ഇരട്ട ദുരന്തങ്ങളെ അതിജീവിച്ച ആകാശ് ദീപ്; ഇന്ന് ഇന്ത്യന് ടീമില്

ക്രിക്കറ്റ് കളിക്കുന്ന ആകാശിനൊപ്പം ചേര്ന്നാല് മക്കള് നശിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ ചിന്ത.

dot image

ഇന്ത്യന് ടീമിന് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് ഏതൊരു ഇന്ത്യയ്ക്കാരന്റെയും സ്വപ്നമാണ്. അത്തരത്തില് ഒരാഗ്രഹമുണ്ടായിരുന്ന ആയിരക്കണക്കിന് യുവാക്കളില് ഒരാളായിരുന്നു ബിഹാറുകാരന് ആകാശ് ദീപ്. ആ ആകാശ് ഇപ്പോള് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിലുണ്ട്. അപ്രതീക്ഷിതമായാണ് ആകാശ് ടീമില് ഇടം പിടിച്ചത്. ബംഗാള് താരം മുകേഷ് കുമാര് ഒഴിവാക്കപ്പെട്ടപ്പോള് അതേ ടീമില് നിന്നും ആകാശ് ദീപിന് അവസരമൊരുങ്ങി. നാലാം ടെസ്റ്റില് ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി കളിക്കളത്തിലിറങ്ങി. വിധിയുടെ വിളയാട്ടത്തില് പലതവണ അവസാനിക്കേണ്ട ക്രിക്കറ്റ് ജീവിതമായിരുന്നു ആകാശിന്റേത്. എന്നാല് അതെല്ലാം മറികടന്ന ആകാശ് റാഞ്ചിയില് ഇംഗ്ലീഷ് നിരയ്ക്ക് വെല്ലുവളി ഉയര്ത്തി.

1996 ഡിസംബര് 15ന് ബിഹാറിലാണ് ആകാശ് ദീപിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ ക്രിക്കറ്റുമായി ഇഷ്ടം കൂടി. പക്ഷേ ആകാശിന്റെ പിതാവിന് മകന് ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടമല്ലായിരുന്നു. പഠനത്തില് ശ്രദ്ധിക്കാനും സര്ക്കാര് ജോലി നേടാനും പിതാവ് മകനെ ഉപദേശിച്ചു. ആകാശിനൊപ്പം കൂട്ടുകൂടരുതെന്ന് മാതാപിതാക്കള് കുട്ടികളോട് പറഞ്ഞിരുന്ന കാലഘട്ടവുമായിരുന്നു അത്. ക്രിക്കറ്റ് കളിക്കുന്ന ആകാശിനൊപ്പം ചേര്ന്നാല് മക്കള് നശിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ ചിന്ത.

2000ത്തില് ബിഹാറില് നിന്നും ജാര്ഖണ്ഡ് എന്ന പുതിയ സംസ്ഥാനം രൂപീകൃതമായി. പിന്നാലെ നിലവില് വന്ന ജാര്ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അംഗീകാരം നല്കി. എന്നാല് ബിഹാര് ക്രിക്കറ്റിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ലാലു പ്രസാദ് യാദവിന് ബിസിസിഐ അംഗീകാരം നേടിയെടുക്കാന് കഴിഞ്ഞില്ല. ഇതോടെ ആകാശ് ദീപിനെപ്പോലുള്ള താരങ്ങള്ക്ക് ക്രിക്കറ്റില് വളരാനുള്ള സാധ്യതകള് അടഞ്ഞു. ബിഹാറില് കുട്ടികള് ക്രിക്കറ്റ് കളിക്കുന്നത് മാതാപിതാക്കള്ക്ക് കുറ്റകരവുമായി.

ക്രിക്കറ്റ് അല്ലാതെ മറ്റൊന്നും തനിക്ക് സന്തോഷം നല്കില്ലെന്ന് ആകാശ് ദീപ് മനസിലാക്കി. ഇതോടെ ബംഗാളിലുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്ക് പോകാന് ആകാശ് തീരുമാനിച്ചു. അങ്ങനെ 2010ല് 14 വയസുള്ളപ്പോള് താരം ബംഗാളിലെത്തി. ആകാശിന്റെ ഇഷ്ടത്തിന് അമ്മാവന് പിന്തുണ നല്കി. നല്ല ഉയരം ഉണ്ടായിരുന്നതിനാല് അയാള് ഫാസ്റ്റ് ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാല് താരത്തെ തേടി തിരിച്ചടികള് വന്നുകൊണ്ടേയിരുന്നു.

അദ്ധ്യാപകനായ ആകാശിന്റെ പിതാവ് രാംജി സിംഗ് ജോലിയില് നിന്നും വിരമിച്ചു. പിന്നാലെ കടുത്ത വാതരോഗം പിടിപെട്ടു. രണ്ടോ മൂന്നോ മാസം കൂടുമ്പോള് പിതാവിന് ആശുപത്രിയില് പ്രവേശിക്കേണ്ടതായി വന്നു. ബിഹാറിലെ ദെഹ്രിയിലെ ഒരു ഉള്ഗ്രാമത്തിലാണ് ആകാശിന്റെ വീട്. അവിടെ നിന്നും 150 കിലോ മീറ്റര് ദൂരെയുള്ള ആശുപത്രിയിലായിരുന്നു പിതാവിന് ചികിത്സ. അഞ്ച് വര്ഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവില് പിതാവ് മരണപ്പെട്ടു. ആറ് മാസത്തിനുള്ളില് മൂത്ത സഹോദരനെയും ആകാശിന് നഷ്ടമായി. അന്ന് 19 വയസ് മാത്രമായിരുന്നു ആകാശിന് പ്രായം. ഇതോടെ ഡല്ഹിയില് സഹോദരിക്കൊപ്പം ആകാശ് താമസമാക്കി. കുടുംബത്തിന്റെ ഉത്തരവാദിത്തം തോളിലേറ്റിയ ആകാശ് അന്നാദ്യമായി ക്രിക്കറ്റ് മതിയാക്കാന് തീരുമാനിച്ചു. എന്നാല് ആകാശിന് ഉണ്ടാക്കിയ നഷ്ടങ്ങള്ക്ക് കാലം തന്നെ പരിഹാരം ചെയ്തു. രണ്ട് മാസത്തിനുള്ളില് സുഹൃത്തിന്റെ ക്ഷണത്തില് കൊല്ക്കത്തയിലേക്ക്. അവിടെ പ്രാദേശിക ക്ലബിനായി ക്രിക്കറ്റ് കളിച്ചു തുടങ്ങി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വരുമാനവും അവിടെ ആകാശിന് ലഭിച്ച് തുടങ്ങി.

2019ല് ആകാശ് ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ചു. ബംഗാള് പേസറായി നടത്തിയ മികച്ച പ്രകടനം ഇന്ത്യന് പ്രീമിയര് ലീഗില് റോയല് ചലഞ്ചേഴ്സ് ടീമിലെത്തിച്ചു. അതിനിടെ കൊവിഡ് മഹാമാരിയുടെ രണ്ടാം വരവ് മാതാവിന്റെ ജീവന് അപകടത്തിലാക്കി. എങ്കിലും ഇത്തവണ വിധിയുടെ പരീക്ഷണത്തെ ആകാശ് അതിജീവിച്ചു. 2022ലെ ഏഷ്യന് ഗെയിംസില് ഇന്ത്യന് ടീമിനായും ആകാശ് ദീപ് കളിച്ചു. ഇന്ന് ബംഗാളുകാരനായ മുഹമ്മദ് ഷമിക്കും മുകേഷ് കുമാറിനും പിന്ഗാമിയായി ആകാശ് ഇന്ത്യന് ടെസ്റ്റ് ടീമിലും എത്തിയിരിക്കുകയാണ്. കാലം പകര്ന്ന കരുത്ത് ഇനി കളിക്കളത്തില് കാണാം.

dot image
To advertise here,contact us
dot image