പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ കിഴക്കൻ മേഖലയിൽ പിറവിയെടുത്ത കായിക വിനോദമാണ് ക്രിക്കറ്റെന്നാണ് ചരിത്രം. ആടുകളെ മേയ്ക്കാൻ പോയ ഇടയാൻമാർ സമയം കൊല്ലിയായി കളിച്ചിരുന്ന വിനോദം. 1770ൽ ഇംഗ്ലണ്ടിൽ ആഭ്യന്തര ക്രിക്കറ്റ് സജീവമായി. പിന്നാലെ ഇംഗ്ലീഷുകാരുടെ ലോകസഞ്ചാരത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളില് ക്രിക്കറ്റിന് പ്രചാരം ലഭിച്ചു.
ആദ്യം അന്ത്യമില്ലാത്ത മത്സരങ്ങളായിരുന്നു ക്രിക്കറ്റ്. മത്സരഫലം ഉണ്ടാകുന്നതുവരെയോ ഇരുടീമുകളുടെയും നായകന്മാർ സമനിലയ്ക്ക് സമ്മതിക്കുന്നതുവരെയോ ക്രിക്കറ്റ് കളി നീണ്ടുപോയിരുന്നു. അങ്ങനെ 12 ദിവസം വരെ ടെസ്റ്റ് ക്രിക്കറ്റ് നീണ്ടുപോയിട്ടുണ്ട്. പിന്നീട് ടെസ്റ്റ് മത്സരം അഞ്ച് ദിവസമായി ചുരുങ്ങി. 1877ൽ മെൽബണിൽ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നടന്നു. പക്ഷേ ഏകദിന ക്രിക്കറ്റ് രൂപംകൊള്ളാൻ പിന്നെയും ഒരു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു.
1971ൽ ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയന് പര്യടനത്തിനിടെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ വഴിത്തിരിവായ തീരുമാനം ഉണ്ടായത്. ഇരുടീമുകളും തമ്മിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസങ്ങള് മഴകവര്ന്നു. അവസാന ദിവസം 50,000ത്തോളം വരുന്ന കാണികളെ തൃപ്തിപ്പെടുത്താൻ നടത്തിയ ഒറ്റ ദിവസത്തെ മത്സരമാണ് ക്രിക്കറ്റിന്റെ തലവര തിരുത്തിയെഴുതിയത്. അങ്ങനെ 1971 ജനുവരി അഞ്ചിന് ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടന്നു. 40 ഓവർ വീതമുള്ള മത്സരത്തിൽ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് വിജയിച്ചു. പിന്നെ രണ്ട് ടീമുകൾ പങ്കെടുക്കുന്ന ഏകദിന മത്സരം മാറി, മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റുകൾ നടന്നു. എട്ടും അതിലധികം ടീമുകൾ പങ്കെടുക്കുന്ന ഏകദിന ലോകകപ്പുകൾ ഉണ്ടായി.
1975ൽ ആദ്യ ഏകദിന ലോകകപ്പിന് ഇംഗ്ലണ്ട് വേദിയായി. ആദ്യ ലോകകപ്പ് നടക്കുമ്പോൾ ഏകദിന ക്രിക്കറ്റിന് നാല് വയസ് മാത്രമാണ് പ്രായം. ഇക്കാലയളവിൽ വെറും 18 ഏകദിന മത്സരങ്ങൾ മാത്രമാണ് നടന്നത്. ഏകദിന ക്രിക്കറ്റിന് 53 വർഷം പ്രായമാകുമ്പോൾ 4700ൽ അധികം മത്സരങ്ങൾ നടന്നു കഴിഞ്ഞു. ലോകത്തിൽ ഏറ്റവും അധികം ആരാധകരുള്ള രണ്ടാമത്തെ വിനോദമാണ് ക്രിക്കറ്റ്. പക്ഷേ കോമൺവെൽത്ത് രാജ്യങ്ങളിൽ മാത്രമായി ക്രിക്കറ്റ് ഒതുങ്ങുന്നുവെന്നതാണ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആവേശത്തിരയിളക്കി ട്വന്റി 20 ക്രിക്കറ്റ് വന്നതും ഒരു ദിവസം നീണ്ടുനിൽക്കുന്ന ഫോർമാറ്റിനോട് ആരാധക പ്രിയം കുറച്ചു. എങ്കിലും കായിക ലോകത്ത് വിസ്മരിപ്പിക്കപ്പെടാൻ കഴിയാത്ത ജനപ്രീതിയുമായി ക്രിക്കറ്റ് ജീവിക്കുകയാണ്.