അവസാനം ഇല്ലാത്ത സാവി യുഗം; സ്പാനിഷ് ഇതിഹാസം ബാഴ്സ വിടുമോ ?

ഈ സീസണിൽ പ്രകടനം മികച്ചതാക്കിയില്ലെങ്കിൽ ബാഴ്സ വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാവി

dot image

ആഗസ്റ്റ് 18, 1998, സ്പാനിഷ് ഫുട്ബോള് ക്ലബ് എഫ് സി ബാഴ്സലോണയില് ഒരു പുതുമുഖ താരം അരങ്ങേറ്റം കുറിച്ചു. മത്സരത്തിന്റെ 15-ാം മിനിറ്റില് തന്നെ അയാള് ഗോളടിച്ചു. പിന്നീട് 17 വര്ഷം ബാഴ്സലോണയ്ക്ക് ഒപ്പം ഉണ്ടായിരുന്ന താരം. എട്ട് സ്പാനിഷ് ലീഗ് കിരീടങ്ങളും നാല് ചാമ്പ്യന്സ് ലീഗും ഉള്പ്പെടെ 32 കിരീടങ്ങള് നേടിയ ശേഷമാണ് അയാള് കളംവിട്ടത്.

മധ്യനിരയുടെ രാജാവായിരുന്നു അയാള്. അത്ര കൃത്യമായി പാസുകള് നല്കാന് ഒരു പക്ഷേ സാവിയെ കഴിഞ്ഞ് മറ്റൊരു താരമുണ്ടാകില്ല. ബ്രസീല് ഇതിഹാസം റൊണാള്ഡീഞ്ഞോ, പോര്ച്ചുഗീസ് താരം ഡെക്കോ തുടങ്ങിയവര് ബാഴ്സയുടെ ആദ്യ ലൈനപ്പില് സ്ഥാനം ഉറപ്പിച്ചിരുന്ന കാലത്താണ് സാവിയും തന്റെ കരിയര് മുന്നോട്ടുകൊണ്ടുപോയത്.

2008 മുതല് ബാഴ്സ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാല് സമ്പന്നമായിരുന്നു. ആന്ദ്രേസ് ഇനിയസ്റ്റ, സാവി ഹെര്ണാണ്ടസ്, ലയണല് മെസ്സി എന്നിവര് ഒന്നിച്ചതോടെ ഒരു പുതിയ ത്രയം രൂപപ്പെട്ടു. 2009ല് ആദ്യമായി ബാഴ്സ ട്രെബിള് നേട്ടം സ്വന്തമാക്കി. അതേ വര്ഷം സ്പാനിഷ് ക്ലബ് സ്വന്തമാക്കിയത് ആറ് കിരീടങ്ങളാണ്.

767 മത്സരങ്ങളില് ബാഴ്സ ജഴ്സിയണിഞ്ഞ സാവി 133 മത്സരങ്ങളില് ദേശീയ ടീമിനൊപ്പവും കളിച്ചു. 2006ലെ ലോകകപ്പില് പ്രീക്വാര്ട്ടറില് ഫ്രാന്സിനോട് തോറ്റ് പുറത്താകാനായിരുന്നു സ്പെയ്നിന്റെ വിധി. പിന്നാലെ സ്പാനിഷ് ടീമില് ചില അഴിച്ചുപണികള് നടന്നു. ആദ്യം ആന്ദ്രേസ് ഇനിയസ്റ്റയും സാവി ഹെര്ണാണ്ടസും ഒന്നിച്ചു. 2008ല് ഇകര് കസിയസിന്റെ കീഴില് സ്പെയിന് ടീം യൂറോ കപ്പ് നേടി.

തൊട്ടടുത്ത വര്ഷം സെര്ജിയോ ബുസ്കെറ്റസും സ്പാനിഷ് ടീമില് അരങ്ങേറ്റം കുറിച്ചു. പിന്നെ സാവി-ഇനിയസ്റ്റ- ബുസ്കെറ്റ്സ് കൂട്ടുകെട്ട് ഉണ്ടായി. പിന്നാലെ 2010ല് ലോകകപ്പും 2012ല് യൂറോ കപ്പും സ്പെയ്നിലേക്കെത്തി.

2015ല് ബാഴ്സലോണ വിട്ട ശേഷം ഖത്തര് ക്ലബ് അല് സദില് സാവി ചേര്ന്നു. 2019ല് പ്രൊഫഷണല് ഫുട്ബോള് മതിയാക്കി. പിന്നാലെ അല് സദില് സാവി പരിശീലകനായി. രണ്ട് വര്ഷത്തിന് ശേഷം അയാള് ബാഴ്സയില് തിരിച്ചെത്തി. ഇത്തവണ പരിശീലകന്റെ റോളിലാണ് സാവി എത്തിയത്. അയാള് കളിച്ചിരുന്ന കാലത്തെ പോലെ അല്ലായിരുന്നു ബാഴ്സയുടെ അന്നത്തെ അവസ്ഥ. ഏത് ടീമിനോടും തോല്ക്കുന്ന ദുര്ബലമായ ടീം. എന്നാല് പഴയ ഇതിഹാസത്തിന്റെ തിരിച്ചുവരവില് എതിരാളികള്ക്ക് വെല്ലുവിളി ഉയര്ത്തുന്ന ടീമായി കുറെയെങ്കിലും മാറാന് ബാഴ്സയ്ക്ക് കഴിഞ്ഞു.

ഈ സീസണിൽ പ്രകടനം മികച്ചതാക്കിയില്ലെങ്കിൽ ബാഴ്സ വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാവി. അങ്ങനെ വിട്ടുപോകാൻ കഴിയുന്നതാണോ സാവിയും ബാഴ്സയും തമ്മിലുള്ള ബന്ധം. അതായത് അയാള് പന്ത് തട്ടി തുടങ്ങിയ കാലം മുതല് സാവി യുഗമെന്ന് അറിയപ്പെടും. അത് ഒരിക്കലും അവസാനിക്കുകയും ഇല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us