സംഗീത ലോകത്ത് ഇത്രയധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് എട്ട് തവണയാണ് കെ ജെ യേശുദാസ് ദേശീയ പുരസ്കാരത്തിന് അർഹനായത്. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 25 തവണ യേശുദാസിനെ തേടിയെത്തി.
1961ൽ തുടങ്ങിയ കരിയറിൽ ആദ്യ പുരസ്കാര നേട്ടം ഉണ്ടാകുന്നത് 1969ൽ ആണ്. കുമാര സംഭവത്തിലെ 'പൊൽതിങ്കൾകല' എന്ന ഗാനത്തിന്. അടുത്ത രണ്ടു വർഷവും അതേ പുരസ്കാരം ദാസേട്ടന്റെ മടിയിൽ തന്നെ വിശ്രമിച്ചു. 72ൽ എം ജയചന്ദ്രന് കൈമാറിയെങ്കിലും 73 മുതൽ 77 വരെ തുടർച്ചയായ അഞ്ച് വർഷം സംസ്ഥാന പുരസ്കാരം ദാസേട്ടന്റെ പാട്ടിൽ മയങ്ങി നിന്നു. 1979, 1980, 1981, 1982, 1983, 1984, 1985, 1986 വർഷങ്ങളിൽ വിണ്ടും തുടർച്ചയായ നേട്ടങ്ങൾ. ഒരു ഘട്ടത്തിൽ തനിക്ക് ഇനി പുരസ്കാരങ്ങൾ നൽകരുതെന്നും പുതിയ പാട്ടുകാർക്ക് അവസരം നൽകണമെന്നും യേശുദാസ് അഭ്യർത്ഥിക്കുക പോലുമുണ്ടായി.
ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും പാടിയ അദ്ദേഹത്തെ തേടി 8 തവണ തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും 6 തവണ ആന്ധ്രാപ്രദേശ് സംസ്ഥാന അവാർഡും 5 തവണ കർണ്ണാടക സംസ്ഥാന അവാർഡും ഒരു തവണ പശ്ചിമബംഗാൾ സംസ്ഥാന അവാർഡും എത്തി.
1972-ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിനാണ് 73ൽ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം യേശുദാസിന് ലഭിക്കുന്നത്. തൊട്ടടുത്ത വർഷം ‘ഗായത്രി’ എന്ന സിനിമയിലെ ഗാനത്തിന് രണ്ടാമതും നേട്ടം. ദാസേട്ടനെ തേടി മൂന്നാം ദേശീയ പുരസ്കാരമെത്തുന്നത് 1976ൽ ‘ചിറ്റ്ചോർ’ ഹിന്ദി ചിത്രത്തിലൂടെയാണ്. 1982ൽ തെലുങ്ക് ചിത്രമായ ‘മേഘസന്ദേശ’ത്തിലെ ഗാനങ്ങൾ ആലപിച്ച് നാലാമത്തെ ദേശീയ പുരസ്കാരം.
കയ്യിലൊരു പുല്ലാങ്കുഴലും മനസു നിറയെ സ്നേഹവും പ്രതീക്ഷയുമായി ആരുമില്ലാത്ത ബാല്യങ്ങളെ നോക്കി 'ഉണ്ണികളെ ഒരു കഥ പറയാം’ എന്ന് ദാസേട്ടന്റെ ശബ്ദം പാടുമ്പോൾ അറിയാതെയെങ്കിലും മനസ്സൊന്നിടറും ഹൃദയം വിങ്ങും. 1987ലെ പുരസ്കാര നേട്ടം ഈ പാട്ടിനായിരുന്നു. 1993 ൽ ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചാണ് യേശുദാസ് ഏഴാം തവണ ദേശീയ പുരസ്കാരം നേടിയത്. 25 വർഷങ്ങളുടെ ഇടവേളയ്ക്കിപ്പുറം 2018ൽ 'പോയിമറഞ്ഞ കാലം' എന്ന ഗാനത്തിലൂടെ എട്ടാം തവണയും ആ നേട്ടം ആവർത്തിച്ചു.
അമ്പതിനായിരത്തിലധികം പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ടെന്നാണ് കണക്ക്. പത്മവിഭൂഷണും പത്മഭൂഷണും പത്മശ്രീയും നൽകി രാജ്യം ആദരിച്ച ശബ്ദവിസ്മയം. ലഭിച്ച പുരസ്കാരങ്ങളിലും പാടിയ പാട്ടുകളുടെ എണ്ണത്തിലും 60 പിന്നിട്ടു നീങ്ങുന്ന പാട്ടുകാലത്തിലും യേശുദാസ് അങ്ങനെ പകരക്കാരനില്ലാതെ തുടരുകയാണ്. ചിട്ടയായ ജീവിതവും സ്ഥിരോത്സാഹവും കൊണ്ട് നേടിയ നേട്ടങ്ങൾ തുടരാൻ പ്രിയഗായകന് സാധിക്കട്ടെ എന്നാണ് ലക്ഷോപലക്ഷം സംഗീതാസ്വാദകരുടെ ആശംസ.