ഫോണും ഇന്റർനെറ്റും ഇല്ല, ക്രിക്കറ്റ് കളിച്ചുള്ള പരിചയവും കുറവ്, പക്ഷേ ഓസീസിനെതിരെ ഷമർ വിൻഡീസ് ഹീറോ

കായികമേഖലയില് മുന്നേറാന് ഒടുവില് അയാള് ആ ധീരമായ തീരുമാനം എടുത്തു.

dot image

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില് വെസ്റ്റ് ഇന്ഡീസ് വിജയം ആഘോഷിക്കുന്നത് ഏറെക്കുറെ ഷമര് ജോസഫിന്റെ ഒറ്റയാള് പോരാട്ടം കൊണ്ടാണ്. അരങ്ങേറ്റ ടെസ്റ്റില് അഞ്ച് വിക്കറ്റ് നേട്ടവുമായി വരവറിയിച്ച താരം. ബാറ്റുകൊണ്ടും നിര്ണായക സംഭാവനകള് നല്കി. ഗാബയില് രണ്ടാം ടെസ്റ്റില് പേരുകേട്ട ഓസീസ് നിരയുടെ നടുവൊടിച്ചു. ഷമറിന്റെ ഏഴ് വിക്കറ്റ് നേട്ടം ഗാബയില് വെസ്റ്റ് ഇന്ഡീസിന് ആവേശ വിജയം നേടിക്കൊടുത്തു.

കരീബിയന് ദ്വീപിലെ ബരാകര എന്ന ഗ്രാമത്തില് നിന്നാണ് ഷമര് ജോസഫിന്റെ വരവ്. 2023 വരെ ആഭ്യന്തര ക്രിക്കറ്റില് പോലും ഈ വിന്ഡീസ് പേസര് സജീവമല്ലായിരുന്നുവെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഭാഗമായിരുന്നു അയാള്. കാഞ്ചെ നദിയിലൂടെ രണ്ട് ദിവസത്തെ ബോട്ട് യാത്രയ്ക്കൊടുവിലാണ് ഷമര് ക്രിക്കറ്റ് കളിക്കാനെത്തുന്നത്.

ദാരിദ്രത്തോട് പോരാടിയാണ് ഷമര് ക്രിക്കറ്റ് താരമാകുന്നത്. 2018 വരെ ടെലിഫോണ്, ഇന്റര്നെറ്റ് സേവനങ്ങള് അയാള് അറിഞ്ഞിരുന്നുപോലുമില്ല. ടെലിവിഷന് ആ ഗ്രാമത്തില് അപൂര്വ്വമായിരുന്നു. കര്ട്ട്ലി ആംബ്രോസും കോട്നി വാല്ഷും തുടങ്ങിയ വിന്ഡീസ് ഇതിഹാസങ്ങളുടെ ക്രിക്കറ്റ് മത്സരങ്ങള് ഹൈലൈറ്റ്സ് മാത്രമായാണ് ഷമര് ആസ്വദിച്ചത്. അതാണ് ഷമറെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടതും.

ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് കുടുംബത്തെ പോറ്റാന് ഷമര് ഒരു സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കായികമേഖലയില് മുന്നേറാന് ഒടുവില് അയാള് ആ ധീരമായ തീരുമാനം എടുത്തു. ജോലി ഉപേക്ഷിക്കുക, മുഴുവന് സമയവും കായിക താരമാകുക.

അഡ്ലൈഡില് ആദ്യ ടെസ്റ്റില് വിന്ഡീസ് നിര പതിവുപോലെ തകര്ന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്സില് സ്കോര് ഒമ്പതിന് 133ലെത്തി. ഷമര് നേടിയ 36 റണ്സിന്റെ ബലത്തില് വിന്ഡീസ് സ്കോര് 188 ആയി. ബൗളിംഗിനെത്തിയപ്പോള് വീണ്ടും ഞെട്ടിച്ചു. എറിഞ്ഞ ആദ്യ പന്തില് തന്നെ വിക്കറ്റെടുത്തു. വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റ് 85 വര്ഷത്തിന് ശേഷമാണ് ഒരു താരം കരിയറിലെ ആദ്യ പന്തില് വിക്കറ്റെടുക്കുന്നത്. കരിയറിലെ ആദ്യ ടെസ്റ്റില് തന്നെ ഷമര് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. പക്ഷേ വിന്ഡീസ് കനത്ത പരാജയം നേരിട്ടു.

ഗാബയിലെ രണ്ടാം ടെസ്റ്റില് വിന്ഡീസ് ജയിക്കുമെന്ന് ക്രിക്കറ്റ് ലോകത്ത് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. ആദ്യ സെഷനില് അഞ്ചിന് 64 എന്ന് തകര്ന്നു. 311 എന്ന സ്കോറിലെത്തിയപ്പോള് വീണ്ടും പ്രതീക്ഷ. ഓസ്ട്രേലിയ തകര്ന്നപ്പോള് പാറ്റ് കമ്മിന്സ് രക്ഷകനായി. ആദ്യ ഇന്നിംഗ്സില് ഓസ്ട്രേലിയ ഒമ്പതിന് 289ലെത്തി. ലീഡ് നേടും മുമ്പ് ഡിക്ലയര് ചെയ്ത് ഓസ്ട്രേലിയ ഞെട്ടിച്ചു. രണ്ടാം ഇന്നിംഗ്സില് വിന്ഡീസിന് സ്കോര് ചെയ്യാനായത് വെറും 193 റണ്സ് മാത്രം.

216 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വെച്ച ഓസീസ് ഭയന്നിരുന്നില്ല. കാമറൂണ് ഗ്രീനും സ്റ്റീവ് സ്മിത്തും നന്നായി കളിച്ചു. പക്ഷേ ഓരോത്തരായി ഡഗ് ഔട്ടില് തിരികെയെത്തി. എട്ടാമനായി പാറ്റ് കമ്മിന്സ് വീണപ്പോള് വിന്ഡീസ് ജയം മണത്തു. ഓപ്പണറായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ നിസഹായനാക്കി നിര്ത്തി ഓസ്ട്രേലിയയുടെ പത്ത് വിക്കറ്റും വീണു. മണിക്കൂറില് 140ല് അധികം വേഗം വരുന്ന പേസ് ആക്രമണവുമായി ഓസീസിനെ തകര്ത്തതാണ് ഷമര് ജോസഫ് എന്ന 24 കാരന് താരം. 27 വര്ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം വിന്ഡീസ് ഓസ്ട്രേലിയയില് ടെസ്റ്റ് മത്സരം വിജയിച്ചു.

ഏകദിന ലോകകപ്പില് യോഗ്യത പോലും ലഭിക്കാത്ത ടീമാണ് വെസ്റ്റ് ഇന്ഡീസ്. ഒരുകാലത്ത് ലോകക്രിക്കറ്റിന്റെ രാജാക്കന്മാരായിരുന്നവര് ഇന്ന് ദുരന്തത്തിന്റെ നടുക്കടലിലാണ്. പക്ഷേ ഈ വിജയം സന്തോഷം നല്കുന്നതാണ്. വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റിന് മാത്രമല്ല. കരീബിയന് കരുത്തിന്റെ പ്രതാപം അറിയാവുന്ന ഏതൊരു ക്രിക്കറ്റ് ആരാധകനും ഈ ജയം ആവേശം പകരുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us