നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ...

കാസറ്റ് കാലത്ത് ഏറ്റവുമധികം പേർ വാങ്ങി സൂക്ഷിച്ചിരുന്ന ഒന്നായിരിക്കും തരംഗിണിയുടെ മയിൽപ്പീലിയെന്നതിൽ സംശയമില്ല

dot image

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റം ഇഷ്ടം
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം

കൃഷ്ണനോടുള്ള പ്രണയം യേശുദാസിന്റെ ശബ്ദത്തിലലിഞ്ഞു ചേരുമ്പോൾ ആ പാട്ടിനോടാണോ പാട്ടുകാരനോടാണോ പ്രണയമെന്ന് പറയാനാകാതെ കുഴഞ്ഞുപോകും മലയാളി. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണിയുടെ ഏറ്റവും ജനപ്രിയമായ ഭക്തിഗാന കാസറ്റായ മയിൽപ്പീലിയിലേതാണ് ഈ ഗാനം. കാസറ്റ് കാലത്ത് ഏറ്റവുമധികം പേർ വാങ്ങി സൂക്ഷിച്ചിരുന്ന ഒന്നായിരിക്കും തരംഗിണിയുടെ മയിൽപ്പീലിയെന്നതിൽ സംശയമില്ല. ഒമ്പത് ഗാനങ്ങളാണ് മയിൽപ്പീലിയുള്ളത്, ഓരോന്നും ഒന്നിനൊന്ന് മികച്ചത്. റിലീസ് ചെയ്ത ആഴ്ചകൾക്കുള്ളിൽ മയിൽപ്പീലിയുടെ ഒരു ലക്ഷത്തിലേറെ കാസറ്റുകൾ വിറ്റുപോയിരുന്നു. ഇന്നും നിത്യഹരിതമായി തുടരുന്നൂ ഈ മനോഹര ഗാനങ്ങൾ.

ഭക്തിഗാനങ്ങളാകട്ടെ, ലളിതഗാനങ്ങളാകട്ടെ, തരംഗിണിയുടെ പാട്ടുകളെല്ലാം ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രിയമാകുന്നതായിരുന്നു 80 കളിലും 90 കളിലും കണ്ടത്. ന്യൂജൻ ഗാനങ്ങൾക്കിടയിലും ഇന്നും ഈ പാട്ടുകൾക്കൊരിടമുണ്ട്. ഭക്തി ഗാന രംഗത്ത് പ്രസിദ്ധരായ ജയവിജയന്മാരിലെ ജയൻ ഒറ്റയ്ക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ആൽബമായിരുന്നു മയിൽപ്പീലി. ഇതിലെ ഒമ്പത് പാട്ടുകളുമെഴുതിയത് എസ് രമേശൻ നായരാണ്. ഭക്തിഗാനങ്ങൾ യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിക്കുന്ന മലയാളികൾക്ക് അന്ന് മയിൽപ്പീലി ഒരു സംഗീത വിരുന്നായിരുന്നു.

ചന്ദനചര്ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം
കായാമ്പൂവിലും എന്റെ മനസ്സിലും
കതിർഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം

കേൾക്കുന്നവരുടെയെല്ലാമുള്ളിൽ കുളിർമഴ പെയ്യിക്കുന്നതാണ് യേശുദാസിന്റെ ശബ്ദത്തിലെ ഈ ഗാനം. ഭഗവാനോടുള്ള ഭക്തിയായാലും നീരസമായാലും പാടുന്നത് ദാസേട്ടനാണോ എന്ന് മാത്രം നോക്കിയിരുന്നു മലയാളികൾ.

പ്രേമത്തിൻ ഗാഥകൾ തീര്ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ…

യേശുദാസിന്റെ തരംഗിണിയിൽ നിന്ന് പുറത്തിറങ്ങി ഹിറ്റായ അനേകം ആൽബങ്ങളിൽ ഒന്ന് മാത്രമാണ് മയിൽപ്പീലി. അനേകം പാട്ടുകളുമായി ഒട്ടേറെ ആൽബങ്ങൾ തരംഗിണിയിറക്കി. മലയാളലളിതഗാനശാഖയെ സമ്പുഷ്ടമാക്കിയതിൽ വലിയ പങ്കുണ്ട് തരംഗിണിക്ക്. മുടിപ്പൂക്കള് വാടിയാലെന്തോമനേ, നിന്റെ ചിരിപ്പൂക്കള് വാടരുതെന്നോമനേ... എന്ന് പാടി നടക്കാത്ത മലയാള യുവത്വമുണ്ടായിരുന്നില്ല.

ഓണക്കാലമായാൽ ഇന്നും ഒന്നാമതാണ് തരംഗിണിയുടെ ഈ ഓണപ്പാട്ട്....

ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല് ചുരത്താന് വാ..വാ..വാ

വസന്തഗീതങ്ങൾ എന്ന ആൽബത്തിലെ മാമാങ്കം പലകുറി കൊണ്ടാടി, നിളയുടെ തീരങ്ങൾ നാവായിൽ എന്ന പാട്ടിന് അന്ന് സിനിമാ ഗാനങ്ങളെക്കാൾ സ്വീകാര്യതയായിരുന്നു. ഇന്ന് ഇതൊരു ചലച്ചിത്രഗാനമല്ലെന്ന് പറഞ്ഞാൽ പുതുതലമുറയ്ക്ക് വിശ്വസിക്കാനായെന്ന് വരില്ല.

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്
ഇന്നെത്ര ധന്യതയാര്ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്ന്നതിനാലേ

ശ്രീകുമാരൻ തമ്പി രചിച്ച് രവീന്ദ്രൻ മാസ്റ്റർ മോഹന രാഗത്തിൽ ചിട്ടപ്പെടുത്തി ദാസേട്ടൻ പാടിയ ഉത്സവഗാനങ്ങളിലെ ഈ ഗാനവും തരംഗിണിയുടെ മാസ്റ്റർ പീസുകളിലൊന്നാണ്. ലളിത ഗാന ശാഖ ഇത്ര ജനപ്രിയമായൊരു കാലം തരംഗിണിക്ക് മുമ്പ് ശേഷവും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.

ഗിരീഷ് പുത്തഞ്ചേരിയുടെയും വിദ്യാസാഗറിന്റെയും കൂട്ടുകെട്ടിൽ തരംഗിണിയിറക്കിയ തിരുവോണക്കൈനീട്ടത്തിലെ ഗാനങ്ങൾ ലളിത ഗാനങ്ങളിൽ ഏറെ ജനപ്രിയമായവയാണ്.

ചന്ദനവളയിട്ട കൈ കൊണ്ടു ഞാൻ മണി
ച്ചെമ്പകപൂക്കളമെഴുതുമ്പോൾ,

ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി പോലെ
ആകാശത്താവണി തിങ്കൾ,

പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി

ഇത് തിരുവോണക്കൈനീട്ടത്തിലെ എട്ട് ലളിതഗാനങ്ങളിൽ മൂന്നെണ്ണം മാത്രം.

1980 ൽ തിരുവനന്തപുരം ആസ്ഥാനമായാണ് തരംഗിണിയുടെ തുടക്കം. അന്ന് ലഭിക്കാവുന്ന ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് തരംഗിണി സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചത്. ആദ്യ റെക്കോർഡിങ്ങിന്റെ ഉദ്ഘാടനം യേശുദാസിന്റെ അമ്മ എലിസബത്ത് നിർവ്വഹിച്ചു. പിന്നീട് തരംഗിണിയുടെ വളർച്ച പെട്ടെന്നായിരുന്നു. സിനിമയിലും ലളിത, ഭക്തിഗാനങ്ങളിലുമായി അരലക്ഷത്തോളം ഗാനങ്ങൾ തരംഗിണി പുറത്തിറക്കി. ഭൂരിപക്ഷം ഗാനങ്ങളും ആലപിച്ചത് യേശുദാസ് തന്നെയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴ്, കന്നട, തെലുഗു, ബെംഗാളി, മറാത്തി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, അറബി, മലായ്, ലാറ്റിൻ, റഷ്യ തുടങ്ങിയ വിദേശ ഭാഷകളിലും തരംഗിണിയുടെ കാസറ്റുകൾ ഇറങ്ങി.

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളിവര്ണ്ണാ... എന്ന് മയിൽപ്പീലിക്ക് വേണ്ടി യേശുദാസ് പാടുമ്പോൾ ആ സ്വരമാധുര്യം ദേവ സംഗീതമെന്ന് സംശയം തോന്നുന്നതിൽ അത്ഭുതമില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us