2022ല് തെന്നിന്ത്യയെ മുഴുവന് ഇളക്കി മറിച്ച ചിത്രമായിരുന്നു കമല് ഹാസന് നായകനായ വിക്രം. കമലിനൊപ്പം വിജയ് സേതുപതി മുതല് ഫഹദ് ഫാസില് വരെയുള്ള വന്താരനിരയുണ്ടായിരുന്നെങ്കിലും വിക്രം എന്ന് കേള്ക്കുമ്പോള് ആദ്യം ഓടിവരുന്നത് സിനിമയില് വെറും അഞ്ച് മിനിറ്റ് മാത്രം ദൈര്ഘ്യമുളള ഒരു കഥാപാത്രമായിരിക്കും, റോളക്സ്. വിക്രം എന്ന സിനിമയുടെ റേഞ്ച് തന്നെ മാറ്റാന് സൂര്യയുടെ ഈ കാമിയോയ്ക്ക് കഴിഞ്ഞു. ഈ വര്ഷവും പതിവ് തെറ്റിയില്ല, അതി ഗംഭീരമായ കാമിയോ വേഷങ്ങള് കൊണ്ട് നിരവധി സിനിമകള് തിയേറ്ററുകളെ ഇളക്കിമറിച്ചു. 2023 ലെ സൂപ്പര് ഡ്യൂപ്പര് ഹിറ്റ് കാമിയോ റോളുകള് ഏതൊക്കെയായിരുന്നുവെന്ന് നോക്കാം.
കഴിഞ്ഞ വര്ഷങ്ങളിലേറ്റ തിരിച്ചടികളില് നിന്ന് ബോളിവുഡിനെ, കിംഗ് ഖാന് പിടിച്ചുയര്ത്തിയ വര്ഷമായിരുന്നു 2023. ഷാരൂഖ് ഖാന് നായകനായെത്തിയ പഠാനും, ജവാനും, 1000 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. ഇരു ചിത്രങ്ങളിലും പ്രേക്ഷകര് ഏറ്റെടുത്ത കാമിയോ റോളുകളുമുണ്ടായിരുന്നു. പഠാനില് നായകനായ പഠാനെ റഷ്യന് പൊലീസ് പിടികൂടിയിരിക്കുകയാണ്. ഷാരൂഖിന് രക്ഷപെടാന് ഒരു മാര്ഗ്ഗവുമില്ല എന്ന അവസ്ഥയിലെത്തി. അപ്പോള് ഷാരൂഖിനെ രക്ഷിക്കാന് ദേ എത്തുന്നു, സല്മാന് ഖാന്... ടൈഗര് ആയി. പിന്നീട് ഇരുവരും ഒന്നിച്ച് നിന്നൊരു ഫൈറ്റ് സീനും. ഖാന്മാര് ഒന്നിച്ചുള്ള രംഗങ്ങള് തിയേറ്ററുകളില് ആഘോഷം തീര്ത്തു.
ജവാനിലേക്ക് വന്നാല് നായകന്റെ അല്ല സൂപ്പര് നായികയുടെ കാമിയോ ആയിരുന്നു സിനിമയില്... ദീപിക പദുകോണ്. സിനിമയുടെ രണ്ടാം പകുതിയില് വന്നു പോകുന്ന കഥാപാത്രം നായകന് ഷാരൂഖിനും നായിക നയന്സിനുമൊപ്പം ശ്രദ്ധ നേടി. ഷാരൂഖിനൊപ്പമുള്ള ഒരു കിടിലന് ഫൈറ്റോടെയുള്ള ഇന്ട്രോയും ഒരു സോങ്ങും ഇമോഷണല് രംഗങ്ങളുമെല്ലാം ദീപികയ്ക്കായി അറ്റ്ലി ഒരുക്കിവെച്ചിരുന്നു.
പഠാനില് ഷാരൂഖിനെ രക്ഷിക്കാന് സല്മാന് വന്നല്ലോ... ഇനി എസ്ആര്കെയുടെ ഊഴം. സല്ലുവിന്റെ ടൈഗര് 3 യില് നായകന് മരണത്തെ മുഖാമുഖം കാണുമ്പോള് പഠാന് എത്തുകയാണ് രക്ഷകനായി. നിമിഷ നേരങ്ങള് മാത്രം നീണ്ടു നിന്ന ഷാരൂഖിന്റെ കിടിലന് കാമിയോ. അതുകൊണ്ടും കഴിഞ്ഞില്ല സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനില് ഹൃതിക് റോഷന്റെ കബീര് കൂടി വരുമ്പോള് സ്പൈ യൂണിവേഴ്സ് ആരാധകര്ക്കും അത് ആഘോഷമായി മാറുന്നുണ്ട്.
2023 ലെ ബോളിവുഡിലെ ഹിറ്റ് കാമിയോകള് ഇതൊക്കെയായിരുന്നുവെങ്കില് തെന്നിന്ത്യ മുഴുവന് ആരവം തീര്ത്ത മറ്റ് രണ്ട് കാമിയോകളുമുണ്ട്. രണ്ടും ഒരേ സിനിമയിലേതാണ്, നെല്സണ് ദിലീപ്കുമാര് സംവിധാനം ചെയ്ത ജയിലര്. ഏതൊക്കെ കാമിയോസ് ആണെന്ന് പറയേണ്ടതില്ലല്ലോ... ലാലേട്ടനും ശിവരാജ്കുമാറും. രജനികാന്തിന്റെ വണ്മാന്ഷോ ആയ സിനിമയില് കുറച്ച് നേരം മാത്രമേയുള്ളു എങ്കിലും ഉള്ള രംഗങ്ങളില് ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു രണ്ട് വേഷങ്ങളും.
വില്ലനായ വര്മ്മനുമായുള്ള ക്ലാഷില് രജനികാന്തിന്റെ മുത്തുവേല്, സഹായത്തിനായാണ് ശിവരാജ്കുമാറിന്റെ നരസിംഹയ്ക്ക് അടുത്തെത്തുന്നത്. വളരെ സിമ്പിള് എന്ന് തോന്നിപ്പിക്കുന്ന ഇന്ട്രോയായിരുന്നു ശിവരാജ് കുമാറിന് നെല്സണ് ഒരുക്കിയത്. എന്നാല് അവിടെ കുറച്ച് നിരാശരായ ആരാധകര്ക്ക് ക്ലൈമാക്സില് ശിവരാജ് കുമാറിന്റെ ഒരു സെക്കന്റ് ഇന്ട്രോയും സെറ്റ് ആക്കി വെച്ചിരുന്നു. അങ്ങ് കര്ണാടകയില് മാത്രമല്ല ഇങ്ങ് കേരളത്തില് പോലും ശിവരാജ് കുമാറിന്റെ സെക്കന്റ് ഇന്ട്രോ ആഘോഷിച്ചു.
സിനിമയുടെ സെക്കന്റ് ഹാഫില് മുത്തുവേലിനെ സഹായിക്കാനാണ് മോഹന്ലാലിന്റെ മാത്യുവും എത്തുന്നത്. മുംബൈയിലെ സ്മഗ്ളറായ മാത്യുവിന്റെ ഇന്ട്രോ തന്നെ ആരാധകര്ക്ക് രോമാഞ്ചം നല്കുന്നതായിരുന്നു. ബ്രേക്കിംഗ് ബാഡ്, പീക്കി ബ്ലൈന്ഡേഴ്സ് തുടങ്ങിയ വിദേശ സീരീസുകളുമായാണ് പലരും മാത്യുവിന്റെ ഇന്ട്രോയെ താരതമ്യം ചെയ്തത്. കുറച്ച് നാളായി മോഹന്ലാല് എന്ന താരത്തെ ആഘോഷിക്കാന് കഴിയാതിരുന്ന മലയാളികള്ക്ക് മാത്യു ഒരു ഉത്സവമായിരുന്നു. കോസ്റ്റ്യൂം മുതല് ലാലേട്ടന്റെ 'എന്താ മോനെ' എന്ന ഡയലോഗ് വരെ അവര് ആഘോഷിച്ചു. മാത്യുവിന്റെ ഒരു സ്പിന് ഓഫ് വേണമെന്ന ആവശ്യങ്ങള് പോലും ഉയര്ന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളില് മൂവരും ഒന്നിച്ച് കൂടി വന്നപ്പോള് തിയേറ്റര് അക്ഷരാര്ത്ഥത്തില് ഇളകിമറിഞ്ഞു.
2023 ലെ കാമിയോ ആഘോഷങ്ങള്ക്ക് ഒരു ഗംഭീര സീക്വല് തന്നെയാകും 2024. ഓസ്ലറിലെ മമ്മൂക്കയുടെ കാമിയോ മുതല് കമല്-മണിരത്നത്തിന്റെ തഗ്ലൈഫിലെ ദുല്ഖറിന്റെ കാമിയോ വരെ അണ്ഒഫീഷ്യല്, ഒഫീഷ്യല് കാമിയോസ് അടുത്ത വര്ഷത്തേക്കായി കാത്തിരിക്കുന്നുണ്ട്... നമുക്കും റെഡി ആകാം അണിയറയിലുള്ള സിനിമകള്ക്കും അതിലെ കാമിയോ റോളുകള്ക്കുമായി.