താര സംവിധായകരുടെ മക്കൾ സംവിധായകരായി അരങ്ങേറ്റം കുറിച്ച 2023

2023ൽ ചിത്രീകരണം ആരംഭിച്ച് 2024ൽ റിലീസ് പ്രതീക്ഷിക്കുന്ന രണ്ട് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്

dot image

പേരെടുത്ത താര സംവിധായകരുടെ മക്കൾ സംവിധായകരായി അരങ്ങേറ്റം കുറിച്ച വർഷമാണ് 2023. മലയാളത്തിലെ ക്ലാസിക് സിനിമകളൊരുക്കിയവരുടെ രണ്ടാം തലമുറക്കാർ പുതിയ പരീക്ഷണങ്ങളുമായി എത്തിയതിനെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത 'കിങ് ഓഫ് കൊത്ത' 2023ലെ ഏറ്റവും ഹൈപ്പുള്ള മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. മാസ് എന്റർടെയ്നർ ഴോണറിലുള്ള ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വലിയ ഹൈപ്പും പ്രതീക്ഷകളുമായി ഓണം റിലീസായ ദുൽഖർ സൽമാൻ ചിത്രം പക്ഷേ തിയേറ്ററുകളിൽ പ്രേക്ഷകരെ നിരാശപ്പെടുത്തി.

അതേസമയം സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സ്വതന്ത്ര സംവിധായകനായ 'പാച്ചുവും അത്ഭുതവിളക്കും' പ്രേക്ഷകരെ തിയേറ്ററുകളിൽ തൃപ്തിപ്പെടുത്തി. സത്യൻ അന്തിക്കാട് സിനിമകളുടെ പാറ്റേൺ പിന്തുടർന്ന് ഫാമിലി ഡ്രാമ ഴോണറിൽ ഒരുങ്ങിയ ചിത്രം 'ഫീൽ ഗുഡ്' എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയത്. ഫഹദ് ഫാസിൽ നായകനായ ചിത്രം മോശമല്ലാത്ത ബോക്സ് ഓഫീസ് കളക്ഷനൊപ്പം ഒടിടി റൈറ്റ്സിലും പണം നേടി.

2023ൽ ചിത്രീകരണം ആരംഭിച്ച് 2024ൽ റിലീസ് പ്രതീക്ഷിക്കുന്ന രണ്ട് ചിത്രങ്ങളും അണിയറയിലുണ്ട്. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ബസൂക്ക' പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. ഗെയിം ത്രില്ലർ ആണ് സിനിമയുടെ ഴോണർ. ഏറ്റവും സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച സിനിമയുടെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. മാസ് ആക്ഷൻ രംഗങ്ങൾ സിനിമ നൽകും എന്ന സൂചനയും മമ്മൂട്ടിയുടെ ചിത്രങ്ങൾ നൽകി. ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, ഭാമ, ഗായത്രി അയ്യർ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്.

സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും അണിയറയിലാണ്. ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ഴോണറിലുള്ള ചിത്രത്തിൽ സിജു വിൽസൻ ആണ് നായക വേഷത്തിലെത്തുന്നത്. സർവീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്ഐ ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. ഗൗരി നന്ദ, കാവ്യ ഷെട്ടി, രഞ്ജി പണിക്കർ തുടങ്ങിയവർ താരനിരയിലുണ്ട്. 2024ലാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image