ഇന്ത്യന് ക്രിക്കറ്റിന് ആവേശവും അതിലേറെ സങ്കടവും നല്കിയ വര്ഷമായിരുന്നു 2023. ശ്രീലങ്കയ്ക്കെതിരെ സ്വന്തം മണ്ണിലായിരുന്നു ഇന്ത്യയുടെ ഈ വര്ഷത്തെ ആദ്യ പരമ്പര. 2022ലെ ട്വന്റി20 ലോകകപ്പിന് പിന്നാലെ രോഹിത് ശര്മ്മയും വിരാട് കോഹ്ലിയും കുട്ടി ക്രിക്കറ്റില് നിന്നും തുടര്ച്ചയായി ഒഴിവാക്കപ്പെട്ടു. ഇതോടെ ഹാര്ദിക്ക് പാണ്ഡ്യയെന്ന ഭാവിയുടെ നായകന് പിറന്നു. ഏകദിന ക്രിക്കറ്റില് ഗുവാഹത്തിയില് വിരാട് കോഹ്ലിയുടെ സെഞ്ച്വറിയോടെ പുതുവര്ഷത്തെ വരവേറ്റു. ശ്രീലങ്കന് പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില് ഇന്ത്യന് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന വിജയത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയായി.
ന്യൂസീലന്ഡും ഇന്ത്യയില് വന്ന് പരാജയം രുചിച്ചു. ശുഭ്മാന് ഗില്ലിന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി ഈ പരമ്പരയില് ഉണ്ടായി. ഓസ്ട്രേലിയ ആയിരുന്നു അടുത്ത എതിരാളികള്. ബോര്ഡര്-ഗാവസ്കര് ട്രോഫി ഇന്ത്യ നിലനിര്ത്തി. നാലാം ടെസ്റ്റില് ഓസ്ട്രേലിയയ്ക്കെതിരെ വിരാട് കോഹ്ലി മൂന്ന് വര്ഷത്തെ സെഞ്ചുറി ദാരിദ്ര്യം മറികടന്നു. പക്ഷേ ഏകദിന പരമ്പരയില് ഇന്ത്യന് കണക്ക് കൂട്ടലുകള് തെറ്റി. അപ്രതീക്ഷിതമായി ക്യാപ്റ്റന് പദവി ലഭിച്ച സ്റ്റീവ് സ്മിത്തും സംഘവും നീലപ്പടയെ തകര്ത്തെറിഞ്ഞു.
ആവേശം ഉയര്ത്തി 16-ാം ഐപിഎല്ലിന് കൊടിയേറി. രണ്ട് മാസത്തെ പോരാട്ടത്തിനൊടുവില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ അഞ്ചാം കിരീടധാരണം നടന്നു. ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് ഒരിക്കല്കൂടി ഇന്ത്യന് കണ്ണീര് വീണു. 2021ല് കോഹ്ലിയുടെ കഠിനാദ്ധ്വാനം നിഷ്ഫലമായ മണ്ണില് 2023ല് രോഹിത് ശര്മ്മയുടെ കൂര്മ്മബുദ്ധിയും ഫലം കണ്ടില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിന് ശേഷം രോഹിതും സംഘവും ഇന്ത്യയിലേക്ക് വന്നില്ല. പകരം വെസ്റ്റ് ഇന്ഡീസിലേക്ക് വിമാനം കയറി. കരീബിയന് കരുത്തിന് പഴയ പ്രതാപം ഇല്ലാത്തതിനാല് ഇന്ത്യയ്ക്ക് വിന്ഡീസ് പരമ്പര എളുപ്പമായിരുന്നു. ടെസ്റ്റും ഏകദിനവും ഇന്ത്യ ജയിച്ചു. എങ്കിലും ട്വന്റി 20യിലെ വിന്ഡീസ് കരുത്ത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പരമ്പര 3-2ന് വെസ്റ്റ് ഇന്ഡീസ് സ്വന്തമാക്കി.
അയര്ലന്ഡില് മൂന്ന് ട്വന്റി 20 മത്സരങ്ങളും ഇന്ത്യ കളിച്ചു. ജസ്പ്രീത് ബുംറയുടെ ടീം വിജയിച്ചുവന്നു. ഇന്ത്യന് ക്രിക്കറ്റിന്റെ അടുത്ത തലമുറയിലെ താരങ്ങളുടെ പേര് ബിസിസിഐ പുറത്തുവിട്ടത് ഏഷ്യന് ഗെയിംസിലൂടെ ആയിരുന്നു. റുതുരാജ് ഗെയ്ക്ക്വാദ് നയിച്ച ടീം ഏഷ്യന് ഗെയിംസില് സുവര്ണ നേട്ടം സ്വന്തമാക്കി. യശസി ജയ്സ്വാള്, റിങ്കു സിംഗ്, രാഹുല് ത്രിപാഠി, തിലക് വര്മ്മ, ജിതേഷ് ശര്മ്മ, രവി ബിഷ്ണോയ്, മുകേഷ് കുമാര് തുടങ്ങിയവര് ചൈനയില് ക്രിക്കറ്റ് ആസ്വദിച്ചു.
പരീക്ഷണങ്ങള് കഴിഞ്ഞു. 2023ലെ വലിയ ലക്ഷ്യം ഇന്ത്യയ്ക്ക് മുമ്പിലെത്തി. ഏകദിന ലോകകപ്പിന് കുറച്ച് ദിവസം മാത്രം ശേഷിക്കെ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന ഏഷ്യാ കപ്പ് വിജയിച്ച് ഇന്ത്യന് സംഘം കരുത്ത് കാട്ടി. ഫൈനലില് ശ്രീലങ്കയ്ക്കെതിരെ മുഹമ്മദ് സിറാജിന്റെ പ്രകടനം കണ്ട ക്രിക്കറ്റ് ലോകം ഞെട്ടിത്തരിച്ചു. ഏഴ് ഓവറില് ഒരു മെയ്ഡനടക്കം 21 റണ്സ് വിട്ടു നല്കി ആറ് വിക്കറ്റുകള് സിറാജ് വീഴ്ത്തി.
ഓസ്ട്രേലിയയെ തോല്പ്പിച്ച് ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കവും ഇന്ത്യ പൂര്ത്തിയാക്കി. ഏകദിന ലോകകപ്പില് ഇന്ത്യയുടെ വര്ദ്ധിത വീര്യത്തിന് മുന്നില് എതിരാളികള് ഓരോത്തരായി വീണു. പക്ഷേ ഫൈനലുകളിലെ ദുര്ഭൂതം ഇന്ത്യയെ വീണ്ടും പിടികൂടി. ഓസ്ട്രേലിയയ്ക്ക് മുന്നില് ഇന്ത്യന് സംഘം കളിമറന്നു. രോഹിത്തും കോഹ്ലിയും രാഹുലും ബുംറയും ഷമിയും ജഡേജയുമെല്ലാം ഫൈനല് തോല്വിയുടെ കണ്ണീരില് മുങ്ങി. സൂര്യകുമാര് യാദവിന്റെ ടീം പിന്നീട് ഓസ്ട്രേലിയക്കെതിരെ ട്വന്റി 20 പരമ്പര നേടിയെങ്കിലും ലോകകപ്പ് നഷ്ടത്തിന്റെ വേദന ഇന്ത്യന് ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല.