ഒരേ ദിവസം തിയേറ്ററുകളില് എത്തിയ നാല് സിനിമകളും സൂപ്പര്ഹിറ്റായി മാറിയ ക്രിസ്തുമസ് കാലം. മലയാള സിനിമാ ചരിത്രത്തില് അധികമൊന്നും ഉണ്ടായിട്ടില്ലാത്ത അപൂര്വ്വത സംഭവിച്ചത് 2002ലെ ക്രിസ്തുമസിനാണ്. ആകെ റിലീസ് ചെയ്ത ഏഴ് സിനിമകളില് നാലും സൂപ്പര് ഹിറ്റുകള്. ഒരേദിവസം റിലീസിനെത്തിയ അഞ്ച് സിനിമകളില് നാലും തിയേറ്ററില് ആളെ നിറച്ചവ. ഇതില് ഒന്നില് പോലും സൂപ്പര് താരങ്ങള് ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
2002 ലെ ക്രിസ്തുമസിനോടനുബന്ധിച്ച് ആദ്യം തിയേറ്ററുകളില് എത്തിയത് വിനയന് സംവിധാനം ചെയ്ത 'കാട്ടു ചെമ്പകവും' അനില് കുമാര് ഒരുക്കിയ 'വാല്കണ്ണാടിയും' ആയിരുന്നു. ജയസൂര്യ, കാര്ത്തിക, തെലുങ്ക് നടി ചാര്മി, മനോജ് കെ ജയന്, ജനാര്ദ്ദനന്, അനൂപ് മേനോന് തുടങ്ങിയവരായിരുന്നു കാട്ടു ചെമ്പകത്തില് പ്രധാന വേഷങ്ങളില്. ചാര്മിയുടെ ആദ്യ മലയാള ചിത്രം എന്നതിനൊപ്പം അനൂപ് മേനോന്റെ ആദ്യ സിനിമയും കാട്ടുചെമ്പകം ആയിരുന്നു. കലാഭവന് മണി, ഗീതു മോഹന്ദാസ്, കെപിഎസി ലളിത, അനില് മുരളി, തിലകന് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായ വാല്കണ്ണാടിയും ആവറേജ് വിജയമാണ് തിയേറ്ററുകളില് നേടിയത്. ക്രിസ്തുമസ് കാലത്തെ ആദ്യ റിലീസുകള് തിയേറ്ററില് ആളെ നിറച്ചില്ലെങ്കിലും പിന്നീട് വന്ന സിനിമകള് 2002നെ മലയാള സിനിമയുടെ ചരിത്രത്തില് അടയാളപ്പെടുത്തുന്നതാക്കി.
ഡിസംബര് 20ന് കേരളത്തിലെ തിയേറ്ററുകളില് എത്തിയത് അഞ്ച് സിനിമകളാണ്. 'നന്ദനം', 'നമ്മള്', 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', 'കല്യാണരാമന്', 'ചതുരംഗം' എന്നിവ. ഇതില്, പുതുമുഖങ്ങളെ അണിനിരത്തി വന്നതടക്കമുള്ള ആദ്യ നാല് സിനിമകളും പ്രേക്ഷരെ തൃപ്തിപ്പെടുത്തിയപ്പോള് വിജയം നേടും, എന്ന ഉറപ്പോടെ വന്ന മോഹന്ലാല് ചിത്രത്തിന് മാത്രം പരാജയം രുചിക്കേണ്ടിവന്നു. മോഹന്ലാലിനൊപ്പം നഗ്മ, നവ്യ നായര്, ജഗദീഷ്, ലാലു അലക്സ്, സായികുമാര് തുടങ്ങിയവര് പ്രധാന താരങ്ങളായ ചതുരംഗം കെ മധുവായിരുന്നു സംവിധാനം ചെയ്തത്. കോട്ടയത്തിന്റെ പശ്ചാത്തലത്തില് വന്ന പൊളിറ്റിക്കല് ഡ്രാമയെ പ്രേക്ഷകര് എന്തുകൊണ്ടോ കൈവിട്ടു കളഞ്ഞു.
പൃഥ്വിരാജിന്റെയും നവ്യ നായരുടെയും കരിയറിലെ മികച്ച തുടക്കങ്ങളില് ഒന്നായ നന്ദനം വെള്ളിത്തിരയില് എത്തിച്ചത് സംവിധായകന് രഞ്ജിത്ത് ആണ്. കോളേജ് വെക്കേഷന് അഭിനയിക്കാന് വന്ന പൃഥ്വിരാജിനെ മലയാള സിനിമയുടെ ഭാഗമാക്കുകയായിരുന്നു നന്ദനം. 'ഞാന് മാത്രമേ കണ്ടുള്ളൂ' എന്ന നവ്യ നായര് കഥാപാത്രത്തിന്റെ ഡയലോഗും ജഗതി ശ്രീകുമാറിന്റെ കുമ്പിടിയും ഇന്നസെന്റിന്റെ കേശവന് നായരും തമ്മിലുള്ള തമാശകളും കവിയൂര് പൊന്നമ്മ, സിദ്ദിഖ്, രേവതി പോലുള്ളവരുടെ പ്രകടനങ്ങളും സിനിമയുടെ റീവാച്ച് വാല്യൂ ഉയര്ത്തുന്നതാണ്. രവീന്ദ്രന് മാഷ് സംഗീതം നിര്വ്വഹിച്ച ഗാനങ്ങള് സിനിമയുടെ വിജയത്തില് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില് പലതിലും നൂറു ദിവസം പിന്നിട്ടായിരുന്നു നന്ദനത്തിന്റെ പ്രദര്ശനം.
ജയറാം, സൗന്ദര്യ, ഇന്നസെന്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസന് കഥ എഴുതി സത്യന് അന്തിക്കാട് സംവിധാനം നിര്വഹിച്ചു പുറത്തിറങ്ങിയ ചിത്രമായിരുന്നു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ചെന്നൈയുടെ പശ്ചാത്തലത്തില് അപ്രതീക്ഷിതമായി പരിചയപ്പെടുന്ന രാമാനുജനും ജ്യോതിയും സുഹൃത്തുക്കള് ആവുന്നതും ഒരു സാഹചര്യത്തില് ഒരേ വീട്ടില് താമസം ആവുന്നതും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതില് രാമാനുജന് ആയി ജയറാമും ജ്യോതിയായി സൗന്ദര്യയും വേഷമിടുമ്പോള് ഇവരുടെ സുഹൃത്തായി പോളേട്ടന് എന്ന ഡ്രൈവിംഗ് സ്കൂള് നടത്തിപ്പുകാരനായി ഇന്നസെന്റ് വേഷമിട്ടു. ചിത്രത്തിലെ ചിരി മുഹൂര്ത്തങ്ങളില് പലതും പ്രേക്ഷകര്ക്ക് സമ്മാനിക്കുന്നത് പോളേട്ടനും പോളേട്ടന്റെ ഡ്രൈവിംഗ് പരിശീലിപ്പിക്കലും ആണ്. സിദ്ദിഖ്, നെടുമുടി വേണു, ശ്രീനിവാസന് എന്നിവരും കഥാപാത്രങ്ങളായി. ക്രിസ്തുമസ് സീസണിന്റെ അഡ്വാന്റേജില് മൗത്ത് പബ്ലിസിറ്റികൊണ്ട് സൂപ്പര്ഹിറ്റ് വിജയം കൈവരിച്ച സിനിമ ജയറാമിന്റെ കരിയറിലും പ്രധാനപ്പെട്ടതാണ്. അങ്ങനെ ഒരിക്കല് കൂടി ശ്രീനിവാസനുമേലുള്ള സത്യന് അന്തിക്കാടിന്റെ വിശ്വാസ്യത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് നിലനിര്ത്തി.
പുതുമുഖങ്ങളെ അണിനിരത്തി ക്യാമ്പസ് പശ്ചാത്തലത്തില് കഥപറഞ്ഞാണ് കമലിന്റെ 'നമ്മള്' തിയേറ്ററുകളില് എത്തുന്നത്. വ്യത്യസ്തമായ പാട്ടുകളും സ്റ്റൈലുമൊക്കെയായി വന്ന നമ്മള് യുവാക്കള്ക്കിടയില് വലിയ സ്വാധീനമുണ്ടാക്കിയെന്ന് മാത്രമല്ല, സിനിമയിലെ സ്റ്റൈലുകളെ അനുകരിച്ചുകൊണ്ടുള്ള ട്രെന്റുകളും വ്യാപകമായി. ഡേവിഡ് കാച്ചപ്പിള്ളി നിര്മ്മിച്ച സിനിമയ്ക്ക് കലവൂര് രവികുമാര് ആയിരുന്നു തിരക്കഥ എഴുതിയത്. സിദ്ധാര്ത്ഥ് ഭരതന്, ജിഷ്ണു രാഘവന്, രേണുക മേനോന്, ഭാവന എന്നിങ്ങനെ നാല് പുതുമുഖങ്ങള് പ്രധാന കഥാപാത്രങ്ങളായി. സിനിമയില് ബാലചന്ദ്ര മേനോന്, സുഹാസിനി എന്നിവര്ക്ക് പുറമെയുള്ള പ്രധാന സഹതാരങ്ങളും പുതുമുഖങ്ങളായിരുന്നു. ക്യാമ്പസ്-ഫാമിലി മൂവിയായി വിലയിരുത്തപ്പെട്ട നമ്മളിന്റെ വിജയവും മൗത്ത് പബ്ലിസിറ്റിയുടെ പിന്ബലത്തില് ആയിരുന്നു. മോഹന് സിത്താര സംഗീതം നിര്വ്വഹിച്ച ഗാനങ്ങളും സിനിമയ്ക്ക് പിന്ബലമായി.
2002 ഡിസംബറില് ഏറ്റവും കളക്ഷന് നേടിയത് ഷാഫിയുടെ സംവിധാനത്തില് ദിലീപ്, കുഞ്ചാക്കോ ബോബന്, ലാലു അലക്സ്, ലാല്, നവ്യ നായര്, ജ്യോതിര്മയി എന്നിവര് പ്രധാനവേഷങ്ങളില് അഭിനയിച്ച കല്ല്യാണരാമന് ആയിരുന്നു. ദിലീപിന്റെ തെക്കേടത്ത് രാമന്കുട്ടിയും. സലിം കുമാറിന്റെ പ്യാരിയും ഇന്നസെന്റിന്റെ പോഞ്ഞിക്കരയും കൊച്ചു പ്രേമന്റെ യു പി പി മേനോനും തുടങ്ങി സിനിമയില് വന്നവരും നിന്നവരും പോയവരുമെല്ലാം തിയേറ്ററില് ചിരിയുടെ മാലപ്പടക്കം തീര്ത്തു. ദിലീപിന്റെ ആ വര്ഷത്തെ നാലാമത്തെ തുടര്ച്ചയായ വിജയമായിരുന്നു കല്ല്യണരാമന്.
ഈ നാല് ചിത്രങ്ങളിലെയും ഇന്നസെന്റിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. നന്ദനത്തിലെ കാര്യസ്ഥന് കേശവന് നായര്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ ഡ്രൈവിംഗ് മാഷ് പോളേട്ടന്, നമ്മളിലെ ഓട്ടോക്കാരന് ഷണ്മുഖന്, കല്യാണരാമനിലെ പോഞ്ഞിക്കര. മലയാള സിനിമയ്ക്ക് മറക്കാനാകാത്ത 2002ലെ ക്രിസ്തുമസ് കാലം ലൈറ്റ് വാച്ചുകളായ മലയാള സിനിമകളുടെ സുവര്ണ്ണ കാലം കൂടിയായിരുന്നു. എല്ലാ ചേരുവകളോടെയും കഥപറയുമ്പോഴും രസച്ചരടുമുറിയാത്ത തമാശകള് നല്കിയ 4 സിനിമകള്...