മലയാള സിനിമ 2023ൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എണ്ണിയാലൊടുങ്ങാത്ത തിയേറ്റർ റിലീസുകളും അവയുടെ കൂട്ട പരാജയങ്ങളുമായിരുന്നു. 200ൽ അധികം സിനിമകൾ തിയേറ്ററുകളിലെത്തിയപ്പോൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ് പ്രേക്ഷകരെ ആകർഷിച്ചത്. എന്നാൽ വിജയ ചിത്രങ്ങളിൽ ഭൂരിപക്ഷവും നവാഗത സംവിധായകരുടെ സംഭാവനകൾ ആയിരുന്നു, പലതും സ്ലീപ്പർ ഹിറ്റടിച്ചവ. ആളും ആരവവുമില്ലാതെ തിയേറ്ററുകളിൽ എത്തി കിരീടം ചൂടി മടങ്ങിയ ഈ വർഷത്തെ മലയാള ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
രോമാഞ്ചം
ഈ വർഷം മലയാള സിനിമ നേടിയ ആദ്യ വിജയം 'രോമാഞ്ചം' ആയിരുന്നു. നവാഗതനായ ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 3നാണ് തിയേറ്ററുകളിൽ എത്തിയത്. ബോക്സ് ഓഫീസിന് ഗുണപ്പെടാതെ പോയ ജനുവരി മാസത്തിൻ്റെ ക്ഷീണം പൂർണ്ണമായും തീർക്കാൻ ഈ സിനിമയ്ക്കായി.
ഹൊറർ കോമഡി വിഭാഗത്തിലുള്ള സിനിമ കേരളത്തിൽ നിന്ന് മാത്രം 42 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി. ആഗോള തലത്തിൽ 70 കോടിക്കടുത്താണ് സിനിമയുടെ വിജയം. പുതുമയുള്ള പ്രമേയവും പുതിയ അഭിനേതാക്കളും ചിത്രത്തെ പുത്തൻ അനുഭവമാക്കി മാറ്റി. സംഗീത സംവിധായകനെന്ന നിലയില് സുശിന് ശ്യാമിന്റെ സംഭാവനയും ഗുണമായി.
മധുര മനോഹര മോഹം
ബോക്സ് ഓഫീസില് രോമാഞ്ചത്തിന് ശേഷം അപ്രതീക്ഷിത ഹിറ്റായി മാറിയത് ജൂലൈ മാസം തിയേറ്ററുകളിൽ എത്തിയ 'മധുര മനോഹര മോഹം' ആണ്. ചെറിയ കാസ്റ്റിനൊപ്പം വലിയ ഹൈപ്പില്ലാതെ എത്തിയ സിനിമ പ്രമുഖ വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റമായിരുന്നു. നാല് കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം മൂന്നാം ആഴ്ച പിന്നിടുമ്പോൾ കേരള ബോക്സ് ഓഫീസിൽ ഏഴ് കോടിയും ആഗോള തലത്തിൽ 10 കോടിയും നേടി വിജയം ഉറപ്പാക്കിയിരുന്നു.
കോമഡിക്ക് പ്രാധാന്യം നല്കി അണിയിച്ചൊരുക്കിയ ചിത്രത്തില് രജിഷ വിജയന്, സൈജു കുറുപ്പ്, ഷറഫുദ്ദീന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹേഷ് ഗോപാല്, ജയ് വിഷ്ണു എന്നിവര് ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
നെയ്മർ
'തണീർ മത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലെ വിജയ ജോഡികളായ നസ്ലെനും മാത്യു തോമസും വീണ്ടും ഒന്നിച്ച സിനിമയായിരുന്നു 'നെയ്മർ'. നവാഗതനായ സുധി മാഡിസൺ ആയിരുന്നു സംവിധാനം. ഒരു പട്ടിയെ ചുറ്റിപ്പറ്റി കുടുംബകഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വിജയം കൈവരിച്ചു. വിജയ രാഘവൻ, ജോണി ആൻ്റണി, ഷമ്മി തിലകൻ കോമ്പോയിൽ വർക്കായ കോമഡി ഡ്രാമ 2023ലെ സ്ലീപ്പർ ഹിറ്റാണ്.
2018
ബിഗ് ബജറ്റിൽ ഒരുങ്ങിയ മൾട്ടി സ്റ്റാറർ ചിത്രം '2018' പ്രൊമോഷനുകൾ ഒന്നും കൂടാതെയാണ് തിയേറ്ററുകളിൽ എത്തിയത്. കേരളം നേരിട്ട് 2018ലെ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ സിനിമയെ മലയാളി സമൂഹം മുഴുവനും സ്വീകരിച്ച കാഴ്ചയായിരുന്നു തിയേറ്ററുകളിൽ. 175 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ എന്ന ഖ്യാതിയിലാണ് പ്രദർശനം അവസാനിപ്പിച്ചത്.
ആർ ഡി എക്സ്
ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആർഡിഎക്സ്. വമ്പൻ ഹൈപ്പിൽ വന്ന മറ്റു താര ചിത്രങ്ങളെ തകർത്തെറിഞ്ഞാണ് സിനിമ തിയേറ്ററുകളിൽ പ്രേക്ഷകരെ നേടിയത്. ദുൽഖർ സൽമാൻ ചിത്രം 'കിങ് ഓഫ് കൊത്ത', നിവിൻ പോളിയുടെ 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്നിവയെ നിലംപരിശാക്കി 2023ലെ ഓണം വിന്നറും ആർഡിഎക്സ് ആയിരുന്നു. നൂറ് കോടി രൂപയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.
ഗരുഡൻ
മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ നവാഗതനായ അരുൺ വർമ സംവിധാനം ചെയ്ത 'ഗരുഡൻ' തിയേറ്ററുകളിലെ ഈ വർഷത്തെ സ്ലീപ്പർ ഹിറ്റാണ്. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് കുപ്പായമണിഞ്ഞ ചിത്രത്തിൽ ബിജു മേനോനും പ്രധാന താരമായിരുന്നു. ഏഴ് കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ 17 കോടിക്ക് മുകളിൽ നേടിയാണ് തിയേറ്റർ പ്രദർശനം അവസാനിപ്പിച്ചത്.