ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പരമ്പരയിൽ ഉത്തർപ്രദേശ് താരം ധ്രുവ് ജുറേൽ ഇടം പിടിച്ചു. 10 ദിവസം മുമ്പ് 23 വയസ് തികഞ്ഞ താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളി അത്രമേൽ അതിശയകരമായിരുന്നു. ഇക്കൊല്ലം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും രഞ്ജിയിൽ കേരളത്തിനെതിരെയും ധ്രുവ് ജുറേൽ അർദ്ധ സെഞ്ച്വറികൾ നേടി. 46.47 ആണ് ഈ വിക്കറ്റ് കീപ്പർക്ക് ടെസ്റ്റ് ക്രിക്കറ്റിലെ ശരാശരി. ഇഷാൻ കിഷാന്റെ അഭാവവും റിഷഭ് പന്ത് മടങ്ങി വരാൻ വൈകുന്നതുമാണ് ധ്രുവിനെ ഇന്ത്യൻ ടീമിലേക്ക് വിളിക്കാൻ അജിത്ത് അഗാർക്കറിനെ പ്രചോദിപ്പിച്ചത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ എന്നിവരുള്ള ഇന്ത്യൻ നിരയിലേക്കാണ് ധ്രുവ് ഇടംപിടിച്ചിരിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം 14-ാം വയസിൽ ക്രിക്കറ്റ് അവസാനിപ്പിക്കാൻ ഒരുങ്ങിയതാണ് ജുറേൽ. തിരിച്ചറിവിന്റെ പ്രായമായപ്പോൾ ധ്രുവ് ജുറേലിന്റെ മുന്നിൽ രണ്ട് തീരുമാനങ്ങളാണ് ഉണ്ടായിരുന്നത്. വലിയൊരു ക്രിക്കറ്റ് താരമാകണം. അതിനേക്കാൾ വലുതായി തന്റെ മാതാവിന്റെ ത്യാഗങ്ങൾ വെറുതെയാകാൻ പാടില്ല.
കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ ആർമിയിൽ ഉണ്ടായിരുന്ന നേം സിംഗ് ജുറേലാണ് ധ്രുവിന്റെ പിതാവ്. തന്റെ മകൻ ഏതെങ്കിലും കായിക മേഖലയുടെ ഭാഗമാകുന്നത് നേം സിംഗിന് താൽപ്പര്യമില്ലായിരുന്നു. പകരം ഇന്ത്യൻ ആർമിയുടെ ഭാഗമായി ധ്രുവ് ഉണ്ടാകണമെന്നും നേം സിംഗ് ആഗ്രഹിച്ചു. ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് മകനെ പിതാവ് വിലക്കിയപ്പോൾ വീട് വിട്ട് ഒളിച്ചോടാൻ ധ്രുവ് ചിന്തിച്ചു. എന്നാൽ മകന്റെ ആഗ്രഹത്തിന് അമ്മ പിന്തുണ നൽകി. തന്റെ സ്വർണം വിറ്റ് അവർ മകന് ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകി. ഇതോടെ ക്രിക്കറ്റിനോട് ധ്രുവ് കൂടുതൽ പ്രതിബദ്ധത കാണിച്ചു.
കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി ധ്രുവ് കളിച്ചു. പഞ്ചാബ് കിംഗ്സിനെതിരെ ആയിരുന്നു ധ്രുവിന്റെ അരങ്ങേറ്റം. എട്ടാം നമ്പറിൽ ഒരു ഇംപാക്ട് താരമായി ധ്രുവ് ക്രീസിലെത്തി. അപ്പോൾ രാജസ്ഥാന് ജയിക്കാൻ 34 പന്തിൽ 70 റൺസ് വേണമായിരുന്നു. ധ്രുവ് 15 പന്തിൽ 32 റൺസെടുത്തു പുറത്താകാതെ നിന്നു. രാജസ്ഥാൻ വിജയത്തിനടുത്ത് എത്തിയെങ്കിലും അഞ്ച് റൺസിന്റെ തോൽവി വഴങ്ങി. എങ്കിലും ധ്രുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ഷിമ്രോൺ ഹെറ്റ്മെയറിനെയും ജേസൺ ഹോൾഡറിനെയും പോലെ മികച്ച ഒരു ഫിനിഷർ എന്ന പേര് ധ്രുവിന് ലഭിച്ചു. പക്ഷേ അതിനേക്കാൾ വലുതായിരുന്നു തന്റെ പിതാവിൽ നിന്ന് ധ്രുവിന് ലഭിച്ച അംഗീകാരം. മകന്റെ ബാറ്റിംഗ് കണ്ട നേം സിംഗ് അവന്റെ അമ്മയോട് പറഞ്ഞു. അന്നത്തെ സ്വർണത്തിന്റെ വില തിരിച്ചു ലഭിച്ചിരിക്കുന്നു.
ഒരിക്കലും എളുപ്പമായിരുന്നില്ല ധ്രുവിന്റെ ക്രിക്കറ്റ് കരിയർ. ജൂനിയർ ടൂർണമെന്റുകളിൽ സ്ഥിരമായി ടോപ് സ്കോർ ലിസ്റ്റിൽ ധ്രുവ് പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ ധ്രുവ് നോയിഡിലെ ഡൽഹി എൻസിആറിൽ ക്രിക്കറ്റിന്റെ പുതിയ സാധ്യതകൾ തേടി അലഞ്ഞു. പക്ഷേ തുടർച്ചയായി ആഗ്രയിൽ നിന്ന് നോയിഡയിലേക്കുള്ള യാത്ര താരത്തിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ഇതോടെ ധ്രുവിന്റെ മാതാവ് വീണ്ടും രക്ഷയ്ക്കെത്തി. ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് കുടുംബം താമസം മാറ്റി. 2020ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ഉപനായകനായിരുന്നു ധ്രുവ്. അന്ന് ഇന്ത്യൻ സംഘം ലോകകപ്പ് റണ്ണർ അപ്പുകളായിരുന്നു.
തന്റെ മകന്റെ നേട്ടങ്ങൾ കേട്ടറിഞ്ഞ നേം സിംഗിന്റെ മനസുമാറി. ലോകകപ്പിൽ ഒപ്പം കളിച്ച യശസ്വി ജയ്സ്വാൾ, രവി ബിഷ്ണോയ്, പ്രിയം ഗാർഗ് എന്നിവർ ഐപിഎൽ അരങ്ങേറ്റം കുറിച്ചു. ഈ സമയത്ത് ധ്രുവിനെ പ്രോത്സാഹിപ്പിച്ചത് നേം സിംഗാണ്. നിരാശനാകാതെ അവസരത്തിനായി കാത്തിരിക്കാൻ ധ്രുവിനോട് പിതാവ് പറഞ്ഞു.
2022ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ടീമിലെത്തി. എങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല. റിയാൻ പരാഗിനായിരുന്നു അക്കൊല്ലം രാജസ്ഥാൻ അവസരം നൽകിയത്. ആ വർഷം രാജസ്ഥാൻ റണ്ണർ അപ്പുകളായി. പിന്നാലെ ധ്രുവിനെ പരിഗണിക്കുന്ന കാര്യം ടീം മാനേജ്മെന്റ് ആലോചിച്ചു. അടുത്തകൊല്ലം ആറ് അല്ലെങ്കിൽ ഏഴാം നമ്പറിൽ ധ്രുവ് ബാറ്റ് ചെയ്യും. ജോസ് ബട്ലറും സഞ്ജു സാംസണും കളിക്കുന്ന ടോപ് ഓഡറിൽ അവസരം നൽകാനാകില്ലെന്നും രാജസ്ഥാൻ മാനേജ്മെന്റ് അറിയിച്ചു.
2023ൽ ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം കൊണ്ടുവന്നു. ഈ നിയമം തന്റെ കരിയറിൽ നിർണായകമാകുമെന്ന് ധ്രുവ് തിരിച്ചറിഞ്ഞു. രണ്ടാം മത്സരത്തിൽ തന്നെ റിയാൻ പരാഗിന് പകരക്കാരനായി ധ്രുവ് ടീമിലെത്തി. ജോസ് ബട്ലറിന്റെയും സഞ്ജു സാംസണിന്റെയും കുമാർ സംഗക്കാരയുടെയും ഒപ്പമുള്ള ക്രിക്കറ്റ് ദിവസങ്ങൾ ധ്രുവിന്റെ കരിയറിലെ നിർണായക ദിനങ്ങളായിരുന്നു. ഇനി ഇന്ത്യൻ ടീമിലാണ് ധ്രുവ്. ഇന്ത്യ തേടുന്ന ഒരു വിക്കറ്റ് കീപ്പറായി ധ്രുവ് മാറുന്നതിനായി ഒരു രാജ്യം കാത്തിരിക്കുകയാണ്.