''അംഗീകരിക്കപ്പെടുന്ന നടനാകാൻ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു. റോസാപ്പൂക്കൾ വിരിച്ച കിടക്കെയല്ല സ്റ്റാർഡം എന്ന് പറയുന്നത്. വളരെ ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെ അനുഭവിച്ചെങ്കിലേ ഉള്ളൂ.. അതിന് ഭാഗ്യവും കഠിനാധ്വാനവുമൊക്കെ ആവശ്യമാണ്. ഞാൻ വളരെ ഡിസിപ്ലിൻഡ് ആയിരുന്നു ഇതുവരെ സിനിമയിൽ. ഇനിയും അങ്ങനെയായിരിക്കും......''
മലയാളത്തിന്റെ നിത്യഹരിത നായകൻ പേരിന് അനുയോജ്യനായ ഏക നടൻ, ഓരേയൊരു നടൻ, ഒരു നാട് മുഴുവൻ ഒരുമിച്ച് വിങ്ങലടക്കാനാകാതെ നിന്ന ആ ദിവസത്തിന് ഇന്ന് മൂന്നരപതിറ്റാണ്ട് തികയുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ് അബ്ജുൾ ഖാദർ എന്ന ഈ ചിറയൻകീഴ്കുകാരൻ. ഒരു കാലത്ത് മലയാളി സൗന്ദര്യ സങ്കൽപ്പത്തിന്റെ, കാമുക ഭാവത്തിന്റെ അവസാന വാക്കായിരുന്ന പ്രേം നസീർ.
നിറഞ്ഞ ചിരിയുമായി വെള്ളിത്തിരയിലെത്തിയ പൊടിമീശക്കാരനായി വന്ന് മലയാള സിനിമയുടെ ചരിത്രത്തെ മാറ്റിയെഴുതി. മലയാള കാമുക ഭാവത്തിന്റെ അവസാന വാക്കായി നസീർ മാറിയത് പൊടുന്നനെയായിരുന്നു. നാല് പതിറ്റാണ്ടിനടുത്ത് കാലത്തെ അഭിനയ ജീവിതത്തിൽ പ്രേം നസീർ വേഷമിട്ടത് എണ്ണൂറിനടുത്ത് സിനികളിൽ.
ഓന്നിലധികം റെക്കോർഡുകളും ഈ നടന് മാത്രം. ഒരേ നായികയോടൊപ്പം തുടർച്ചയായി അഭിനയിച്ചതിലായിരുന്നു ഒരു ഗിന്നസ് റെക്കോർഡ്. 724 സിനിമകളിലെ നായകൻ എന്ന ഗിന്നസ് റെക്കോർഡും ഈ നായകന് തന്നെ. അങ്ങനെ എണ്ണിയാൽ തീരാത്ത അംഗീകാരങ്ങൾ. എന്നിരുന്നാലും അംഗീകാരങ്ങൾക്കും എത്രയോ മുകളിലാണ് മലയാളത്തിന്റെ നാലാം തലമുറയും പ്രേം നസീറെന്ന നടനെ ആസ്വദിക്കുന്നു എന്നത്.
സ്കൂൾ കോളേജ് വിദ്യാഭാസ കാലത്തു തന്നെ അഭിനയത്തിനോടുള്ള അഭിനിവേശം മനസിൽ കടന്നു കൂടിയ നസീറിന്റെ തുടക്കം നാടകവേദികളിൽ നിന്നായിരുന്നു.അങ്ങനെ, പ്രൊഫ. ഷെപ്പേർഡ് എന്ന അതികായൻ സംവിധാനം ചെയ്ത ഷേക്സ്പീരിയൻ നാടകമായ 'മേർച്ചന്റ് ഒഫ് വെനീസിലെ' ഷൈലോക്ക് എന്ന പ്രതിനായകനായി, കോളേജ് നാടകങ്ങളിലെ തന്റെ സ്ഥാനം അന്ന് തന്നെ നസീർ തെളിയിച്ചു. നാടകളിൽ നിന്ന് സിനിമാസ്വാദനത്തിന്റെ വഴി സഞ്ചരിച്ച മലയാളി പ്രേക്ഷകരോടൊപ്പം നസീറും നടന്നു. പക്ഷെ സിനിമ കാണാനായിരുന്നില്ല, അഭിനയിക്കാൻ.
1951ലെ 'ത്യാഗസീമ'യായിരുന്നു നസീറിന്റെ ആദ്യ ചലച്ചിത്രം. അത് സത്യന്റെയും ആദ്യ ചിത്രമായിരുന്നു. എന്നാൽ ആ സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് 1952ൽ രണ്ടാമായ ചിത്രമായ 'മരുമകളിൽ' വേഷമിട്ടു. പക്ഷേ അതും വിജയം കണ്ടില്ല. നസീറിന്റെ അഭിനയ ജീവിതത്തിന് പുതിയ പാഠം തുറന്നത് 'വിശപ്പിന്റെ വിളി' പുറത്തിറങ്ങയതോടെയായിരുന്നു. ആ ചിത്രത്തോടെ നസീറിന്റെ താരപ്പകിട്ടുയർന്നു. പിന്നീട് സംഭവിച്ചതിന് കാലം സാക്ഷി. അതോടെ അബ്ദുൾ ഖാദർ പ്രേം നസീറായി. ഈ പേര് നൽകിയതാകട്ടെ പേരു തിക്കുറിശ്ശി. അങ്ങനെ പ്രേം നസീറും സത്യനും ഷീലയും മധുവും ജയഭാരതിയും കെ ആർ വിജയയുമൊക്കെ ചേർന്ന് മലയാള സിനിമയെ വർണാഭമാക്കി.
അൻപതുകളിൽ തുടങ്ങിയ അഭിനയം കടന്നുപോയത് നിരവധി ഭാവങ്ങളിൽ. അച്ചടക്കമുള്ള മകനായി, പ്രണയത്തിന്റെ സകലഭാവങ്ങളും നിറഞ്ഞ കാമുകനായി, എല്ലാം തികഞ്ഞ ഭർത്താവായി, സ്നേഹനിധിയായ അച്ഛനായി, എല്ലാ തകർന്ന കാമുകനായി, ഇതിനെല്ലാമപ്പുറത്ത് കേട്ടു പതിഞ്ഞ എത്രയെത്ര ചരിത്രവേഷങ്ങൾക്ക് വേണ്ടിയും ആദ്ദേഹം പകർന്നാടി. 32 വർഷം എതിരാളിയില്ലാതെ മലയാള സിനിമയിൽ പ്രേക്ഷക ഹൃദയത്തിലും പ്രേം നസീർ നിറഞ്ഞു നിന്നു.
ഇരുട്ടിന്റെ ആത്മാവ്, അടിമകൾ, കള്ളിച്ചെല്ലമ്മ, അസുരവിത്ത്, അനുഭവങ്ങൾ പാളിച്ചകൾ, പടയോട്ടം, കരി പുരണ്ട ജീവിതങ്ങൾ, വിട പറയും മുൻപേ ,കാര്യം നിസ്സാരം, തേനും വയമ്പും, ധ്വനി തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ എടുത്തു പറയേണ്ട മുഹൂർത്തങ്ങളാണ്.
മലയാള സിനിമയിലെ ആദ്യ സൂപ്പർതാരം ആരെന്ന ചോദ്യത്തിന് രണ്ടാമത് ഒരുത്തരമില്ല എന്നു തന്നെ പറയാം. എത്ര താരങ്ങൾ വന്നുപോയാലും പ്രേംനസീറിന്റെ സിംഹാസനം ഒഴിഞ്ഞിരിക്കുമെന്ന് സിനിമാപ്രേമികൾ ഇന്നും പറയുന്നത് അതിനുദാഹരണാണ്. 1951ൽ തുടങ്ങിയ സിനിമാ പ്രയാണം 1988ൽ 'ധ്വനി'യിലൂടെ അവസാനിക്കുകയാണ്. 35 തമിഴ് ചിത്രങ്ങളുടെയും ഭാഗമായി. അതിൽ 25 എണ്ണം റിലീസായി. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രമായ 'തച്ചോളി അമ്പു'വിലും ആദ്യ 70 എം എം ചിത്രമായ 'പടയോട്ട'ത്തിലും നസീർ ആയിരുന്നു നായകൻ.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന തന്റെ വലിയ മോഹം സാക്ഷാത്കരിക്കാതെയാണ് വിടവാങ്ങിയത്. മമ്മൂട്ടിയെ വെച്ചൊരു ചിത്രം എഴുതായിരുന്നു ആഗ്രഹം. അതിനായി ഒരു തിരക്കഥയ്ക്ക് വേണ്ടി തന്നെ നസീർ കാണാൻ വന്ന ഓർമ്മ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ഓർമ്മക്കുറിപ്പുകളിൽ പരാമർശിച്ചിട്ടുണ്ട്. ചർച്ചകൾ തുടങ്ങി ആറു മാസത്തിനുള്ളിൽ തന്നെ അദ്ദേഹം സിനിമ ലോകത്തോട് വിട പറഞ്ഞപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് സിനിമയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു സംവിധായകനെയാണെന്ന് ഡെന്നിസ് ജോസഫ് കുറിച്ചു.
1989 ജനുവരി 16-നായാരിന്നു മലയാളികൾക്ക് നൊമ്പരമേറിയ ആ ദിനം പുലർന്നത്. മലയാളത്തിന്റെ നിത്യഹരിത നായകൻ വെള്ളിത്തിരക്ക് അപ്പുറത്തേക്ക് യാത്രപോയ ദിവസം. ചെന്നൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാൻ മുന്നിലുണ്ടായിരുന്നത് മലയാളത്തിന്റെ മമ്മുട്ടിയും മോഹൻലാലും. നസീറിനെ കുറിച്ചു പറയാതെ മലയാള സിനിമ പൂർണമാവില്ലെന്ന് വരുന്നേടത്താണ് ആ പ്രതിഭ അതുല്യമാവുന്നത്.നസീറിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് പോലും ഭാഗ്യമായി കാണുന്നവരുണ്ട് എന്നത് മാത്രം മതി ആ ജീവിതം സാർഥകമാവാൻ.