്റിനെ കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമായിരുന്നു.
ഈ പെൺകുട്ടി ഇങ്ങനെ ആൺകുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിച്ച് നടക്കുന്നത് ശരിയല്ല! ഇത്തരം അഭിപ്രായങ്ങളെ എങ്ങനെ മറികടന്നു?
അത്തരം അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പിന്നീട് വയനാട് ടീമിന്റെ ക്യാപ്റ്റൻ ആകുക, കേരള ടീമിന്റെ ക്യാപ്റ്റനാകുക, അങ്ങനെ നേട്ടങ്ങൾ ഉണ്ടാക്കിയപ്പോൾ ആ അഭിപ്രായങ്ങൾ കുറഞ്ഞു.
പിറന്നാൾ ദിനത്തിൽ ലഭിച്ച ബാറ്റും ബോളും ആരാണ് തന്നത്?
അച്ഛൻ, അച്ഛന്റെ അനുജന്മാർ ഇവരെല്ലാം ബാറ്റും ബോളും സമ്മാനമായി നൽകിയിരുന്നു.
അച്ഛൻ സജീവന്റെ ഒരു ക്രിക്കറ്റ് ഇഷ്ടം എങ്ങനെയാണ്?
അച്ഛൻ പ്രാദേശിക ക്രിക്കറ്റ് കളിക്കുമായിരുന്നു. ഞങ്ങളൊക്കെ കണ്ടം ക്രിക്കറ്റ് മാത്രമായിരുന്നു കളിച്ചത്. അതിലൂടെയാണ് ക്രിക്കറ്റ് കളിച്ച് വളർന്നത്.
ആദ്യം മടൽ ബാറ്റിലായിരുന്നല്ലോ ക്രിക്കറ്റ് കളിച്ചിരുന്നത്. എങ്ങനെയാണ് സ്റ്റിച്ച് ബോളിനോടും കോർക്ക് ബോളിനോടും പേടി മാറിയത്?
2012-13 സീസണിൽ കേരള ടീമിലെത്തിയതിന് ശേഷമാണ് സ്റ്റിച്ച് ബോളിലേക്ക് മാറിയത്. അന്നായിരുന്നു ആദ്യമായി ക്രിക്കറ്റ് ബോൾ കണ്ടത്. അതു ശരീരത്തിൽ കൊണ്ടാൽ വേദനയുണ്ടാകും എന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ഭയമുണ്ടായിരുന്നില്ല. ബോളും വരും അടിക്കുക, അത്രമാത്രമായിരുന്നു ചിന്ത.
എൽസമ്മ ടീച്ചർ എങ്ങനെയാണ് സജനയെ ശ്രദ്ധിച്ചത്?
എൽസമ്മ ടീച്ചറിന് മുമ്പേ എന്നെ അറിയാം. അച്ഛനെയൊക്കെ പരിചയമുണ്ട്. അത്ലറ്റിക്സിലും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഹൈജമ്പ് ചാടുമായിരുന്നു. ജാവലിൻ എറിയുമായിരുന്നു. ഇത് കണ്ടപ്പോൾ വനിതാ ക്രിക്കറ്റിലും ഒന്ന് ശ്രമിച്ച് നോക്കാമെന്ന് എൽസമ്മ ടീച്ചർ പറഞ്ഞു. അങ്ങനെ പ്ലസ് ടു പഠിക്കുമ്പോൾ ടീച്ചർ പറഞ്ഞതുപ്രകാരം ഞാൻ ആദ്യമായി ക്രിക്കറ്റ് സെലക്ഷന് പോയി.
ഇതുവരെ ഏതൊക്കെ ടീമിന് വേണ്ടി കളിച്ചു?
കഴിഞ്ഞ സീസണിൽ ഇന്ത്യ എ കളിച്ചു. 23 വയസിൽ താഴെയുള്ളവരുടെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ റെഡ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. സീനിയർ വനിതകളുടെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ ടീമിന്റെ ഭാഗമായിരുന്നു. 2022ൽ ദക്ഷിണാ മേഖലയുടെ ക്യാപ്റ്റൻ സ്ഥാനത്തും കളിച്ചിട്ടുണ്ട്.
വനിതാ ക്രിക്കറ്റ് വനിതാ ഐപിഎല്ലിൽ മാത്രമായി ഒതുങ്ങിപോകുന്നു എന്ന് കരുതുന്നുണ്ടോ?
പുരുഷ ക്രിക്കറ്റിന്റെ അത്രയും ഉയർച്ചയിലേക്ക് വനിതാ ക്രിക്കറ്റ് എത്തിയിട്ടില്ല. അത് പടി പടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴും വനിതാ ക്രിക്കറ്റിനെ കുറിച്ച് അറിയാത്തവർ ഉണ്ട്. വനിതാ പ്രീമിയർ ലീഗും ബിഗ് ബാഷ് ലീഗും പോലുള്ള ടൂർണമെന്റുകൾ കൂടുതൽ വനിതകൾക്ക് ക്രിക്കറ്റിലേക്ക് എത്താൻ അവസരം നൽകുന്നുണ്ട്.
മിതാലി രാജിനെ ഇഷ്ടപ്പെടാൻ കാരണം എന്താണ്?
മിതാലി രാജിന്റെ ക്യാരക്ടർ ആണ് എനിക്ക് ഇഷ്ടം. ക്രിക്കറ്റിൽ ഏത് പ്രതിസന്ധി വന്നാലും മിതാലി അതിനെ നേരിടും. എല്ലാ സമയത്തും ശാന്തമായി കളിക്കാനാവും മിതാലി ശ്രമിക്കുക. എപ്പോഴും ഒരു പുസ്തകം കൈയ്യിലുണ്ടാവും. അത് വായിച്ചുകൊണ്ടിരിക്കും. മിതാലിയുടെ ശാന്തമായി ക്യാരക്ടർ എനിക്ക് ഏറെ ഇഷ്ടമാണ്.
ഇന്ത്യൻ ടീമിലേക്ക് എത്താമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടോ?
തീർച്ചയായും. മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നത് വലിയൊരു അവസരമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ സെലക്ടേഴ്സ് താരങ്ങളുടെ സ്കോർകാർഡ് ആണ് പരിഗണിക്കുക. എന്നാൽ വനിതാ ഐപിഎൽ തത്സമയം കാണാൻ കഴിയും. ഒരു താരത്തിന്റെ ശരീരഭാഷ, ക്രിക്കറ്റിനോടുള്ള അഭിരുചി, പ്രകടനമികവ് തുടങ്ങി എല്ലാ കാര്യങ്ങളും വിലയിരുത്തും. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകുമ്പോൾ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാരി സജന സജീവൻ. ഹർമ്മൻപ്രീത് കൗറും സ്മൃതി മന്ദാനയും ജമീമ റോഡ്രിഗ്സുമുള്ള ഇന്ത്യൻ ടീം. വീണ്ടുമൊരു മലയാളി സാന്നിധ്യം നീലക്കുപ്പായം അണിയട്ടെയെന്ന് ആശംസിക്കുന്നു.