റെക്കോഡുകളുടെ ഗന്ധർവ്വൻ; യേശുദാസിനെക്കുറിച്ചുള്ള ചില കൗതുകങ്ങൾ

ഭാഷകൾ ഭേദിച്ച് ആരാധകരെ നേടിയ കെ ജെ യേശുദാസ്

dot image

വിശേഷണങ്ങൾ എത്രപറഞ്ഞാലും പോരെന്ന് തോന്നുന്ന മലയാളത്തിന്റെ ഗാന്ധർവ്വ സംഗീതത്തിന് ഇന്ന് 84 വയസ്സ് തികയുകയാണ്. മലയാള ചലച്ചിത്ര ഗാനശാഖയെ ഇത്രമാത്രം 'പോപ്പുലർ' ആക്കുന്നതിൽ യേശുദാസിന്റെ ജനപ്രീതിയ്ക്ക് വലിയ പങ്കുണ്ട്. ഭാഷകൾ ഭേദിച്ച് ദാസേട്ടൻ നേടിയ ആരാധകവൃന്ദം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നും കാതോർക്കുന്നവരാണ്.

സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായിട്ടാണ് യേശുദാസിന്റെ ജനനം. അച്ഛനാണ് പാട്ടുവഴികളിലെ ഗുരു എന്ന് പറയുമ്പോഴും അമ്മയാണ് വ്യക്തിജീവിതത്തിൽ കൂടുതൽ സ്വാധീനിച്ചതെന്ന് യേശുദാസ് പറഞ്ഞിട്ടുണ്ട്. 1949-ൽ ഒമ്പതാം വയസ്സിലാണ് അദ്ദേഹം ആദ്യത്തെ കച്ചേരി അവതരിപ്പിക്കുന്നത്. ദാസപ്പൻ ഭാഗവതർ, കാട്ടാശേരി കൊച്ചുഭാഗവതർ എന്നീ വിശേഷണങ്ങൾ യേശുദാസിന് അന്ന് ലഭിക്കുന്നുണ്ട്. സ്കൂൾ പഠനകാലത്ത് പങ്കെടുത്ത ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തന്നെ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയായിരുന്നു യേശുദാസിന്റെ തുടക്കം.

നിർമ്മാതാവ് രാമൻ നമ്പിയത്ത് 1961 നവംബർ 14ന് പുറത്തിറങ്ങിയ 'കാൽപാടുകൾ' എന്ന ചിത്രത്തിലൂടെയാണ് യേശുദാസിനെ പിന്നണി ഗായകനായി അവതരിപ്പിച്ചത്. 'ജാതി ഭേദം മത ദ്വേഷം' എന്ന് തുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ വരികൾ ആയിരുന്നു സിനിമയ്ക്കായുള്ള ആദ്യ റെക്കോഡിങ്. 73ൽ പുറത്തിറങ്ങിയ 'അഴകുള്ള സെലീന' എന്ന ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി സംഗീത സംവിധായകനുമായി.

യേശുദാസ് ഏറ്റവും അധികം പാടിയത് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ ആണ്. അദ്ദേഹം ഈണമിട്ട 650ൽപ്പരം ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദമായി പ്രേക്ഷകർ കേട്ടുകഴിഞ്ഞു. രണ്ടാമതായി രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട പാട്ടുകളാണ് യേശുദാസ് പാടിയത്. മോഹന രാഗത്തിലുള്ള പാട്ടുകളിലാണ് യേശുദാസിന്റെ ശബ്ദം അധികമായി സംഗീത സംവിധായകർ ഉപയോഗപ്പെടുത്തിയത്. സിനിയ്ക്ക് പുറമെയുള്ള ഗാനങ്ങളിൽ ആലപ്പി രംഗനാഥിന്റെ സംഗീത സംവിധാനത്തിലാണ് കൂടുതല് പാട്ടുകള് പാടിയിട്ടുള്ളത്.

ശ്രീകുമാരൻ തമ്പിയാണ് യേശുദാസ് പാടിയ പാട്ടുകളിൽ അധികം എണ്ണത്തിനും വരികൾ രചിച്ചത്. വയലാർ, പി ഭാസ്കരൻ, കൈതപ്രം, ബിച്ചു തിരുമല, പൂവച്ചല് ഖാദർ, ഒഎൻവി, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി തുടങ്ങിയ പ്രതിഭകൾക്കൊപ്പവും പ്രിയഗായകൻ പ്രവർത്തിച്ചു. 1982 ആണ് കരിയറിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ യേശുദാസ് പാടിയത്, 234 പാട്ടുകൾ. പന്ത്രണ്ട് സിനിമകളില് അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 1965ൽ പുറത്തിറങ്ങിയ 'കാവ്യമേള'യിലാണ് ആദ്യം മുഖം കാണിച്ചത്. യേശുദാസിൻ്റെ ഉടമസ്ഥതയിലുള്ള തരംഗിണി 1997ൽ പുറത്തിറക്കിയ ക്രിസ്തീയ ഭക്തിഗാന ആൽബത്തിനായി ഒരു പാട്ട് അദ്ദേഹം എഴുതിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us