പെലെ, പ്രതിഭാസത്തിന്റെ ഓര്മ്മകള്ക്ക് ഒരാണ്ട്

1958ലെ ലോകകപ്പ് നടക്കുമ്പോള് പെലെയ്ക്ക് 17 വയസ്

dot image

പെലെ, ബ്രസീലിയന് ഫുട്ബോള് ഇതിഹാസം വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്ഷം. അപ്രതീക്ഷിതമായാണ് ആ വിയോഗ വാർത്ത എത്തിയത്. ഫുട്ബോൾ രാജാവ് അസുഖ ബാധിതനായി ചികിത്സ തേടിയപ്പോൾ കാൽപ്പന്തിന്റെ ലോകം ഖത്തറിലെ ലോകപോരാട്ടത്തിന്റെ ആവേശത്തിലായിരുന്നു. ആഘോഷങ്ങൾ കെട്ടടങ്ങി. ഡിസംബർ 29ന് ആ വിയോഗ വാർത്തയെത്തി. ഫുട്ബോള് ലോകത്തെ ഒരേയൊരു രാജാവ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.

1940 ഒക്ടോബര് 23-ന് ബ്രസീലിലെ സാവോ പോളയിലാണ് പെലെയുടെ ജനനം. യഥാര്ത്ഥ പേര് എഡ്സണ് അരാന്റസ് ഡൊ നാസിമെന്റോ. കുട്ടിക്കാലത്ത് കൂട്ടുകാര് കളിയാക്കി വിളിച്ചിരുന്ന പേരാണ് പെലെ എന്നത്. പില്ക്കാലത്ത് ഫുട്ബോള് ലോകത്തിന്റെ ചക്രവര്ത്തിയായത് ആ പേരിലെന്ന് മാത്രം.

കടുത്ത ദാരിദ്രത്തിലൂടെയാണ് പെലെയുടെ കുട്ടിക്കാലം കടന്നുപോയത്. ദാരിദ്രം മറികടക്കാന് സോക്സില് കടലാസ് നിറച്ച് പന്തുണ്ടാക്കി ഫുട്ബോള് തട്ടും. പെലെയുടെ പിതാവ് ഡൊണീഞ്ഞ്യോ ഒരു പ്രാദേശിക ഫുട്ബോള് താരമായിരുന്നു. വരുമാനമില്ലാത്ത ഫുട്ബോള് കളി അയാള് നേരത്തെ അവസാനിപ്പിച്ചു. പക്ഷേ മകനെ ഫുട്ബോള് പഠിപ്പിച്ചു.

ആദ്യം ചെറിയ ക്ലബുകളില് കളിച്ചു. 15-ാം വയസില് സാന്റോസിലെത്തി. പെലെയിലെ പ്രതിഭാസം ഫുട്ബോള് ലോകം തിരിച്ചറിഞ്ഞു. പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 16-ാം വയസില് ബ്രസീല് ടീമിലെത്തി. 1958ലെ ലോകകപ്പ് നടക്കുമ്പോള് പെലെയ്ക്ക് 17 വയസ്. ബ്രസീല് ലോകജേതാക്കളായി. പെലെ മികച്ച യുവതാരമായി. പിന്നാലെ മാഞ്ചസ്റ്റര് യുണൈറ്റഡ്, റയല് മാഡ്രിഡ്, യുവന്റസ് ടീമുകള് പെലെയ്ക്കായി രംഗത്തുവന്നു. എങ്കിലും ആരാധകരുടെ ശക്തമായ ആവശ്യം പരിഗണിച്ച് ബ്രസീലിയന് ക്ലബായ സാന്റോസില് തുടര്ന്നു.

1962ല് വീണ്ടും ലോകകപ്പ് വിജയം. പക്ഷേ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ പെലെയ്ക്ക് പിന്നീട് കളിക്കാന് കഴിഞ്ഞില്ല. 1966ലാണ് പെലെയുടെ കരിയറിലെ ഏറെ നിരാശപ്പെടുത്തുന്ന ലോകകപ്പ് നടന്നത്. ആദ്യ മത്സരത്തില് ബള്ഗേറിയയുടെയും രണ്ടാം മത്സരത്തില് പോർച്ചുഗലിന്റെയും കടുത്ത ടാക്കിളിംഗിന് പെലെയും സംഘവും ഇരയായി. പരിക്കേറ്റു വീണ പെലെ ഇനി ലോകകപ്പ് കളിക്കില്ലെന്ന് പ്രഖ്യാപിച്ചു. പക്ഷേ 1970ലെ ലോകകപ്പില് വീണ്ടും ആരാധകരുടെ നിരന്തര അഭ്യര്ത്ഥന പെലെയ്ക്ക് അംഗീകരിക്കേണ്ടി വന്നു. കരിയറില് മൂന്ന് ലോകകപ്പ് നേട്ടമെന്ന അപൂര്വ്വ നേട്ടം സ്വന്തമാക്കുന്ന ഏക താരമായി പെലെ. തൊട്ടടുത്ത വര്ഷം ബ്രസീല് ദേശീയ ടീമില് നിന്നും പെലെ വിരമിച്ചു. 92 മത്സരങ്ങള് മഞ്ഞകുപ്പായത്തില് കളിച്ച പെലെ 77 തവണ വലചലിപ്പിച്ചു.

രണ്ട് പതിറ്റാണ്ട് നീണ്ട കളിജീവിത്തില് രണ്ട് ക്ലബുകള്ക്ക് വേണ്ടി മാത്രമാണ് പെലെ കളിച്ചിട്ടുള്ളത്. അതില് 18 വര്ഷവും സാന്റോസിന് വേണ്ടി കളിച്ചു. 656 മത്സരങ്ങളില് നിന്ന് 643 ഗോളുകളാണ് പെലെ സാന്റോസിനായി അടിച്ചുകൂട്ടിയത്. ഈ ഒരു റെക്കോര്ഡ് പിന്നീട് ലയണല് മെസ്സി ബാഴ്സലോണയ്ക്ക് വേണ്ടി മാറ്റിയെഴുതി.

കരിയറിന്റെ അവസാന രണ്ട് വര്ഷം ന്യൂയോര്ക്ക് കോസ്മസിന് വേണ്ടിയാണ് പെലെ കളിച്ചത്. 107 മത്സരങ്ങളില് നിന്നായി 64 ഗോളുകള് കോസ്മസിന് വേണ്ടി പെലെ വലയിലാക്കി. അനൗദ്യോഗിക മത്സരങ്ങള് കൂടി കണക്കിലെടുത്താല് കരിയറിലാകെ 1367 മത്സരങ്ങളില് നിന്ന് 1283 ഗോളുകള് പെലെ നേടിയിട്ടുണ്ട്.

1977 ഒക്ടോബര് ഒന്നിനായിരുന്നു പെലെയുടെ വിടവാങ്ങല് മത്സരം. താന് കളിച്ചിട്ടുള്ള സാന്റോസും കോസ്മോസും പരസ്പരം ഏറ്റുമുട്ടി. ആദ്യ പകുതിയില് കോസ്മോസിനായും രണ്ടാം പകുതിയില് സാന്റോസിനായും പെലെ കളിച്ചു. മത്സരം അവസാനിക്കുമ്പോള് പെലെയുടെ കണ്ണീര് പ്രകൃതി തുടച്ചുമാറ്റി. സ്റ്റേഡിയത്തില് പെയ്ത കനത്ത മഴയോടെ ഫുട്ബോള് രാജാവിന് അര്ഹിച്ച വിടവാങ്ങലിന് പ്രകൃതിയും പങ്കാളിയായി.

dot image
To advertise here,contact us
dot image