അത്ലറ്റിക് വേദിയിലെ ഗോൾഡൻ ബോയ്; നീരജ് ചോപ്രയ്ക്ക് പിറന്നാൾ

നീരജിന് 26 വയസ് പിന്നിടുമ്പോൾ ഇന്ത്യ ഇപ്പോഴും പ്രതീക്ഷയിലാണ്.

dot image

ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും ലോക അത്ലറ്റിക് ചാമ്പ്യനുമായ നീരജ് ചോപ്രയ്ക്ക് ഇന്ന് 26 വയസ് തികയുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഹരിയാനക്കാരനായ ഈ യുവതാരം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. വിജയത്തിനായുള്ള അടങ്ങാത്ത ആഗ്രഹം വെറും 20 വയസിൽ തന്നെ നീരജിനെ ലോകത്തെ മികച്ച അത്ലറ്റുകളിൽ ഒരാളാക്കി മാറ്റയിരുന്നു.

1997 ഡിസംബർ 24ന് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ഖന്ദ്ര ഗ്രാമത്തിലാണ് നീരജിന്റെ ജനനം. കർഷകനായ സതീഷ്കുമാർ ചോപ്രയും സരോജ് ദേവിയുമാണ് നീരജിന്റെ മാതാപിതാക്കൾ. 11 വയസിൽ 80 കിലോ ശരീരഭാരമുണ്ടായിരുന്നു നീരജിന്. കുട്ടിക്കാലത്ത് കൂട്ടുകാർ കളിയാക്കും വിധത്തിൽ പൊണ്ണത്തടിയനായിരുന്നു നീരജ്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച അത്ലറ്റാക്കി നീരജിനെ മാറ്റിയത് അന്നത്തെ അമിതവണ്ണമാണ്.

കുട്ടിക്കാലത്ത് തടി കുറയ്ക്കാനായി നീരജിനെ മാതാപിതാക്കൾ ഓട്ടം പരിശീലിപ്പിച്ചു. വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള പാനിപ്പത്ത് ശിവാജി സ്റ്റേഡിയത്തിലായിരുന്നു വണ്ണം കുറയ്ക്കാൻ നീരജ് എത്തിയത്. ഓട്ടത്തിലൊന്നും നീരജ് താൽപര്യം കാട്ടിയില്ല. സ്റ്റേഡിയത്തിൽ ചിലർ ജാവലിൻ എറിയുന്നതു കണ്ടപ്പോൾ നീരജ് മാതാപിതാക്കളോട് പറഞ്ഞു. തനിക്ക് ഓടാൻ വയ്യ, പകരം ജാവലിൻ എറിഞ്ഞോളാം. പരിശീലനം ഒന്നുമില്ലാതെ 40 മീറ്റർ ദൂരത്തേയ്ക്ക് നീരജ് ജാവലിൻ എത്തിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് 45 മീറ്ററിലേക്കെത്തി.

ജാവലിൻ ത്രോ താരം ജയ്വീർ സിംഗിന്റെ കീഴിലായിരുന്നു നീരജിന്റെ ആദ്യ പരിശീലനം. 2012ൽ നീരജ് അണ്ടർ 16 ദേശീയ ചാമ്പ്യനായി. 68.46 മീറ്റർ എറിഞ്ഞു ദേശീയ റെക്കോർഡ് തിരുത്തിയാണ് അന്ന് നീരജ് സുവർണ നേട്ടം സ്വന്തമാക്കിയത്. 2013 ൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ട് അന്താരാഷ്ട്ര വേദിയിലേക്ക് ആദ്യമായി എത്തി. 2015ൽ ദേശീയ ക്യാമ്പിലേക്കു വിളിയെത്തി. 2016ൽ പോളണ്ടിൽ നടന്ന ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. അന്ന് ആദ്യമായാണ് അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരം സ്വർണം നേടിയത്. 86.48 മീറ്റർ ജാവലിൻ എത്തിച്ചായിരുന്നു നീരജിന്റെ നേട്ടം. അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിലെ റെക്കോർഡ് ദൂരമാണ് അന്ന് നീരജ് പിന്നിട്ടത്. ഇതോടെ നീരജ് ചോപ്ര എന്ന കായിക താരത്തെ ലോകം കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങി.

2016ൽ ദക്ഷിണേഷ്യൻ ഗെയിംസിൽ 82.23 മീറ്റർ ജാവലിൻ പായിച്ച് സ്വർണം നേടി. 2017ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യനായി. സ്ഥിരതയാർന്ന മുന്നേറ്റങ്ങൾ നീരജിലൂടെ ഒളിംപിക്സ് സ്വർണമെന്ന സ്വപ്നം രാജ്യത്തെ കായിക പ്രേമികളിൽ വളർന്നു തുടങ്ങി. 2021 ൽ ടോക്കിയോയിൽ ഈ സ്വപ്നം യാഥാർത്ഥ്യമായി. 86.65 മീറ്റർ ദൂരം എറിഞ്ഞ് ജാവലിനിൽ ആദ്യമായി ഒരു ഇന്ത്യൻ താരം സ്വർണം അണിഞ്ഞു. ഒളിംപിക്സ് അത്ലറ്റിക് വിഭാഗത്തിൽ ആദ്യ സ്വർണമായിരുന്നു നീരജിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.

നക്ഷത്രക്കണ്ണുള്ള രാജകുമാരൻ; അലെക്സിസ് മാക് അലിസ്റ്ററിന് പിറന്നാൾ

നീരജ് ജാവലിൻ എറിഞ്ഞപ്പോൾ പിന്നീടും നേട്ടങ്ങൾ നിരവധി ഉണ്ടായി. 2023 മെയിൽ ലോക അത്ലറ്റിക് റാങ്കിങ്ങിൽ ഒന്നാമതെത്തി. പിന്നാലെ ലുസൈൽ ഡയമണ്ട് ലീഗിലും സുവർണ്ണ നേട്ടം ആവർത്തിച്ചു. അതിനുശേഷമുള്ള ചാമ്പ്യൻഷിപ്പുകളിൽ നിന്ന് നീരജ് പിന്മാറി. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും മികച്ച പ്രകടനം നടത്താനാണ് നീരജ് പിന്മാറിയത്. ആ ശ്രമങ്ങൾക്ക് ഫലം കണ്ടു. ലോകവേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർന്നു. 88.17 മീറ്റർ ദൂരം പിന്നിട്ട് ഇന്ത്യയുടെ സുവർണ നേട്ടം. ഏറ്റവും ഒടുവിൽ ഏഷ്യൻ ഗെയിംസിലും 88.88 മീറ്റർ ദൂരം ജാവലിൻ എത്തിച്ച് സ്വർണത്തിളക്കം സ്വന്തമാക്കി. നീരജിന് 26 വയസ് പിന്നിടുമ്പോൾ ഇന്ത്യ ഇപ്പോഴും പ്രതീക്ഷയിലാണ്. നീരജ് ഇനിയും യാത്ര തുടരട്ടെ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us