പടിക്കൽ പടികയറുമ്പോൾ; ഇന്ത്യൻ ടീമിലേക്ക് ദേവ്ദത്ത് പടിക്കലിന്റെ തിരിച്ചുവരവ്

കര്ണാടകയില് നിന്നാണ് വന്നതെങ്കിലും അയാള് ഒരു മലയാളിയാണ്.

dot image

ഇന്ത്യന് പ്രീമിയര് ലീഗ് ക്രിക്കറ്റിന്റെ 13-ാം പതിപ്പ് നടക്കുന്ന സമയം. അന്ന് ബാറ്റിംഗിലും ബൗളിംഗിലും ഏറെ കരുത്തരായിരുന്നു സണ്റൈസേഴ്സ് ഹൈദരാബാദ്. ദുബായി വേദിയായ മൂന്നാം മത്സരത്തില് ഹൈദരാബാദിന് എതിരാളികള് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. വിജയത്തോടെ സീസണ് ആരംഭിക്കാന് ഹൈദരാബാദ് കളത്തിലിറങ്ങി. പക്ഷേ കണക്കുകൂട്ടലുകള് തെറ്റിച്ചത് ബെംഗളൂരുവിന്റെ ഓപ്പണിംഗ് ബാറ്ററാണ്. 81 റണ്സെടുത്ത ദേവ്ദത്ത് പടിക്കല് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. 10 റണ്സിന്റെ വിജയം ബെംഗളൂരു സ്വന്തമാക്കി.

ഭുവന്വേശര് കുമാര്, സന്ദീപ് ശര്മ്മ, ടി നടരാജന്, റാഷീദ് ഖാന് എന്നിവരെ പടിക്കല് അനായാസം നേരിട്ടു. ബെംഗളൂരു ഓപ്പണറുടെ ബാറ്റിംഗ് വിസ്ഫോടനം കണ്ട ഡേവിഡ് വാര്ണര് അന്തിച്ചുനിന്നുപോയി. എത്ര വലിയ ബൗളര് വന്നാലും പടിക്കലിന് ഭയമേയില്ല. കൂളായി ഏത് പന്തും അടിച്ചകറ്റും. കളിച്ച് കളിച്ച് അയാള് ഇന്ന് ഇന്ത്യന് ടീമിന്റെ ഭാഗമാകാനൊരുങ്ങുകയാണ്.

കര്ണാടകയില് നിന്നാണ് വന്നതെങ്കിലും അയാള് ഒരു മലയാളിയാണ്. മലപ്പുറം ജില്ലയിലെ എടപ്പാള് സ്വദേശി. നാലാം വയസ് വരെ കേരളത്തിലായിരുന്നു താമസം. പിതാവിന്റെ ജോലി ഹൈദരാബാദിലെത്തിച്ചു. മകന്റെ ക്രിക്കറ്റ് മോഹങ്ങള് കുടുംബത്തെ ബെംഗളൂരുവിലേക്ക് കുടിയേറ്റി.

11-ാം വയസില് ബെംഗളുരുവില് ക്രിക്കറ്റ് പരിശീലനം തുടങ്ങി. ഒരു താരമായി ഉയരാന് പടിക്കലിന് ഏറെ ആഗ്രഹമുണ്ടായിരുന്നു. കഠിനാദ്ധ്വാനം കൈമുതലാക്കി അയാള് മുന്നോട്ടുപോയി. ഐപിഎല് അരങ്ങേറ്റത്തില് അര്ദ്ധ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മുമ്പ് ക്രിസ് ഗെയില്, എ ബി ഡിവില്ലിയേഴ്സ്, യുവരാജ് സിംഗ് എന്നിങ്ങനെയുള്ള ഇതിഹാസങ്ങള് മാത്രമാണ് റോയില് ചലഞ്ചേഴ്സിനായി ആദ്യ മത്സരത്തില് തന്നെ 50 റണ്സിലധികം സ്കോര് നേടിയത്. ആഭ്യന്തര ക്രിക്കറ്റിലും അര്ദ്ധ സെഞ്ച്വറിയോടെയാണ് പടിക്കല് അരങ്ങേറ്റം കുറിച്ചത്. അതിന് ടെസ്റ്റ്, എകദിന, ട്വന്റി വ്യത്യാസമുണ്ടായില്ല. ഇന്ത്യയുടെ ക്ലൈവ് ലോയിഡായി മലയാളിപയ്യന് മാറുമെന്ന് ക്രിക്കറ്റ് നിരീക്ഷകര് വിലയിരുത്തി. സീസണില് 463 റണ്സ് അടിച്ച പടിക്കല് ഐപിഎല്ലിലെ എമേര്ജിംഗ് താരമായി മാറി.

2021ല് വീണ്ടും മികച്ച പ്രകടനം തുടര്ന്നു. ഒരു സെഞ്ച്വറിയടക്കം 400ലധികം റണ്സ് പടിക്കല് അടിച്ചുകൂട്ടി. ഇതോടെ ഇന്ത്യന് ടീമില് നിന്ന് കര്ണാടക താരത്തെ തേടി വിളി വന്നു. ഇന്ത്യന് ജഴ്സിയില് രണ്ട് ട്വന്റി 20 മത്സരങ്ങള് പടിക്കല് കളിച്ചിട്ടുണ്ട്. പക്ഷേ 38 റണ്സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 2022ല് പടിക്കല് സഞ്ജു സാംസണിനൊപ്പം രാജസ്ഥാന് റോയല്സിലെത്തി. എന്നാല് സീസണില് പടിക്കിലിന്റെ പ്രകടനം മോശമായി. അടുത്ത സീസണിലും അവസരം നല്കിയെങ്കിലും താരം ഫോമിലേക്ക് ഉയര്ന്നില്ല. ഇതോടെ 2024ലെ ഐപിഎല്ലിന് മുമ്പായി പടിക്കലിനെ റോയല്സ് കൈവിട്ടു. ലഖ്നൗ സൂപ്പര് ജയന്റ്സിലേക്കാണ് ഇടംകൈയ്യന് ബാറ്ററെ രാജസ്ഥാന് വിട്ടുകൊടുത്തത്.

പ്രതിസന്ധിയില് തളരാതെ നിന്ന പടിക്കല് കഠിനാദ്ധ്വാനം ചെയ്തു. ഇത്തവണത്തെ ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില് തകര്പ്പന് പ്രകടനമാണ് പടിക്കല് പുറത്തെടുക്കുന്നത്. രഞ്ജി ട്രോഫിയില് മൂന്ന് സെഞ്ച്വറികള് ഇതുവരെ നേടിക്കഴിഞ്ഞു. ഒപ്പം ഇംഗ്ലണ്ട് ലയണ്സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടിയും പടിക്കില് സെഞ്ച്വറി നേട്ടം സ്വന്തമാക്കി.

പടിക്കലിന്റെ പ്രകടനം കണ്ടറിഞ്ഞ ഇന്ത്യന് ക്രിക്കറ്റ് ടീം സെലക്ടര് അജിത് അഗാര്ക്കര് ആ തീരുമാനം എടുത്തു. കെ എല് രാഹുലെന്ന കര്ണാടകക്കാരന് ദേവ്ദത്ത് പടിക്കല് പകരക്കാരനാകും. 23കാരനായ താരത്തിന് കരിയര് ഏറെ ബാക്കിയുണ്ട്. ഇന്ത്യന് കുപ്പായത്തില് അയാള് ഏറെ മുന്നോട്ടുപോകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us