രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അഞ്ച് പതിറ്റാണ്ടോളം നീണ്ടു നിന്ന ശീതയുദ്ധത്തിന്റെ കാലം. സോവിറ്റ് റഷ്യയ്ക്കെതിര പ്രയോഗിക്കാൻ അമേരിക്ക പുതിയൊരു ആയുധം കണ്ടെത്തി. ബോബി ഫിഷറെന്ന ചതുരംഗ കളത്തിലെ ഇതിഹാസത്തെ അമേരിക്ക കളത്തിലിറക്കി. അന്താരാഷ്ട്ര ചെസ്സ് ചാമ്പ്യൻഷിപ്പിൽ അത്രമേൽ വലുതായിരുന്നു റഷ്യൻ ആധിപത്യം. 1948 മുതൽ 1971 വരെ തുടർച്ചയായി സോവിറ്റ് താരങ്ങൾ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് അടക്കിവാണു. അവിടേയ്ക്കാണ് അമേരിക്കയിൽ നിന്നും ബോബി ഫിഷറുടെ കടന്നുവരവ്. 1972ൽ ബോബി ഫിഷർക്ക് റഷ്യയുടെ ബോറിസ് സ്പാസ്കി ആയിരുന്നു എതിരാളി. അതുവരെ അഞ്ച് തവണ ഫിഷറും ബോറിസും ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ബോറിസ് സ്പാസ്കി വിജയിച്ചു. രണ്ട് മത്സരങ്ങൾ സമനിലയിലായി. പക്ഷേ 1972ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം വഴിമാറി. ബോബി ഫിഷർ വിജയക്കൊടി പാറിച്ചു. ആദ്യമായി ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് അമേരിക്കയിലേക്ക് എത്തി. പിന്നെയും സോവിറ്റ് താരങ്ങൾ ചെസ്സ് ലോകത്തെ രാജക്കാന്മാരായിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി കുറിക്കപ്പെട്ട ബോബി ഫിഷറുടെ കഥ മാറി നിൽക്കും.
1943 മാർച്ച് ഒമ്പതിന് ഷിക്കാഗോയിലാണ് ഫിഷറുടെ ജനനം. ആറാം വയസിൽ തന്നെ ഫിഷർ ചെസ്സ് കളിച്ചുതുടങ്ങി. 12-ാം വയസിൽ അമേരിക്കൻ ജൂനിയർ ചെസ്സ് ചാമ്പ്യനായി. 14-ാം വയസിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തി. പതിയെ ലോകമെമ്പാടും ഫിഷറുടെ കീർത്തി പടർന്നുതുടങ്ങി. പക്ഷേ എവിടെയോ അയാൾക്ക് പിഴച്ചു. കുട്ടിക്കാലം മുതലെ ഫിഷറെ മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നു.
ഫിഷറിന്റെ അമ്മ റെജീന ഫിഷർക്ക് ആറ് ഭാഷകളിലാണ് അറിവ് ഉണ്ടായിരുന്നത്. ഒപ്പം വൈദ്യശാസ്ത്രത്തിൽ പിഎച്ച്ഡിയും ഉണ്ടായിരുന്നു. റെജീനയുടെ പങ്കാളി ഹാൻസ് ഗെർഹാർഡ് ഫിഷർ ആണ് ബോബി ഫിഷറുടെ പിതാവെന്ന് രേഖകളിൽ പറയുന്നു. എന്നാൽ ബോബി ഫിഷർ ജനിച്ച സമയത്ത് ഹാൻസ് ഒരു ജർമ്മൻ പൗരൻ ആയതിനാൽ അമേരിക്കയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. ഹംഗറിക്കാരനായ ശാസ്ത്രജ്ഞൻ പോൾ നെമെനിയുമായുള്ള ബന്ധത്തിലാണ് ബോബി ഫിഷർ പിറന്നതെന്നും പറയുന്നു. നെമെനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ചെസ്സിൽ ഉണ്ടായിരുന്ന അമിത ശ്രദ്ധ ചിലപ്പോഴൊക്കെ ഫിഷർക്ക് വിനയായി. 16-ാം വയസിൽ ഹൈസ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. അതിന് കാരണം ചെസ്സിൽ അല്ലാതെ മറ്റൊന്നിലും ഫിഷർക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനകൾ പലതും വിവാദമായി. 1962ൽ ഫിഷർ നടത്തിയ ഒരു പ്രസ്താവന ഇപ്രകാരമായിരുന്നു. റഷ്യ ചെസ്സിനെ നശിപ്പിക്കുന്നു. സോവിറ്റ് താരങ്ങൾ നേർക്കുനേർ വരുമ്പോൾ മത്സരം സമനിലയാകുന്നു. ഫിഷർ ഇങ്ങനെ പറയുമ്പോൾ അയാൾക്ക് പ്രായം വെറും 19 വയസായിരുന്നു. അന്ന് അത് വിവാദം ആയെങ്കിലും പിൽക്കാലത്ത് അതിൽ സത്യമുണ്ടെന്ന് കരുതുന്നു.
1972ൽ ബോറിസ് സ്പാസ്കിക്കെതിരെ കളിച്ചപ്പോൾ റൂമിലുണ്ടായിരുന്ന ക്യാമറകൾ നീക്കം ചെയ്യാൻ ഫിഷർ പിടിവാശി കാണിച്ചു. തന്റെ ശ്രദ്ധ നഷ്ടപ്പെടുന്നുവെന്നായിരുന്നു ഫിഷറുടെ ആരോപണം. ആദ്യ രണ്ട് ഗെയിം സ്പാസ്കി ജയിച്ചപ്പോഴായിരുന്നു ഫിഷറുടെ വാദം. ഫിഷർ കളി തുടരില്ലെന്ന് ഉറപ്പായതോടെ അധികൃതർക്ക് വഴങ്ങേണ്ടിവന്നു. പിന്നാലെ തുടർച്ചായി ആറ് ഗെയിമുകൾ ഫിഷർ ജയിച്ചു. അന്ന് ചെസ്സ് ലോകചാമ്പ്യനായ ഫിഷർ പിന്നെ തുടർച്ചായി 20 വർഷം ഫിഷർ ചെസ്സ് കളിച്ചിട്ടില്ല. ഇക്കാലമത്രയും ഫിഷർ എവിടെയെന്ന് പോലും അറിവുണ്ടായിരുന്നില്ല.
1992ൽ വീണ്ടുമൊരു ഫിഷർ-സ്പാസ്കി പോരാട്ടം നടന്നു. ഫിഷർ ജയിച്ചുവെങ്കിലും അമേരിക്കൻ നിരോധനം മറികടന്ന് നടത്തിയ മത്സരം അയാളെ രാജ്യത്തിന്റെ ശത്രുവാക്കി. വീണ്ടും അജ്ഞാത വാസത്തിന്റെ നാളുകൾ. ഫിഷറെ അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 12 വർഷത്തിന് ശേഷം ടോക്കിയോയിൽ വെച്ച് ഫിഷർ അറസ്റ്റിലായി. എല്ലാ വിവാദങ്ങളും കെട്ടടങ്ങിയത് ഐസ്ലാന്ഡ് ഫിഷർക്ക് പൗരത്വം നൽകിയതോടെയാണ്. പിന്നെയും വിവാദങ്ങളിൽ നിറഞ്ഞെങ്കിലും 2008 ജനുവരി 17ന് ആ ഇതിഹാസം ലോകത്തോട് വിടപറഞ്ഞു. വര്ഷങ്ങള് പിന്നിടുമ്പോഴും അത്ഭുതകരമായിരുന്ന ആ ജീവിതത്തിന്റെ ഓര്മകള് അവസാനിക്കുന്നില്ല.