ഇറ്റലിക്കാരനായ 22 വയസുകാരന് യാനിക് സിന്നര് ഓസ്ട്രേലിന് ഓപ്പണിന്റെ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. ലോക ഒന്നാം നമ്പര് താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് സിന്നറിന്റെ ഫൈനല് പ്രവേശനം. ഓസ്ട്രേലിയന് ഓപ്പണിലെ ആറ് വര്ഷത്തെ ജോക്കോവിച്ച് ആധിപത്യം അവസാനിപ്പിച്ച സിന്നര്ക്ക് മറ്റൊരു അവസരമാണ് മുന്നിലെത്തിയിരിക്കുന്നത്. ഓസ്ട്രേലിയന് ഓപ്പണ് നേടുന്ന പ്രായം കുറഞ്ഞ താരമാകാം. മെൽബണിൽ പുതുചരിത്രമെഴുതാൻ ഇറ്റാലിയൻ താരം തയ്യാറെടുക്കുകയാണ്.
ഒരുപക്ഷേ ഒരു സ്കീയിങ് താരമായി സിന്നറുടെ കരിയർ മുന്നോട്ടുപോകേണ്ടതായിരുന്നു. എന്നാൽ ചില തീരുമാനങ്ങൾ ടെന്നിസ് ലോകത്തിന് ഒരു പുതിയ താരത്തിനെക്കൂടി സമ്മാനിച്ചു. ചെറുപ്പത്തില് ടെന്നിസിനൊപ്പം ഫുട്ബോള്, സ്കീയിങ് എന്നിവയിലും സിന്നറിന് താല്പ്പര്യം ഉണ്ടായിരുന്നു. എന്നാല് 12-ാം വയസില് ടെന്നിസ് കരിയര് ആക്കാന് സിന്നര് തീരുമാനിച്ചു. സിന്നറുടെ ആരാധന ടെന്നിസ് താരത്തോടുമല്ല. ഒളിംപിക്സ് സ്കീയിങ് ചാമ്പ്യന് ബോഡ് മില്ലറുടെ ആരാധകനാണ് സിന്നര്. പക്ഷേ സ്കീയിങ്ങിൽ നിന്ന് ടെന്നിസിലേക്ക് മാറിയ സിന്നറുടെ തീരുമാനം അതിശയകരമാണ്.
ഏഴ് വയസ് വരെ സിന്നർ ആഴ്ചയിൽ രണ്ട് ദിവസം ടെന്നിസ് കളിക്കാനും രണ്ട് ദിവസം സ്കീയിങ്ങിനും സിന്നർ ചിലവഴിച്ചിരുന്നു. സ്കീയിങ്ങ് 90 സെക്കന്റില് അവസാനിക്കുന്ന ഒരു വിനോദമാണ്. അതിനുള്ളില് ഒരു കുന്നിന്റെ മുകളില് നിന്ന് നാം താഴെയെത്തും. ഒരു ചെറിയ തെറ്റ് പോലും സ്കീയിങ്ങില് തോല്വി വഴങ്ങാന് കാരണമാകും. എന്നാല് ടെന്നിസ് രണ്ട് മണിക്കൂര് കളിക്കാം. തെറ്റ് വന്നാലും അത് തിരുത്തി വീണ്ടും വിജയസാധ്യതയുള്ള വിനോദമാണ് ടെന്നിസ്. ഈ തിരിച്ചറിവാണ് സിന്നറെ സ്കീയിങ്ങില് നിന്ന് ടെന്നിസിലേക്ക് വഴിതിരിച്ചുവിട്ടത്.
Until seven years ago, Jannik Sinner spent two days a week skiing and two days a week playing tennis.
— Janniksin_Updates (@JannikSinner_Up) October 29, 2021
In September 2015 he moved to Bordighera and began his adventure with @RPiatti.
Today he is a Top 10 player#JanTheFox pic.twitter.com/TzGZDuWM3S
വ്യത്യസ്തമായ ആരാധക സംഘവും സിന്നറിന് സ്വന്തമായുണ്ട്. 2019ല് സിന്നറുടെ ഒരു മത്സരം കാണാന് 'കാരറ്റ്' നിറമുള്ള വസ്ത്രങ്ങള് ധരിച്ചാണ് ആരാധകര് എത്തിയത്. സിന്നറുടെ ചുവപ്പും ഓറഞ്ചും കലര്ന്ന മുടിയെ പ്രതിനിധീകരിച്ചാണ് ഇത്തരത്തില് ആരാധകര് എത്തിയത്. ഇറ്റാലിന് ഭാഷയില് 'കരോട്ട ബോയ്സ്' എന്നാണ് ഇവര് അറിയപ്പെടുന്നത്. തന്റെ ആരാധകര് തന്നെക്കാള് പ്രസിദ്ധരാണെന്നാണ് സിന്നര് ഇതിനോട് പ്രതികരിച്ചത്.
കഴിഞ്ഞ 20 മത്സരങ്ങളില് 19ലും സിന്നര് വിജയിച്ചു. ഡേവിസ് കപ്പില് ഇറ്റലിയെ ചാമ്പ്യന്മാരാക്കി. ഇന്നത്തെ ഫൈനലില് റഷ്യക്കാരനായ ഡാനിയേല് മെവ്ദേവ് ആണ് സിന്നറിന് എതിരാളി. ആര് വിജയിച്ചാലും ഓസ്ട്രേലിയന് ഓപ്പണില് പുതിയ ചാമ്പ്യന് ഉണ്ടാകും. 2006 മുതല് റോജര് ഫെഡറര്, റാഫേല് നദാല്, നൊവാക് ജോക്കോവിച്ച് എന്നിവരില് ഒരാളാകും ഓസ്ട്രേലിയന് ഓപ്പണിന്റെ ചാമ്പ്യന്. 2014ല് സ്റ്റാന് വാവ്റിങ്ക ചാമ്പ്യനായത് മാത്രമാണ് ഇതിനൊരു അപവാദം. എങ്കിലും 2006ന് ശേഷം ഇതാദ്യമായാണ് ഫെഡറര്-നദാല്-ജോക്കോ എന്നിവര് ഇല്ലാതെ ഒരു ഓസ്ട്രേലിയന് ഓപ്പണ് ഫൈനല് നടക്കുന്നത്.