ഇന്ത്യന് സിനിമയുടെ 'സൂപ്പര് വിമെന്'; 2023ല് ഞെട്ടിച്ച സ്ത്രീ കഥാപാത്രങ്ങള്

ഹൈപ്പര്മാസ്കുലിന് കഥാപാത്രങ്ങള്ക്ക് ബോക്സ് ഓഫീസില് ആളുകയറുന്ന അതേ സമയം തന്നെ പാന് ഇന്ത്യയൊട്ടാകെ ചര്ച്ച ചെയ്യപ്പെട്ട വിധത്തില് സൂപ്പര് വിമെന് സിനിമകളും പുറത്തിറങ്ങിയ വര്ഷമായിരുന്നു 2023

അമൃത രാജ്
4 min read|25 Dec 2023, 03:07 pm
dot image

ഒരു കാലത്ത് തുടര്ച്ചയായ ഹീറോ ഓറിയെന്റഡ് സിനിമകള്ക്കിടയില് വളരെ വിരളമായി മാത്രമാണ് സ്ത്രീപക്ഷ സിനിമകള് വന്നിരുന്നത്. ജീവിതത്തില് ഭര്ത്താവിന്റെയും അച്ഛന്റെയും മകന്റെയും സഹോദരന്റെയുമെല്ലാം ആവശ്യങ്ങള്ക്കായി നിലകൊണ്ടിരുന്ന, നായകനെ പ്രണയിക്കാനും വേദനകളേറ്റുവാങ്ങാനും പ്രണയനഷ്ടത്തിൽ ആത്മഹത്യ ചെയ്യാനും വേണ്ടി മാത്രമായി ചിത്രീകരിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളില് നിന്ന് വലിയ മാറ്റങ്ങളാണ് സിനിമകളില് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഹൈപ്പര്മാസ്കുലിന് കഥാപാത്രങ്ങള്ക്ക് ബോക്സ് ഓഫീസില് ആളുകയറുന്ന അതേ സമയം തന്നെ പാന് ഇന്ത്യയൊട്ടാകെ ചര്ച്ച ചെയ്യപ്പെട്ട വിധത്തില് സൂപ്പര് വിമെന് സിനിമകളും പുറത്തിറങ്ങിയ വര്ഷമായിരുന്നു 2023. അത്തരത്തില് ഈ വര്ഷം, പ്രേക്ഷകരുടെ മനസില് ഇടം നേടിയ നിരൂപക ശ്രദ്ധയാകര്ഷിച്ച ചില സ്ത്രീ കഥാപാത്രങ്ങളേതൊക്കെയെന്ന് നോക്കാം.

'രേഖ'യായ വിന്സി അലോഷ്യസ്

മലയാളത്തില് ഈ വര്ഷത്തെ ആദ്യത്തെ വുമണ് ഓറിയന്റഡ് ത്രില്ലര് സിനിമയായിരുന്നു ജിതിന് ഐസക്ക് തോമസിന്റെ രണ്ടാം ചിത്രമായ 'രേഖ'. റിവഞ്ച് ത്രില്ലര് കൂടിയായ രേഖയിലെ താരം വിന്സി അലോഷ്യസായിരുന്നു. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വിന്സിക്ക് നേടിക്കൊടുത്ത സിനിമയായിരുന്നു രേഖ. വലിയ പ്രൊമോഷന് ബഹളങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ പുറത്തിറങ്ങിയ സിനിമയ്ക്ക് തിയേറ്ററില് വിജയം നേടാന് കഴിഞ്ഞിരുന്നില്ല. എന്നാല് ഒടിടി റിലീസിന് ശേഷം രേഖയെയും രേഖയുടെ പ്രകടനത്തെയും പ്രേക്ഷകര് ഏറ്റെടുക്കുകയായിരുന്നു.

പെണ്കരുത്തിന്റെ പ്രതീകമായാണ് രേഖയെ വിന്സി അവതരിപ്പിച്ചത്. തന്നെ ചതിച്ച, തന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനായ കാമുകനോട് പ്രതികാരം വീട്ടാന് മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്കിറങ്ങിത്തിരിക്കുന്ന പെണ്കുട്ടി. മറ്റ് സ്ത്രീ കഥാപാത്രങ്ങള് ദുര്ബലമാകുമ്പോള് നിര്ഭയത്തോടെ മുന്നേറാന് രേഖയ്ക്ക് കഴിഞ്ഞു. രേഖ എന്ന സ്ത്രീ കടന്നു പോകുന്ന മനോവികാരങ്ങള് വിന്സിയില് ഭദ്രമായിരുന്നു. ഒരു ചെറിയ ഒരു കഥ ഏങ്ങനെയെല്ലാം മനോഹരമാക്കാന് കഴിയുമോ അങ്ങനെയെല്ലാം രേഖ മികച്ചു തന്നെ നിന്നു.

തുറമുഖത്ത് കരുത്ത് കാട്ടിയ ഉമ്മ - പൂര്ണ്ണിമ ഇന്ദ്രജിത്ത്

1930-1950 കാലഘട്ടത്തിലെ കൊച്ചി തുറമുഖത്തിന്റെയും തൊഴിലാളി സമര ചരിത്രം പറഞ്ഞ ചിത്രമാണ് തുറമുഖം. തുറമുഖം സ്ത്രീകളുടെ സിനിമയാണ് എന്ന് പറയാം. മക്കള് നഷ്ടപ്പെട്ട ഉമ്മമാര് തെരുവിലൂടെ കരഞ്ഞ് ഓടിവരുന്ന രംഗം മറക്കാനാവാത്തതാണ്. സാഹചര്യങ്ങളിൽ നിന്ന് കരുത്താർജ്ജിച്ച സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം അതിജീവനത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായിരുന്നു പൂര്ണിമ ഇന്ദ്രജിത്തിന്റെ ഉമ്മ വേഷം. സിനിമ തിയേറ്ററില് എത്തിയ നാള് മുതല് ഏവരും ഒരുപോലെ പരാമര്ശിച്ച കഥാപാത്രമായിരുന്നു പൂര്ണിമയുടേത്. ശരീര ഭാഷ കൊണ്ടും സംസാര രീതി കൊണ്ടും പ്രകടനം കൊണ്ടും ഗംഭീരമായ പ്രകടനം കാഴ്ചവെച്ച, മലയാളി പ്രേക്ഷകര് ഇതുവരെ കാണാത്ത ഒരു പൂര്ണിമയെ തുറമുഖത്തിലൂടെ കണ്ടു.

സൂപ്പര് വില്ലത്തി സൂസന്

മികച്ച നായികയാകാന് മാത്രമല്ല, മികച്ച പ്രതിനായികയാകാനും ദര്ശന രാജേന്ദ്രന് സാധിക്കും എന്ന് തെളിയിക്കുന്ന ചിത്രമായിരുന്നു കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷ പ്രേതത്തിലെ സൂസന്. സ്ഥിരം നായിക പരിവേഷങ്ങളില് നിന്ന് വ്യത്യസ്തമായ, സൂസന് കൈയ്യടി നേടിയ മറ്റൊരു സ്ത്രീ കഥാപാത്രമായിരുന്നു. ഒരു കൊല നടത്തി, അത് വിദഗ്ധമായി മറച്ചുവെച്ച് അഭിനയിക്കുന്ന, തനിക്കെതിരെ വരുന്നവരെ കൊല്ലാന് പോലും മടിക്കാത്ത, സൈലന്റായ സൂസന്. സൂസനാണ് കഥയുടെ കേന്ദ്രം. പുരുഷ പ്രേതത്തിലെ പെര്ഫക്ട് കാസ്റ്റിങ്ങായിരുന്നു ദര്ശന രാജേന്ദ്രന്റേത്.

അറ്റയറിലും ആറ്റിറ്റ്യൂടിലും നന്ദിനിയായ ഐശ്വര്യ

പൊന്നിയിന് സെല്വനിലെ നായികമാരെല്ലാവരും തന്നെ ശക്തരാണ്. എന്നിരുന്നാലും നെഗറ്റീവ് റോളില് തിളങ്ങിയ ഐശ്വര്യ റായ്യുടെ നന്ദിനി എടുത്തു പറയേണ്ട കഥാപാത്രമാണ്. പകയുടെ കൊടുമുടിയില് നില്ക്കുന്ന നന്ദിനിക്ക് ചോള നാടിനെ ചുട്ടു ചാമ്പലാക്കാനുള്ള അത്ര കോപമാണുള്ളത്. അത് നന്ദിനിയുടെ കണ്ണുകളില് പോലും പ്രതിഫലിക്കുന്നത് കാണാം. ഒടുവില് കുറ്റബോധത്താല് തകര്ന്ന് പോകുന്ന നന്ദിനിയുടെ നിസഹായവസ്ഥയെയും ഐശ്വര്യ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു.

നിമിഷയുടെ 2023

ജിഗര്തണ്ഡ ഡബിള് എക്സ്, ചിത്ത, അദൃശ്യ ജാലകങ്ങള്... അഭിനയിച്ച മൂന്ന് സിനിമകളും നിരൂപക ശ്രദ്ധ നേടിയവ. നിമിഷ സജയന്റെ മറ്റൊരു വിജയ വര്ഷമായിരുന്നു 2023. ജിഗര്തണ്ഡ ഡബിള് എക്സിലെ മലയരസി എന്ന കരുത്തുറ്റ കഥാപാത്രം സിനിമയെ വലിയ രീതിയില് സ്വാധീനം ചെലുത്തിയിട്ടുണ്ട്. വാതില്ക്കല് വന്ന് തലകുനിച്ച് സംസാരിക്കുന്ന, ഭര്ത്താവിനെ പേടിയായ, മറുത്തൊരക്ഷരം മിണ്ടാത്ത അല്ലിയസ് സീസറിന്റെ ഭാര്യയായല്ല ഒന്നിന് പത്ത് മറുപടി നല്കുന്ന, ഭര്ത്താവിന്റെ വയലന്സിനെ ഭയപ്പെടാത്ത മരിക്കാന് പോലും ഉശിരോടെ മുന്നില് നില്ക്കാന് ധൈര്യമുള്ള മലയരസിയെയാണ് മനോഹരമായി നിമിഷ അവതരിപ്പിച്ചത്.

ചിത്തയിലെ ശക്തിയും ഒരു പോരാളിയാണ്. ചിത്തയില് കുട്ടികളിലെ സെക്സ് എജുക്കേഷന്റെ പ്രാധാന്യത്തെ കുറിച്ച് ചര്ച്ച ചെയ്യുമ്പോള് ചൈള്ഡ് അബ്യൂസിനിരയായി ആ ട്രോമയില് തളര്ന്നു നില്ക്കുന്ന നിരവധി സ്ത്രീകള്ക്ക് പ്രചോദനമാണ് ശക്തി. ജീവിതത്തോട് തോറ്റുകൊടുക്കാന് മനസു കാണിക്കാത്ത, എത് കഷ്ടതയിലും പിടിച്ചു നില്ക്കുന്ന ശക്തിയെ നിമിഷ അനശ്വരമാക്കിയിട്ടുണ്ട്. അദൃശ ജാലകങ്ങളില് ലൈംഗിക തൊഴിലാളിയുടെ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്നിന്റെ ഓമന

വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തിന് ഡെഡ്ലൈന് വരയ്ക്കുന്നത് എന്ന് കാണിച്ചു തന്ന കഥാപാത്രമായിരുന്നു ജിയോബേബിയുടെ കാതലിലെ ഓമന.

തമിഴ് സൂപ്പര് സിനിമകളുടെ കൊമേഴ്ഷ്യല് ഫോര്മാറ്റുകളില് മാത്രം നാം കണ്ടു ശീലിച്ച ജ്യോതിക, ഒരു നോട്ടം കൊണ്ടും മൗനം കൊണ്ടും പോലും ആഴമേറിയ അര്ഥങ്ങള് മുന്നോട്ടുവെച്ച കഥാപാത്രമായിരുന്നു ഓമന. സമൂഹത്തിലെ ഒരായിരം ഓമനമാര്ക്ക് ഊര്ജം നല്കുന്ന ചിത്രമായിരുന്നു കാതല്: ദി കോര്.

കരുത്തുള്ള നേരിന്റെ സാറ

തിയേറ്ററുകളില് മികച്ച പ്രതികരണം ലഭിച്ചുകൊണ്ട് പ്രദര്ശനം തുടരുകയാണ് ജീത്തു ജോസഫ്-മോഹന്ലാല് കൂട്ടുകെട്ടിലൊരുങ്ങിയ നേര്. സത്യത്തിന്റെ വെളിച്ചത്തെ നേരിലൂടെ സംവിധായകന് പ്രേക്ഷകര്ക്ക് മുന്നിലെത്തിക്കുമ്പോള് സിനിമയിലെ നായകനായ മോഹന്ലാലിനൊപ്പം അഭിനന്ദനങ്ങളേറ്റു വാങ്ങുകയാണ് അനശ്വര രാജന് അനശ്വരമാക്കിയ സാറ. നീതി ലഭിക്കാതെ ഇന്നും ഇരുട്ടിലിരിക്കുന്ന നിരവധി പെണ്കുട്ടികളെ ഓര്മ്മിപ്പിക്കുന്നതാണ് നേര്. അനശ്വരയുടെ കരിയറില് ഇതിലും മികച്ച അവസരങ്ങള് എത്തുമായിരിക്കാം, എന്നാല് സാറ ഉണ്ടാക്കിയ ഇംപാക്ട് അനശ്വര എന്ന നടിയുടെ കരിയറിനെ അടയാളപ്പെടുത്തുന്നതായിരിക്കും എന്നതില് സംശയമില്ല.

ഇന്ത്യന് സിനിമയിലെ 2023-ലെ നായികമാരുടെ ലിസ്റ്റ് അവസാനിക്കുന്നില്ല, ബോളിവുഡിന്റെ കരുത്തുറ്റ നായിക കരീന കപൂറിന്റെ ജാനെ ജാന്, ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന മിനി ഐ ജി സംവിധാനത്തിലൊരുങ്ങിയ ഡിവോഴ്സ്, പെണ്ണുടലിന്റെ, മാറിടത്തിന്റെ രാഷ്ട്രീയം പറഞ്ഞ ശ്രുതി ശരണ്യത്തിന്റെ ബി 32 മുതല് 44 വരെ എന്നിങ്ങനെ നീളുന്നു സ്ത്രീത്വത്തെ അടയാളപ്പെടുത്തിയ ഈ വർഷത്തെ ചിത്രങ്ങള്.

dot image
To advertise here,contact us
dot image